Cardamom Live
Login
പൊക്കിയെടുക്കാൻ ക്രെയ്ൻ, കുള്ളൻമരത്തിന്റെ വലുപ്പമുള്ള 30000 ഭീമൻ ചെടികൾ; അദ്ഭുതക്കാഴ്ചകളൊരുക്കി വേറിട്ട ഫാം
Back to News
Info 21 Apr 2026, 09:07 AM

പൊക്കിയെടുക്കാൻ ക്രെയ്ൻ, കുള്ളൻമരത്തിന്റെ വലുപ്പമുള്ള 30000 ഭീമൻ ചെടികൾ; അദ്ഭുതക്കാഴ്ചകളൊരുക്കി വേറിട്ട ഫാം

ഏറെക്കാലം മുൻപാണ്, തമിഴ്‌നാട് സേലം നഗരത്തിലുള്ള തൻ്റെ വീടിന്റെ മട്ടുപ്പാവിലെ പൂച്ചെടികൾ നനച്ചുകൊണ്ടിരിക്കെ അയൽപക്കത്തെ മട്ടുപ്പാവിൽ നിറയെ പൂവിട്ടു നിൽക്കുന്ന ചെടികൾ ജോൺ ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റിന്റെ കണ്ണിൽപെട്ടു. അവിടെയെങ്ങും കണ്ടിട്ടില്ലാത്ത, സവിശേഷാകൃതിയിലുള്ള പുച്ചെടിയെക്കുറിച്ച് അയൽക്കാരോട് അന്വേഷിച്ചപ്പോൾ അത് 'അഡീനിയം' ആണെന്നും വേനലിൽ നന്നായി പുഷ്പിക്കുമെന്നുമായിരുന്നു മറുപടി. അഡീനിയത്തിൻ്റെ 'ഒബേസം' ഇനത്തിലായിരുന്നു ജോണിൻ്റെ തുടക്കം. അന്ന് നമ്മുടെ നാട്ടിൽ അഡീനിയം പ്രചാരത്തിലായി വരുന്നതേയുള്ളു. ആഫ്രിക്ക, മിഡിൽ ഈസ്‌റ്റ്, തായ്‌ലൻഡ് തുടങ്ങി കിട്ടാവുന്നിടത്തുനിന്നെല്ലാം ജോൺ അഡീനിയം ശേഖരിച്ചു വളർത്താൻ ആരംഭിച്ചു പൂവിടും ബോൺസായ് എന്നു വിശേഷിപ്പിക്കുന്ന അഡീനിയം ഇനങ്ങളിൽ ഏറ്റവും വേഗത്തിൽ ബോൺസായ് പ്രകൃതത്തിലെത്തുന്നത് അറബിക്കം ഇനമാണെന്നു മനസ്സിലാക്കിയതോടെ ജോണിൻ്റെ ശ്രദ്ധ മുഴുവൻ അതിലായി.

സേലം നഗരത്തിൽനിന്നു 30 കി.മീ. മാറി 3 ഏക്കർ സ്ഥലത്താണ് ഇന്നു ജോണിന്റെ അഡീനിയം ഫാം. 30 വർഷമായി അഡീനിയം ചെടികൾക്കായി തന്റെ സമയം മുഴുവൻ മാറ്റി വയ്ക്കുന്ന ഈ സസ്യപ്രേമിയുടെ ഫാമിൽ അറബിക്കം, ക്രിസ്‌പം സോമാലെൻസ്, സ്വാസിക്കം, ഒബേസം, മൾട്ടി ഫ്ലോറം തുടങ്ങിയ ഇനങ്ങളിലായി പല വലുപ്പത്തിലും ആകൃതിയിലുമുള്ള മുപ്പതിനായിരത്തോളം അഡീനിയം ചെടികൾ കൂടാതെ സക്കുലന്റ് വിഭാഗത്തിൽത്തന്നെ ഉൾപ്പെട്ട അഗേവ്, സ്നേക് പ്ലാന്റ്, പാച്ചിപോഡിയം തുടങ്ങിയ ചെടികളുമുണ്ട്. ഇവയുടെയെല്ലാം വിത്തും തൈയും വലിയ ചെടികളും നേരിട്ടും സോഷ്യൽ മീഡിയ വഴിയും വിപണനം ചെയ്യുന്നു. അഡീനിയം സക്കുലൻ്റ് വിഭാഗത്തിൽപെട്ടതായതുകൊണ്ട് ചട്ടിയിലെ മിശ്രിതത്തിൽനിന്നു ചെടി പുറത്തെടുത്ത് അനായാസം കുറിയർ ചെയ്യാം. ഉപഭോക്താവ് കൈപ്പറ്റാൻ അൽപം വൈകിയാലും ചെടിക്കു കേടുപാടൊന്നുമുണ്ടാവില്ല.

