Cardamom Live
Login
ചന്ദനമരം വളർത്തലും മുറിക്കലും ഇനി എളുപ്പമാകും? കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര നീക്കം
Back to News
Info 13 Mar 2026, 01:15 PM

ചന്ദനമരം വളർത്തലും മുറിക്കലും ഇനി എളുപ്പമാകും? കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര നീക്കം

ചന്ദനമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും മറ്റുമുള്ള നിലവിലെ കർശനമായ നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. നിലവിലെ നിയന്ത്രണങ്ങൾ കാരണം ചന്ദനമരങ്ങളുടെ എണ്ണം കുറയുന്നതായി കർഷകർ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. തെങ്ങ്, കവുങ്ങ്, കാപ്പി എന്നിവയോടൊപ്പം ഒരു ഇടവിളയായി ചന്ദനം വളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തെങ്ങ് കൃഷി നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള 'കോക്കനട്ട് പ്രൊമോഷൻ സ്കീം' ഈ വർഷം തന്നെ നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ഒരു കോടിയിലധികം കർഷകർ നേരിട്ടും മൂന്ന് കോടിയോളം പേർ സംസ്ഥാന മേഖലയിലുമായി തെങ്ങ് കൃഷിയെ ആശ്രയിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും തെങ്ങുകളുടെ പ്രായാധിക്യവും കാരണം കർഷകരുടെ വരുമാനം കുറയുന്നത് പരിഗണിച്ചാണ് കേന്ദ്ര ബജറ്റിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ചും കർഷകരുമായി സംസാരിച്ചും അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെളിച്ചെണ്ണ പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യണമെന്ന കർഷകരുടെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായം തേടി കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ് സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
Published 2 days ago