Cardamom Live
Login
കിലോയ്ക്ക് 1200 രൂപ വരെ കിട്ടുന്ന അദ്ഭുതപഴം; നമ്മുടെ വീട്ടിലും വളരും ഈ ആഫ്രിക്കൻ താരം
Back to News
Info 17 Mar 2026, 07:25 AM

കിലോയ്ക്ക് 1200 രൂപ വരെ കിട്ടുന്ന അദ്ഭുതപഴം; നമ്മുടെ വീട്ടിലും വളരും ഈ ആഫ്രിക്കൻ താരം

പുളിയുള്ളതിനെ പോലും മധുരമുള്ളതാക്കുന്ന അദ്ഭുതപ്പഴമാണ് 'മിറക്കിൾ ഫ്രൂട്ട്' എന്ന വിദേശ ഇനം പഴം. മധ്യ പടിഞ്ഞാറൻ ആഫ്രിക്കയിൽ ജന്മം കൊണ്ട് മിറക്കിൾ പഴം പുളിയുള്ള റൊട്ടിയെ സ്വാദുള്ളതാക്കാനും പന വീഞ്ഞിനു മധുരം നൽകാനും ഒക്കെ പണ്ടു മുതൽ ഉപയോഗിച്ചിരുന്നു. പുളിയുള്ളതിനെ മധുരിപ്പിക്കുന്ന മിറക്കുലിൽ എന്ന രാസഘടകം അടങ്ങിയ പഴം ഒരു വട്ടം കഴിച്ചാൽ അര മണിക്കൂറോളം അതിൻ്റെ രുചി നാവിൽ നിന്നു പോകില്ല. മിറക്കിൾ ഫ്രൂട്ട് കഴിച്ചതിനു ശേഷം പച്ചവെള്ളം കുടിച്ചാൽ പോലും മധുരിക്കും.

. കേരളത്തിലും വളർത്താം

കേരളത്തിൽ ഇന്ന് മിറക്കിൾ ഫ്രൂട്ട് കൃഷി ചെയ്തു‌ വിജയിപ്പിച്ച ഒട്ടേറെ പേരുണ്ട്. രോഗ, കീടബാധകളൊന്നും ഈ ചെടിയിൽ കാണാറില്ല. വളപ്രയോഗത്തിൻ്റെ ആവശ്യവുമില്ല. സാവധാന വളർച്ചയുള്ള മിറക്കിൾ ചെടി പുഷ്പിക്കാൻ 3 മുതൽ 4 വർഷം വരെ എടുക്കും. മിറക്കിൾ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ സസ്യമാണ്. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്‌ഥ ഇതിന് അനുയോജ്യവുമാണ്. അമ്ലഗുണമുള്ള (Acidic) മണ്ണാണ് ഇതിന് ഏറ്റവും ഉത്തമം. മണ്ണിലെ പിഎച്ച് മൂല്യം 4.5 നും 5.8 നും ഇടയിലായിരിക്കണം. ചെറിയ തൈകൾക്ക് ഭാഗികമായ തണൽ ആവശ്യമാണ്. വലുതാകുമ്പോൾ നേരിട്ടുള്ള വെയിൽ സഹിക്കുമെങ്കിലും തണൽ ലഭിക്കുന്ന സ്‌ഥലങ്ങളിൽ ഇത് കൂടുതൽ നന്നായി വളരും.

നടീൽ

മിറക്കിൾ ഫ്രൂട്ട് മരങ്ങൾ വിത്തുകൾ വഴിയോ തൈകൾ (Grafted/Layered) വഴിയോ പിടിപ്പിക്കാം. പഴത്തിനുള്ളിലെ വിത്ത് അധികം ഉണങ്ങുന്നതിനു മുൻപ് തന്നെ നടണം. വിത്ത് മുളയ്ക്കാൻ 3 മുതൽ 4 ആഴ്ച്‌ച വരെ സമയമെടുക്കും. വിത്ത് വഴി വളർത്തുന്ന ചെടികൾ കായ്ക്കാൻ 3-4 വർഷമെടുക്കും. നഴ്‌സറികളിൽ നിന്ന് ലഭിക്കുന്ന ലെയർ ചെയ്‌ത തൈകൾ നട്ടാൽ ഒന്നര അല്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ കായ്ച്‌ചു തുടങ്ങും. ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ഇത് നന്നായി വളരും. പറമ്പിലാണ് നടുന്നതെങ്കിൽ വെള്ളക്കെട്ടില്ലാത്ത സ്‌ഥലം തിരഞ്ഞെടുക്കുക. മണ്ണിൽ എപ്പോഴും ഈർപ്പം നിലനിൽക്കണം, എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. വേനൽക്കാലത്ത് ദിവസവും നനയ്ക്കുന്നത് നല്ലതാണ്.

