Cardamom Live
Login
കിലോയ്ക്ക് 1200 രൂപ, പ്രളയത്തിൽ വിരിഞ്ഞത് 'വെള്ളപ്പൊന്ന്'! കർഷകർക്ക് ലക്ഷങ്ങൾ വരുമാനം
Back to News
Info 10 Apr 2026, 06:25 PM

കിലോയ്ക്ക് 1200 രൂപ, പ്രളയത്തിൽ വിരിഞ്ഞത് 'വെള്ളപ്പൊന്ന്'! കർഷകർക്ക് ലക്ഷങ്ങൾ വരുമാനം

പ്രകൃതിക്ഷോഭങ്ങളും വിട്ടുമാറാത്ത പ്രളയങ്ങളും ഒരു ജനതയുടെ സ്വ‌പ്നങ്ങളെ തല്ലിക്കെടുത്തിയ ഒരിടമായിരുന്നു ബിഹാറിലെ സഹർസ ജില്ല. കൃഷിയിടങ്ങൾ മാസങ്ങളോളം വെള്ളത്തിനടിയിലായി നശിക്കുന്ന കാഴ്ച കണ്ട് നിസ്സഹായരായി നിന്ന കർഷകർ ഇന്ന് പുത്തൻ പ്രതീക്ഷയിലാണ്. ശാപമായി കരുതിയ ആ വെള്ളക്കെട്ടിനെത്തന്നെ അനുഗ്രഹമാക്കി മാറ്റിയിരിക്കുകയാണ് സഹസൗൾ പഞ്ചായത്തിലെ ഒരു കൂട്ടം കർഷകർ. നെല്ലും ഗോതമ്പും ഉപേക്ഷിച്ച് അവർ 'മഖാന' കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ, ഒഴുകിപ്പോയത് അവരുടെ ദാരിദ്ര്യം കൂടിയായിരുന്നു.

. ദുരിതത്തിൽ നിന്ന് അതിജീവനത്തിലേക്ക് സഹസൗൾ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് ഒരു കാലത്ത് കൃഷി എന്നത് നഷ്ടക്കച്ചവടമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പരമ്പരാഗത വിളകളായ നെല്ലോ ഗോതമ്പോ വിളയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. കൃഷിയിടങ്ങൾ ഉപയോഗശൂന്യമായതോടെ പലരും തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു‌. അവശേഷിച്ചവർ കൂലിപ്പണി ചെയ്ത‌ത്‌ കഷ്‌ടിച്ച് ജീവിച്ചു. ഈ പ്രതിസന്ധിഘട്ടത്തിലാണ് ബിഹാർ സർക്കാരിൻ്റെ 'ജൽ ജീവൻ ഹരിയാലി അഭിയാൻ' എന്ന പദ്ധതി ഇവർക്ക് വഴികാട്ടിയായത്. വെള്ളക്കെട്ടുള്ള സ്‌ഥലങ്ങളെ തടാകങ്ങളാക്കി മാറ്റി മഖാന കൃഷി ചെയ്യാമെന്ന തിരിച്ചറിവ് ഗ്രാമത്തിൻ്റെ മുഖച്‌ഛായ തന്നെ മാറ്റിമറിച്ചു.

മഖാന: കുറഞ്ഞ ചെലവ്, ഉയർന്ന വരുമാനം

. ഇന്ന് 19 കർഷകർ ഈ ഗ്രാമത്തിൽ മഖാന കൃഷിയിലൂടെ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. കർഷകനായ ഗണേഷ് കുമാർ മഹാതോ തൻറെ അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെയാണ്, 'പണ്ട് വെള്ളം കയറി നശിച്ചിരുന്ന മണ്ണിൽ ഇന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഏകദേശം 15,000 രൂപ മാത്രമാണ് കൃഷിക്കായി ചെലവാകുന്നത്. എന്നാൽ ഇതിൽ നിന്നും ലഭിക്കുന്ന ലാഭം നിക്ഷേപത്തിൻ്റെ മൂന്നിരട്ടിയിലധികമാണ്.' ഒരു കിലോ മഖാനയ്ക്ക് വിപണിയിൽ 600 രൂപ മുതൽ 1,200 രൂപ വരെ വില ലഭിക്കുന്നുണ്ട്. പ്രതിവർഷം ശരാശരി 50,000 രൂപ അധിക വരുമാനമായി ഓരോ കർഷകനും ഈ കൃഷിയിലൂടെ സമ്പാദിക്കുന്നു.

സാമ്പത്തികവും പരിസ്‌ഥിതിപരവുമായ മാറ്റങ്ങൾ ഈ വിപ്ലവം കേവലം സാമ്പത്തിക നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. മഖാന കൃഷിക്കായി നിർമിച്ച കുളങ്ങൾ പ്രദേശത്തെ ജലസംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് പ്രദേശത്തെ പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥ വീണ്ടെടുക്കാൻ വഴിയൊരുക്കി. തൊഴിലില്ലായ്‌മ മൂലം നാടുവിട്ടുപോയ പലരും ഇന്ന് മടങ്ങി വരികയും സ്വന്തം മണ്ണിൽ മഖാന കൃഷിയിൽ ഏർപ്പെടുകയും ചെയ്യുന്നു.

സർക്കാർ പിന്തുണയും ഭാവി സാധ്യതകളും

സംസ്ഥാന ഗ്രാമവികസന വകുപ്പിൻ്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെയാണ് കൃഷിയിടങ്ങൾ കുളങ്ങളായി മാറ്റിയത്. മികച്ച ഇനം വിത്തുകൾക്കും കാർഷിക ഉപകരണങ്ങൾക്കും സർക്കാർ സബ്‌സിഡി നൽകുന്നുണ്ടെന്ന് ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാർ വ്യക്തമാക്കി. മഖാന വികസന പദ്ധതിയനുസരിച്ച് കൂടുതൽ കർഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ലോകവിപണിയിൽ മഖാനയ്ക്ക് ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ ബിഹാറിലെ ഈ ഗ്രാമീണ ഉൽപന്നം ആഗോള ശ്രദ്ധ നേടുകയാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള മഖാന ഒരു 'സൂപ്പർ ഫുഡ്' ആയി അംഗീകരിക്കപ്പെട്ടത് ബിഹാറിലെ കർഷകർക്ക് വലിയ വാണിജ്യ സാധ്യതകളാണ് തുറന്നുനൽകുന്നത്.

പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാം എന്നതിന് സഹസൗളിലെ കർഷകർ ഒരു മികച്ച ഉദാഹരണമാണ്. പ്രളയം നാശം വിതച്ചിരുന്ന പാടങ്ങൾ ഇന്ന് 'സ്വർണപ്പാടങ്ങൾ' ആയി മാറിയിരിക്കുന്നു. കൃത്യമായ സർക്കാർ പിന്തുണയും കർഷകരുടെ കഠിനാധ്വാനവും ചേർന്നപ്പോൾ ബിഹാറിലെ ഗ്രാമങ്ങൾ സ്വയംപര്യാപ്‌തതയുടെ പുതിയൊരു പാത വെട്ടിത്തുറന്നിരിക്കുകയാണ്.
Published 5 days ago