നമ്മുടെ നാട്ടിൽ അഡീനിയം ഇനങ്ങളിൽ ഏറ്റവും ഡിമാൻഡ് അറബിക്കം സങ്കരയിനങ്ങൾക്കാണെന്നു ജോൺ പറയുന്നു. ഇവ ഏറെ ഉയരം വയ്ക്കില്ല. കൂടാതെ, നിറയെ ശിഖരങ്ങളും വീർത്ത കോടക്‌സുമായി ആകർഷകമായ ബോൺസായ് ചെടിയായി വേഗത്തിൽ രൂപാന്തരപ്പെടുമെന്ന മെച്ചവുമുണ്ട്. ആദ്യകാലത്ത് പുതിയ ഇനം ചെടികളുടെ തൈകൾ പുറത്തുനിന്നു ശേഖരിച്ചു വളർത്തി വലുതാക്കുകയായിരുന്നെങ്കിൽ ഇന്ന് ഫാമിലുള്ള ചെടികളിൽത്തന്നെ കൃത്രിമ പരാഗണം നടത്തി പുതിയ ഇനങ്ങൾ ഉൽപാദിപ്പിക്കുകയാണ്. സ്വാഭാവികമായി ചെറിയ പ്രാണികളും ഉറുമ്പും പൂക്കളിൽ പരാഗണം ചെയ്‌ത്‌ കായ്‌കൾ ഉൽപാദിപ്പിക്കുന്ന ഈ ചെടിയിൽ രാവിലെ 10 മണിക്കു മുൻപോ വൈകുന്നേരം വെയിലാറിയ ശേഷമോ ആണ് കൃത്രിമ പരാഗണത്തിനു പറ്റിയ സമയം. പൂമൊട്ട് വിരിഞ്ഞുവരുന്ന സമയത്തു വേണം കൃത്രിമ പരാഗണം നടത്താൻ. ഇങ്ങനെ ഉണ്ടായിവരുന്ന കായകളിലെ വിത്തു മുളപ്പിച്ചെടുത്ത് പുതിയ ഇനങ്ങൾ ഉൽപാദിപ്പിക്കുന്നു.

കോവിഡ് മഹാമാരിയുടെ കാലത്ത് ഫാമിലെ ചെടികൾ പരിപാലിക്കാൻ ജോലിക്കാരെ ലഭ്യമല്ലാതെ വന്നപ്പോൾ മാസങ്ങളോളം അവിടെത്തന്നെ പരിമിതമായ സൗകര്യത്തിൽ താമസിച്ച് ജോൺ തന്നെ എല്ലാം ചെയ്യുകയായിരുന്നു. അന്ന് കോവിഡിനെ ഭയന്ന് ചെടികൾ ശ്രദ്ധിക്കാതിരുന്നിരുന്നെങ്കിൽ ഫാം പൂർണമായി നശിക്കുമായിരുന്നു. 2 ചതുരശ്ര മീറ്റർ വിസ്‌താരവും ഒരടിക്കു മേൽ താഴ്‌ചയുമുള്ള ഭീമൻ ചട്ടികളിൽ കുള്ളൻമരം പോലെ വളർന്നു നിൽക്കുന്ന അഡീനിയം അത്ഭുതക്കാഴ്ച തന്നെ. ചട്ടി ഒന്നെടുത്തു മാറ്റി വയ്ക്കണമെങ്കിൽ ഒന്നുകിൽ ക്രെയിൻ വേണം, അല്ലെങ്കിൽ 5- 6 പേരുടെ സഹായം വേണം. ഇന്ത്യയിലെ പല പ്രധാന പുഷ്പമേളകളിലും ജോൺ തൻ്റെ അഡീനിയം ചെടികൾ പ്രദർശനത്തിനു വയ്ക്കാറുണ്ട്. വിഷപ്പാമ്പുകളുടെ ശല്യമുള്ള ഫാമിൽ അവയുടെ സാന്നിധ്യം മുൻകൂട്ടി മനസ്സിലാക്കാനായി ഒരു ഡസനോളം നായ്ക്കളെ വളർത്തുന്നുണ്ട്.

