Cardamom Live
Login
അടയ്ക്കയ്ക്ക് നല്ല കാലം; പുതിയ അടയ്ക്കയ്ക്ക് 500 രൂപ; പഴയതിനും വില കൂടി: റെക്കോർഡ്!
Back to News
Info 06 Apr 2026, 09:34 AM

അടയ്ക്കയ്ക്ക് നല്ല കാലം; പുതിയ അടയ്ക്കയ്ക്ക് 500 രൂപ; പഴയതിനും വില കൂടി: റെക്കോർഡ്!

ഇലപ്പുള്ളി രോഗത്തിൽ പ്രതിസന്ധിയിലായ അടയ്ക്കാ കർഷകർക്കു വിഷു-ഈസ്‌റ്റർ സമ്മാനമായി പുതിയ അടയ്ക്കയുടെ വില ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് 500 രൂപയിലെത്തി. ഇതിന് ആനുപാതികമായി തിരിവ് അടയ്ക്കയ്ക്കും വില കൂടി. അതേസമയം, ഇലപ്പുള്ളി, മഹാളി തുടങ്ങിയ രോഗങ്ങൾ മൂലം ഉൽപാദനം കുറയുന്നതിനാൽ, കർഷകർക്കു പൂർണ പ്രയോജനം ലഭിച്ചേക്കില്ല.

കഴിഞ്ഞ മാസം ആദ്യം പുതിയ അടയ്ക്കയുടെ വില 490 രൂപയായിരുന്നു. പിന്നീട് 30 രൂപ കുറഞ്ഞു. അവിടെനിന്ന് ഘട്ടംഘട്ടമായി കൂടിയാണ് 500 രൂപയിലെത്തിയത്. മംഗളൂരു ആസ്‌ഥാനമായുള്ള അടയ്ക്ക കർഷകരുടെ സഹകരണ സ്ഥാപനമായ കാംപ്കോ വില വർധിപ്പിച്ചതിനു പിന്നാലെയാണു പൊതുവിപണിയിലും വില ഉയർന്നത്.

ഇതോടൊപ്പം പഴയ അടയ്ക്കയുടെ വില 545ൽ നിന്ന് 555 രൂപയായും വർധിച്ചു. അൽപം ഗുണനിലവാരം കുറഞ്ഞ പട്ടോറയ്ക്കു 410 രൂപയും കോക്ക പട്ടോറയ്ക്ക് 345 രൂപയും കരിങ്കോട്ടിന് 265 രൂപയുമായി. മാസങ്ങൾക്കു മുൻപു വരെ കരിങ്കോട്ടിനു കിലോയ്ക്ക് 110 രൂപ മാത്രമായിരുന്നു.

ഉൽപാദനം കുറഞ്ഞതാണു വില ഉയരാനുള്ള കാരണമെന്നാണ് കാംപ്കോ അധികൃതർ പറയുന്നത്. 30-40% വരെ ഉൽപാദനക്കുറവാണുള്ളത്.

തിരഞ്ഞെടുപ്പ് കാരണം അതിർത്തിയിൽ പരിശോധന ശക്തമാക്കിയതോടെ ബംഗ്ലദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത വരവ് കുറഞ്ഞതും വില ഉയരാൻ കാരണമായി. അതിനാൽ, തിരഞ്ഞെടുപ്പിനുശേഷം വില ഇടിയാൻ സാധ്യതയുണ്ടെന്നും കാംപ്കോ സൂചിപ്പിക്കുന്നു.

അതേസമയം അടയ്ക്കയുടെ വലുപ്പവും ഗുണനിലവാരവും അടിസ്ഥാനമാക്കിയാണ് വില നിർണയമെന്നതിനാൽ തെക്കൻ കേരളത്തിൽ വില അൽപം താഴ്ന്നിരിക്കും.
Published 19 hours ago