Cardamom Live
Login
മോദി അവർക്ക് സമ്മാനം കൊടുത്തത് രുചിയൂറും ധാന്യം, അസമിന് ഇത് അഭിമാന നിമിഷം
Back to News
Info 25 May 2026, 03:44 PM

മോദി അവർക്ക് സമ്മാനം കൊടുത്തത് രുചിയൂറും ധാന്യം, അസമിന് ഇത് അഭിമാന നിമിഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിനിടെ യുഎൻ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) ഡയറക്ടർ ജനറൽ ക്യു ഡോങ്‌യുവിന് നൽകിയ സമ്മാനം ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയുടെ തനത് കാർഷിക പാരമ്പര്യം വിളിച്ചോതുന്ന, അസമിലെ പ്രശസ്തമായ 'ജോഹ' അരിയാണ് മോദി അദ്ദേഹത്തിന് സമ്മാനിച്ചത്. അസമിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ ഈ അരി ആഗോള വേദിയിൽ എത്തിയത് അസമിന് വലിയ അഭിമാന നിമിഷമാണ് സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.

**എന്താണ് 'ജോഹ' അരി?

അസമിലെ തദ്ദേശീയവും ഏറെ പഴക്കമുള്ളതുമായ ഒരു ധാന്യ ഇനമാണ് ജോഹ അരി. ചെറിയ മണികളുള്ള ഈ അരി പാകം ചെയ്യുമ്പോൾ മൃദുവാകുകയും പഞ്ഞിപോലെ വേറിട്ടുനിൽക്കുകയും ചെയ്യും. പ്രകൃതിദത്തമായ സവിശേഷ സുഗന്ധമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അസമിലെ കാർഷിക-കാലാവസ്ഥാ വ്യവസ്ഥയാണ് ഈ അരിക്ക് ഓർഗാനിക് സുഗന്ധം നൽകുന്നത്. അസമിലെ ജോർഹട്ട്, ശിവസാഗർ, ഗോലാഘട്ട് തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യുന്നത്. ഈ തനിമയും ഗുണനിലവാരവും പരിഗണിച്ച് 2017-ൽ ജോഹ അരിക്ക് ഭൗമസൂചികാ (GI) പദവി ലഭിച്ചിരുന്നു.

**ആരോഗ്യ ഗുണങ്ങൾ

രുചിയിലും സുഗന്ധത്തിലും ഉപരിയായി വലിയ ആരോഗ്യ ഗുണങ്ങളും ജോഹ അരിക്കുണ്ട്. ഇതിൽ സസ്യഭക്ഷണങ്ങളിൽ സാധാരണയായി കുറവുള്ള ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവയും ഇതിലുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹ രോഗികൾക്ക് ഇത് ഉത്തമമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മെറ്റബോളിസം വർധിപ്പിക്കാനും ഇത് സഹായിക്കും.

യുഎൻ കാർഷിക സംഘടനയുടെ മേധാവിക്ക് തന്നെ ഈ അരി സമ്മാനിച്ചതിലൂടെ ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യവും സുസ്ഥിര കാർഷിക സംസ്കാരവും ആഗോളതലത്തിൽ ഉയർത്തിക്കാട്ടാനും അസമിലെ കർഷകർക്ക് രാജ്യാന്തര അംഗീകാരം നേടിക്കൊടുക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു.
Published 3 days ago