മൂന്നു പതിറ്റാണ്ടായി അഡീനിയം ചെടി വളർത്തുന്ന ജോണിനു വായനക്കാരുമായി പങ്കിടാൻ ഏറെ അറിവുകളും അനുഭവപാഠങ്ങളുമുണ്ട്. അഡീനിയം ഏതിനമാണെങ്കിലും തണ്ടിലെ മുട്ടുകൾ തമ്മിലുള്ള അകലം നോക്കിയാൽ അറിയാം ചെടി എളുപ്പം ബോൺസായ് രൂപത്തിലാകുമോയെന്ന്. അകലം കുറഞ്ഞാൽ ആ ചെടി വേഗത്തിൽ ബോൺസായ് രൂപത്തിലാകും. അറബിക്കം, ക്രിസ്‌പം എന്നിവ ഒഴികെയുള്ള ഇനങ്ങളിൽ മുട്ടുകൾ തമ്മിൽ അകലം കൂടും. ഇവ വീണ്ടും വീണ്ടും കൊമ്പുകോതി നിർത്തിയാൽ മാത്രമേ ബോൺസായ് രൂപത്തിലാവുകയുള്ളൂ. അറബിക്കത്തിൻ്റെ സങ്കരയിനങ്ങൾ ബോൺസായ് രൂപത്തിൽ വളരാൻ കൊമ്പു കോതേണ്ട ആവശ്യമേയില്ല. ഓബേസം ഇനത്തിന് വെള്ളവും വളവും അധികമായി നൽകിയാൽ നല്ല ഉയരത്തിൽ വളരും. തേങ്ങയുടെ പൊതിമടലിന്റെ കഷണങ്ങൾ, മണ്ണിരക്കംപോസ്‌റ്റ്, ആറ്റുമണൽ ഇവ ഒരേ അളവിൽ കലർത്തിയെടുത്തതിൽ അൽപം എല്ലുപൊടി കൂടി ചേർത്തതാണ് ജോണിന്റെ അഭിപ്രായത്തിൽ അഡീനിയം നടാൻ പറ്റിയ ഏറ്റവും നല്ല മിശ്രിതം

മഴക്കാലത്തുണ്ടാകുന്ന കുമിൾ രോഗം തടയാൻ മിശ്രിതത്തിൽ എല്ലുപൊടി കലർത്തുന്നതു നന്ന്. വർഷത്തിൽ ഒരിക്കൽ മിശ്രിതം മാറ്റി പുതിയതിൽ നടുന്നത് ചെടിയെ പല രോഗ, കീട ബാധകളിൽനിന്നും രക്ഷിക്കും. മണ്ണിൽനിന്നു വേരുകൾ വഴി ചെടി വലിച്ചെടുക്കുന്ന വെള്ളത്തിന്റെ 99 ശതമാനവും ബാഷ്പീകരണം വഴി ഇലകളിൽനിന്നു നഷ്‌ടപ്പെടുകയാണല്ലോ. അതിനാൽ, ഇലകൾ തീരെ കുറവുള്ള ചെടിയിൽ നന കുറഞ്ഞ അളവിൽ മതി. എന്നാൽ, ഏറെ ഇലകൾ ഉള്ളതിനു നന്നായി നനയ്ക്കണം. വേനൽക്കാലത്ത് മിശ്രിതം നന്നായി ഉണങ്ങിയയെന്നു കണ്ടാൽ മാത്രം നനയ്ക്കുക. തൈകൾക്ക് ദിവസവും നനയ്ക്കണം. ഒരു വർഷത്തിനുമേൽ പ്രായമായവയ്ക്ക് ഒന്നിവിട്ടുള്ള ദിവസവും വലിയ ചെടികൾക്ക് ആഴ്ചയിൽ രണ്ടു തവണയും നന വേണ്ടിവരും. മഴക്കാലത്ത് ഇലകൾ തീരെ കുറവുള്ള ചെടി മഴയത്തിരുന്നാൽ ചട്ടിയിൽ വെള്ളം തങ്ങിനിന്ന് ചെടി ചീഞ്ഞു നശിച്ചുപോകും. അവ ഇക്കാലത്ത് മഴ നേരിട്ടു കൊള്ളാത്തിടത്തേക്കു മാറ്റിവയ്ക്കണം.

ചെടി നടുമ്പോൾ കലർത്തുന്ന മണ്ണിരക്കംപോസ്‌റ്റും എല്ലു പൊടിയുമല്ലാതെ മറ്റൊരു വളവും ചെടികൾക്കു ജോൺ നൽകുന്നില്ല. വളം അധികമായാൽ ചെടിയുടെ ബോൺസായ് പ്രകൃതം നഷ്‌ടപ്പെട്ട് ഉയരത്തിൽ വളരുമെന്ന് അദ്ദേഹം പറയുന്നു. പൂവിടാനായി ഒരു വളവും അധികമായി നൽകാറില്ല. അവ സമയമാകുമ്പോൾ പുഷ്പിക്കുമെന്നാണ് ജോണിന്റെ അനുഭവം. തമിഴ്നാട്ടിലെ കാലാവസ്‌ഥയിൽ ജനുവരി മുതൽ ഏപ്രിൽ വരെയാണ് അഡീനിയം സമൃദ്ധമായി പൂവിടുക. കുള്ളൻമരത്തിൻ്റെ വലുപ്പമുള്ള ചെടികളിൽ ഈ സമയത്ത് നൂറുകണക്കിനു പൂക്കളാണ് ഉണ്ടാകുക.
Published 23 hours ago