. വളങ്ങൾ

രാസവളങ്ങളേക്കാൾ ജൈവവളങ്ങളാണ് മിറക്കിൾ ഫ്രൂട്ടിന് നല്ലത്. ചാണകപ്പൊടി, ആട്ടിൻകാഷ്‌ഠം, എല്ലുപൊടി എന്നിവ ഇടയ്ക്കിടെ നൽകാം. അമ്ലഗുണം നിലനിർത്താൻ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിക്കുന്നത് ഗുണകരമാണ്. മിറക്കിൾ ഫ്രൂട്ട് വളരെ പതുക്കെ വളരുന്ന കുറ്റിച്ചെടിയാണ്. ഇതിന് വലിയ രീതിയിലുള്ള കൊമ്പ് കോതൽ ആവശ്യമില്ല. എങ്കിലും ഉണങ്ങിയ ചില്ലകൾ നീക്കം ചെയ്യുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കാര്യമായ കീടബാധകൾ ചെടിയെ ബാധിക്കാറില്ല. എങ്കിലും വെള്ളീച്ചകളുടെ ശല്യം കണ്ടാൽ വേപ്പെണ്ണ മിശ്രിതം തളിക്കാവുന്നതാണ്.

. ആരോഗ്യസമ്പന്നം

മിറക്കിൾ ഫ്രൂട്ട്, തിളക്കമുള്ള ചുവപ്പ് നിറമുള്ള ഒരു ബെറിയാണ്. കുറഞ്ഞ കാലറിയും, മധുരരുചിയും, ഔഷധഗുണങ്ങളും നിറഞ്ഞ ജനപ്രിയമായ പഴമാണ്. മിറാക്കിൾ ബെറി, മിറക്കുലസ് ബെറി, സ്വീറ്റ് ബെറി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. സാപ്പോട്ടേസിയേ (Sapotaceae) കുടുംബത്തിൽപ്പെട്ട സിൻസെപാലം ഡൽസിഫിക്കം (Synsepalum dulcificum) എന്ന സസ്യത്തിലാണ് ഈ പഴങ്ങൾ വളരുന്നത്. പഞ്ചസാരയുടെ അളവ് കുറഞ്ഞതും നേരിയ പുളിരസമുള്ളതുമായ മിറാക്കിൾ ഫ്രൂട്ടിൽ, മിറാക്കുലിൻ (miraculin) എന്ന് പേരുള്ള ഗ്ലൈക്കോപ്രോട്ടീൻ തന്മാത്രകളും കാർബോഹൈഡ്രേറ്റ് ശൃംഖലകളും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ഇതിന് 'മിറക്കിൾ' എന്ന പേര് ലഭിച്ചത്. പശ്ചിമ ആഫ്രിക്കയിലെ ഘനയാണ് മിറക്കിൾ ഫ്രൂട്ടിൻ്റെ ജന്മദേശം.

മിറക്കിൾ ഫ്രൂട്ട് പുളിയുള്ള ഭക്ഷണങ്ങളുടെ സ്വാഭാവിക രുചി മാറ്റുന്നതിൽ മാത്രമായി ഒതുങ്ങുന്നില്ല, അവ ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്. ഭക്ഷണശേഷം മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഴങ്ങൾ കഴിക്കാം. കുറഞ്ഞ കാലറി ഉള്ളതിനാൽ കാരണം ശരീരഭാരം കുറയ്ക്കാനും ഈ ബെറി സഹായിക്കുന്നു. വിദേശത്ത് നിന്നും എത്തിയ ഈ പഴം കേരളത്തിലെ കാലാവസ്‌ഥയുമായി അതിവേഗം ഇണങ്ങിച്ചേരുന്നതാണ്. ഓൺലൈൻ വിപണികളിൽ മിറക്കിൾ പഴത്തിന് കിലോയ്ക്ക് 250 രൂപ മുതൽ 1200 രൂപ വരെ വിലയുണ്ട്.

. പ്രമേഹരോഗികൾക്ക് മികച്ചത്

വർഷത്തിൽ രണ്ടോ മൂന്നോ തവണ മിറക്കിൾ ഫ്രൂട്ട് പൂവിടുകയും കായ്ക്കുകയും ചെയ്യും. കടും ചുവപ്പ് നിറമാകുമ്പോൾ പഴങ്ങൾ പറിച്ചെടുക്കാം. പറിച്ചെടുത്ത ഉടനെ തന്നെ ഇത് കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദം. ഫ്രിഡ്‌ജിൽ വെച്ചാൽ ഇതിൻ്റെ ഗുണം കുറയാൻ സാധ്യതയുണ്ട്. മിറക്കിൾ ഫ്രൂട്ട് വെറുമൊരു കൗതുകം മാത്രമല്ല, പ്രമേഹരോഗികൾക്കും കീമോതെറാപ്പി ചെയ്യുന്നവർക്കും ഭക്ഷണത്തിലെ രുചി വ്യത്യാസം പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഔഷധം കൂടിയാണ്. അധികം സ്‌ഥലം ആവശ്യമില്ലാത്തതിനാൽ വീടിന്റെ ടെറസ്സിലോ ബാൽക്കണിയിലോ പോലും ഒരു ചെടിച്ചട്ടിയിൽ ഇത് വളർത്താവുന്നതാണ്.
Published 1 day ago