Cardamom Live
Login
വിപണിയിൽ റബറിന് ക്ഷീണം, കൊപ്ര വില കൂടി , ഏലം വില കൂടുമെന്ന് വിപണിക്ക് പ്രതീക്ഷ.
Back to News
Info 14 Mar 2026, 02:36 PM

വിപണിയിൽ റബറിന് ക്ഷീണം, കൊപ്ര വില കൂടി , ഏലം വില കൂടുമെന്ന് വിപണിക്ക് പ്രതീക്ഷ.

ജാപ്പനീസ് ഓട്ടോമൊബൈൽ മേഖലയിലെ നിന്നുള്ള പ്രതികൂല വാർത്തകൾ ചൈന, സിംഗപ്പൂർ എക്സ്ചേഞ്ചുകളിൽ റബറിനെ അല്പം തളർത്തി. ജപ്പാനിലെ പ്രമുഖ വാഹന നിർമാതാക്കളുടെ ഏഴ് പതിറ്റാണ്ടിനിടയിലെ ചരിത്രത്തിൽ ആദ്യമായി വരുമാനത്തിൽ നഷ്ട സാധ്യതകളെ കുറിച്ചുള്ള വിലയിരുത്തൽ പുറത്തുവന്നത് റബറിനെയും ടയറിനെയും ഒരുപോലെ ബാധിക്കാം. ഇതിനിടയിൽ ജാപ്പനീസ് യെന്നിന്റെ മൂല്യം ഇരുപത് മാസത്തിലെ താഴ്ന്ന നിലവാരമായ 159.69 ലേക്ക് ദുർബലമായിട്ടും ഒസാക്കയിൽ നിക്ഷേപകർ റബറിനോട് താൽപര്യം കാണിച്ചില്ല. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ വിദേശ ഓപ്പറേറ്റർമാർ കനത്ത വാങ്ങലിന് താൽപര്യം കാണിക്കാറുണ്ട്. ജപ്പാനിൽ റബർ കിലോ 379 യെന്നിൽ നിന്നും 373 ലേക്ക് താഴ്ന്നു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 216 രൂപയായി സ്റ്റേഡിയാണ്.

തമിഴ്നാട്ടിലെ വൻകിട കൊപ്രയാട്ട് വ്യവസായികൾ വില ഉയർത്തി ചരക്ക് സംഭരണത്തിന് ഇറങ്ങിയത് വ്യാപാര രംഗം വീണ്ടും സജീവമാക്കി. കാങ്കയത്ത് കൊപ്ര വില ക്വിന്റലിന് 150 രൂപ വർധിച്ച് 14,200 രൂപയായി. അയൽ സംസ്ഥാനത്ത് നിന്നുള്ള അനുകൂല വാർത്തകൾ കേരളത്തിൽ കൊപ്രയ്ക്കും പച്ചതേങ്ങയ്ക്കും ഡിമാൻഡ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം. കൊച്ചി നാളികേരോൽപ്പന്നങ്ങളുടെ വില സ്റ്റേഡിയാണ്.

ഇടുക്കിയിൽ രാവിലെ നടന്ന ഏലയ്ക്ക ലേലത്തിന് എത്തിയ 60,044 കിലോഗ്രാം ചരക്കിൽ 57,749 കിലോയും വിറ്റഴിഞ്ഞു. വാങ്ങൽ താൽപര്യം ശക്തമായി തുടരുന്നത് മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദന മേഖല. ശരാശരി ഇനം ഏലയ്ക്ക കിലോ 2263 രൂപയിലും മികച്ചയിനങ്ങൾ 2833 രൂപയിലും കൈമാറി.
Published 1 day ago