Info
05 Apr 2026, 07:02 PM
കപ്പിലെ ചൂടാറി; ഇന്ത്യയിൽ തേയില ഉത്പാദനം കൂപ്പുകുത്തി, വില കൂടുമോ?
കഠിനമായ കാലാവസ്ഥയും വടക്കേ ഇന്ത്യയിലെ തോട്ടങ്ങളുടെ ശൈത്യകാല അവധിയും ഇത്തവണ ഇന്ത്യൻ തേയില വിപണിയെ വല്ലാതെ തളർത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ തേയില ഉത്പാദനം മൂന്നിലൊന്നിലധികം ഇടിഞ്ഞ് 16.65 ദശലക്ഷം കിലോഗ്രാമിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25.4 ദശലക്ഷം കിലോഗ്രാം ആയിരുന്നു. തേയില ബോർഡ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഏകദേശം 34.45 ശതമാനത്തിന്റെ ഗണ്യമായ കുറവാണ് ഉത്പാദനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കേ ഇന്ത്യയിലെ തോട്ടങ്ങൾ ഡിസംബർ മുതൽ ഫെബ്രുവരി വരെ ശൈത്യകാല അവധിയിലായതാണ് ഉത്പാദനത്തെ പ്രധാനമായും ബാധിച്ചത്. അസമിൽ ഉത്പാദനം 65 ശതമാനം കുറഞ്ഞ് വെറും 0.41 ദശലക്ഷം കിലോഗ്രാമായി ഒതുങ്ങി. പശ്ചിമ ബംഗാളിലും സ്ഥിതി വ്യത്യസ്‌തമല്ല; അവിടെ ഉത്പാദനത്തിൽ 61.30 ശതമാനത്തിൻ്റെ ഇടിവാണുണ്ടായത്. വടക്കേ ഇന്ത്യയിലാകെ ഉത്പാദനം കഴിഞ്ഞ വർഷത്തെ 10.78 ദശലക്ഷം കിലോഗ്രാമിൽ നിന്നും ഇത്തവണ 4.11 ദശലക്ഷം കിലോഗ്രാമിലേക്ക് കൂപ്പുകുത്തി.
തമിഴ്നാട്ടിലും ഉത്പാദനം കുത്തനെ ഇടിഞ്ഞു
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്പാദന മാന്ദ്യം പ്രകടമാണ്. തമിഴ്‌നാട്ടിൽ 18.14 ശതമാനവും കർണാടകയിൽ 13.79 ശതമാനവും കുറവ് രേഖപ്പെടുത്തി. താരതമ്യേന കേരളത്തിലാണ് ഏറ്റവും കുറഞ്ഞ ഇടിവ് (4.23 ശതമാനം) ഉണ്ടായത്. കേരളത്തിൽ ഇത്തവണ 3.85 ദശലക്ഷം കിലോഗ്രാം തേയിലയാണ് ഉത്പാദിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ മൊത്തം ഉത്പാദനം കഴിഞ്ഞ വർഷത്തെ 14.62 ദശലക്ഷത്തിൽ നിന്നും 12.54 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു.
വിപണിയിലെ തേയിലയുടെ ഇനം തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ സി.ടി.സി. വിഭാഗത്തിൽപ്പെട്ട ചായപ്പൊടിയാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ചത്, 13.65 ദശലക്ഷം കിലോഗ്രാം. അതേസമയം, ഉയർന്ന നിലവാരമുള്ള ഓർത്തഡോക്‌സ് തേയില 2.50 ദശലക്ഷം കിലോഗ്രാമും, ആരോഗ്യപ്രേമികളുടെ പ്രിയപ്പെട്ട ഗ്രീൻ ടീ 0.50 ദശലക്ഷം കിലോഗ്രാമും മാത്രമാണ് ഈ മാസം ഉത്പാദിപ്പിക്കാൻ സാധിച്ചത്. കാലാവസ്ഥാ വ്യതിയാനം വരും മാസങ്ങളിൽ വിപണിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ പ്ലാന്റേഷൻ മേഖല.
Published 1 day ago