Cardamom Live
Login
Pineapple Prices: വേനലിലും വില ഇടിഞ്ഞ് പൈനാപ്പിൾ; കർഷകർ പ്രതിസന്ധിയിൽ | cardamom price | cardamom buy
Back to News
Info 05 Apr 2026, 02:28 PM

Pineapple Prices: വേനലിലും വില ഇടിഞ്ഞ് പൈനാപ്പിൾ; കർഷകർ പ്രതിസന്ധിയിൽ | cardamom price | cardamom buy

രൂക്ഷമായ വേനലിലും പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൈനാപ്പിൾ വിപണി താഴ്ച്ചയിലായത്. ഉത്പാദന ചെലവ് ഏകദേശം 50 ശതമാനം വരെ ഉയർന്നിട്ടും, വില ഇടിവ് കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുകയാണ്.

കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൈനാപ്പിൾ വില പകുതിയോളം കുറഞ്ഞു. 2024ൽ കിലോയ്ക്ക് 50 രൂപ ലഭിച്ചിരുന്ന സ്പെഷ്യൽ ഗ്രേഡ് പൈനാപ്പിളിന് ഇപ്പോൾ 34 രൂപ മാത്രമാണ് ലഭിക്കുന്നത്. പഴുത്ത പൈനാപ്പിളിൻ്റെ വില 53 രൂപയിൽ നിന്ന് 33 രൂപയിലേക്കും, പച്ച പൈനാപ്പിൾ കിലോയ്ക്ക് 32 രൂപയിലേക്കും താഴ്ന്നു.

കനത്ത വേനൽചൂട് മൂലം പൈനാപ്പിൾ പാകമാകാൻ സാധാരണയെക്കാൾ ഏകദേശം 20 ദിവസം അധികം എടുത്തു. ഇതോടെ റമസാൻ വിപണി ലക്ഷ്യമിട്ടിരുന്ന വിളവെടുപ്പ് വൈകി. പിന്നീട് ഒരേസമയം വലിയ തോതിൽ വിളവെടുപ്പ് നടന്നത് വിപണിയിൽ ലഭ്യത വർധിക്കാൻ കാരണമായി.

റമസാനും ഹോളിയും ഒരേസമയം വന്നതിനെ തുടർന്ന് ഉത്തരേന്ത്യയിലേക്കുള്ള ഗതാഗത സംവിധാനങ്ങളും ബാധിച്ചു. ലോറി ഡ്രൈവർമാർ അവധിയിൽ പ്രവേശിച്ചതോടെ ലോറി ക്ഷാമം അനുഭവപ്പെട്ടതും, കയറ്റുമതി മന്ദഗതിയിലായത് വില ഇടിവിന് കാരണമായി.

വിളവെടുപ്പ് വൈകിയതിനാൽ പഴുത്ത പൈനാപ്പിളുകൾ ഒരേസമയം വിപണിയിലെത്തിയത് വില കൂടുതൽ താഴാൻ ഇടയായി. ആവശ്യത്തിന് ഡിമാൻഡ് ഇല്ലാത്തതും കർഷകർക്ക് തിരിച്ചടിയായി.

ഇതിനിടെ, വളം, കൂലി, മറ്റ് കൃഷി ചെലവുകൾ എന്നിവയിൽ വലിയ വർധന ഉണ്ടായിട്ടും ഉത്പ്പന്നത്തിന് ലഭിക്കുന്ന വില കുറയുന്നത് കർഷകരെ കടബാധ്യതയിലേക്ക് നയിക്കുന്നു.

അതേസമയം, സ്കൂ‌ൾ അവധിയോടെ ജ്യൂസ് കടകളിൽ ആവശ്യകത ഉയരുമെന്നും, ഈസ്റ്റർ, വിഷു ആഘോഷങ്ങൾ അടുത്തെത്തുന്നതോടെ വിപണിയിൽ ചെറിയ മുന്നേറ്റം ഉണ്ടാകുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.
Published 1 day ago