Info
04 May 2026, 08:27 AM
കേരളത്തിലേക്ക് കാലവർഷം എത്തുന്നു , മെയ് രണ്ടാം വാരം ന്യൂനമർദ്ദ സാധ്യതയും
ഇന്ന് ഉച്ചക്കുശേഷം ഇടിയോടുകൂടെ മഴക്ക് സാധ്യത. ഇന്ന് ഉച്ചയ്ക്ക് ശേഷം തെക്കൻ കേരളത്തിലാണ് ഇടിയോടെ മഴ സാധ്യതയുള്ളത്. രാത്രി വൈകി വടക്കൻ കേരളത്തിലും മഴ സാധ്യതയുണ്ട്. കോഴിക്കോട് നഗരത്തിലും മലപ്പുറം ജില്ലയിലും മഴ ലഭിക്കാൻ സാധ്യത.
ഈ ആഴ്ച അവസാനത്തോടെ കേരളത്തിൽ മഴ നൽകുന്ന രീതിയിൽ ന്യൂനമർദ്ദ സാധ്യതയും നില നിൽക്കുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് അറബിക്കടലിലേക്ക് നീങ്ങാനാണ് സാധ്യത. ഈ ന്യൂനമർദ്ദം കേരളത്തിൽ വേനൽ മഴ നൽകും. മെയ് 8 മുതൽ 13 വരെയുള്ള തീയതികളിൽ കേരളത്തിൽ മഴ ലഭിക്കാനാണ് സാധ്യത. ഈ സമയം കടലിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ് 15 ഓടെ ന്യൂനമർദ്ദമായി മാറി ഒമാൻ തീരം ലക്ഷ്യമാക്കി നീങ്ങിയേക്കും.
മെയ് മാസം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തന്നെ കഴിഞ്ഞമാസം അനുഭവിച്ച കൊടുംചൂടിന് ആശ്വാസമാകുന്ന രീതിയിലുള്ള മഴ കേരളത്തിൽ വ്യാപകമായി ലഭിക്കും. മെയ് രണ്ടാം വാരത്തിലും മൂന്നാം വാരത്തിലും നാലാമത്തെ ആഴ്‌ചയിലും സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കാം.
ജൂലൈ മുതൽ El Nino എഫക്ട് കണ്ടു തുടങ്ങാം.
ആ സമയം മഴ കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്.
ജൂണിൽ സാധാരണ പോലെ മഴയുണ്ടാകും എന്നാണ് പ്രതീക്ഷ. മെയ് അവസാനം തന്നെ പ്രീ മൺസൂൺ മഴ ശക്തിപ്പെടും.
പുതിയ ന്യൂനമർദ്ദത്തിനൊപ്പം ആഗോള പാത്തി എന്നറിയപ്പെടുന്ന (MJO) സാധ്യതയും ഉള്ളതിനാൽ മഴ ശക്തിപ്പെട്ടേക്കും. വടക്കൻ കേരളത്തിൽ ഉൾപ്പെടെ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
Published 21 hours ago