Cardamom Live
Login
കൊക്കോ കർഷകർക്ക് പുത്തൻ പ്രതീക്ഷ; പാമ്പാടുംപാറയിൽ 'പോളിക്ലോണൽ കൊക്കോ ഗാർഡൻ' ഒരുങ്ങി
Back to News
Info 15 Sep 2026, 02:37 PM

കൊക്കോ കർഷകർക്ക് പുത്തൻ പ്രതീക്ഷ; പാമ്പാടുംപാറയിൽ 'പോളിക്ലോണൽ കൊക്കോ ഗാർഡൻ' ഒരുങ്ങി

കൊക്കോ കൃഷി മേഖലയ്ക്ക് പുതിയ ഉണർവേകി പാമ്പാടുംപാറ കാർഡമം റിസർച്ച് സ്റ്റേഷനിൽ 'പോളിക്ലോണൽ കൊക്കോ ഗാർഡൻ' സജ്ജമായി. കൊക്കോയുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷിയുള്ള മികച്ച ഇനങ്ങളുടെ ലഭ്യത കർഷകർക്ക് ഉറപ്പാക്കുന്നതിനുമുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാർഡമം റിസർച്ച് സെന്ററിൽ പരിപാലനമില്ലാതെ കിടന്ന അഞ്ചേക്കർ സ്ഥലം വെട്ടിത്തെളിച്ചാണ് പുതിയ ഗാർഡൻ ഒരുക്കിയിരിക്കുന്നത്.

മോണ്ടലീസ് ഫുഡ്‌സ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ തൃശൂരിലെ കേരള കാർഷിക സർവകലാശാലയുടെ കൊക്കോ റിസർച്ച് സെന്ററാണ് ഈ ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സിസിആർപി (CCRP) 1 മുതൽ 21 വരെയുള്ള മികച്ച കൊക്കോ ഇനങ്ങളാണ് ഗാർഡനിൽ നട്ടുവളർത്തുന്നത്.

നിലവിൽ രാജ്യത്ത് കർഷകർക്ക് ലഭ്യമാകുന്ന കൊക്കോ നടീൽ വസ്തുക്കളിൽ 20 ശതമാനം മാത്രമാണ് മികച്ച ഇനത്തിൽപ്പെട്ടവ. ഈ പോരായ്മ പരിഹരിച്ച് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ വ്യാപകമായി ലഭ്യമാക്കുന്നതിനാണ് പോളിക്ലോണൽ ഗാർഡനുകൾ സ്ഥാപിക്കുന്നത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വിത്തിൽ നിന്നുള്ള മികച്ച ഹൈബ്രിഡ് തൈകൾ മോണ്ടലീസ് ഫുഡ്‌സ് വഴി രാജ്യവ്യാപകമായി കർഷകരിലേക്ക് എത്തിക്കും.
Published 1 month ago