Cardamom Live
Login
അത്യുൽപ്പാദനശേഷിയുള്ള കുരുമുളക് തൈകൾ ഉൽപ്പാദിപ്പിച്ച് കണ്ണൂരിലെ യുവകർഷകൻ; ജിനേഷിന്റെ കൃഷിരീതികൾക്ക് പത്തിൽ പത്ത്!
Back to News
Info 27 May 2026, 02:12 PM

അത്യുൽപ്പാദനശേഷിയുള്ള കുരുമുളക് തൈകൾ ഉൽപ്പാദിപ്പിച്ച് കണ്ണൂരിലെ യുവകർഷകൻ; ജിനേഷിന്റെ കൃഷിരീതികൾക്ക് പത്തിൽ പത്ത്!

അത്യുൽപ്പാദനശേഷിയുള്ള കുരുമുളക് തൈകൾ ഉൽപ്പാദിപ്പിച്ച് കണ്ണൂരിലെ യുവകർഷകൻ; ജിനേഷിന്റെ കൃഷിരീതികൾക്ക് പത്തിൽ പത്ത്!

കണ്ണൂർ ജില്ലയിലെ പയ്യാവൂർ ചന്ദനക്കാംപാറ സ്വദേശിയായ ജിനേഷ് കാളിയാനി എന്ന യുവകർഷകൻ സമ്മിശ്ര കൃഷിയിലൂടെയും നവീനമായ കുരുമുളക് തൈ ഉൽപ്പാദനത്തിലൂടെയും കാർഷിക മേഖലയിൽ ശ്രദ്ധേയനാവുകയാണ്. കശുവണ്ടി, വനില, തെങ്ങ്, കമുക്, കശുമാവ്, വാഴ, ചേമ്പ്, ചേന, കാച്ചിൽ, കപ്പ, മധുരക്കിഴങ്ങ് എന്നിങ്ങനെ കാളിയാനി ഫാമിൽ ഇല്ലാത്ത കൃഷികളില്ല. എങ്കിലും അത്യുൽപ്പാദനശേഷിയുള്ള കുരുമുളക് തൈകൾ തേടിയാണ് മിക്ക കർഷകരും ജിനേഷിന്റെ കാളിയാനി ഫാം തേടിയെത്തുന്നത്.

കുരുമുളക് കൃഷിയിലെ വൈവിധ്യം

വിവിധയിനം കുരുമുളകുകളുടെ ഒരു ശേഖരം തന്നെ ജിനേഷിന്റെ ഫാമിലുണ്ട്. പന്നിയൂർ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള 1 മുതൽ 10 വരെയുള്ള ഇനങ്ങൾ, വിജയ്, പഞ്ചമി, പൗർണമി, തേവം, കൂർഗ് എക്സ്എൽ, അഗളി പെപ്പർ തുടങ്ങി 18 ഇനം കുരുമുളക് തൈകൾ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു.

രോഗം വന്നാലോ ഉൽപ്പാദനം കുറഞ്ഞാലോ വലിയ നഷ്ടം ഒഴിവാക്കുന്നതിനായി ഈ ഇനങ്ങളെല്ലാം ഇടകലർത്തിയാണ് ജിനേഷ് കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എല്ലാ സീസണിലും ശരാശരി ഉൽപ്പാദനം ഉറപ്പാക്കാൻ സാധിക്കുന്നു. ഇത്തവണ 4 ക്വിന്റൽ കുരുമുളകാണ് വിൽപന നടത്തിയത്.

പയ്യാനി, മട്ടി എന്നീ മരങ്ങളിലാണ് കുരുമുളക് തൈകൾ പടർത്തിയിരിക്കുന്നത്. തണൽ കുറഞ്ഞ ഇത്തരം മരങ്ങൾ കുരുമുളകിന് ആവശ്യമായ വെയിൽ ലഭിക്കാൻ സഹായിക്കും. ഉയരത്തിലേക്ക് പടരുംതോറും ഉൽപ്പാദനം കൂടുമെന്നത് അനുഭവത്തിൽ നിന്നുള്ള ജിനേഷിന്റെ കണ്ടെത്തലാണ്. 1.5 മീറ്റർ വലിപ്പമുള്ള കുഴികളിൽ കുമ്മായം, ഡോളോമൈറ്റ്, ചകിരിച്ചോർ ചേർത്ത കോഴിവളം, ചാണകപ്പൊടി എന്നിവ അടിവളമായി നൽകിയാണ് കൃഷി ആരംഭിക്കുന്നത്. പൂർണ്ണമായും രാസവളങ്ങൾ ഒഴിവാക്കിയുള്ള ജൈവ കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്.

ലളിതമായ 'നാഗപ്പതി' രീതിയിലൂടെ തൈ ഉൽപ്പാദനം

നാഗപ്പതി രീതിയിലൂടെയാണ് ജിനേഷ് തൈകൾ ഉൽപ്പാദിപ്പിക്കുന്നത്. വേരുപിടിച്ച കുരുമുളക് തൈകളിൽ നിന്ന് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണിത്. ആരോഗ്യമുള്ള തൈകൾ കൂടയിൽ പിടിപ്പിച്ച് നിലത്തുപടരാൻ വിടുന്നു. ചെടിയുടെ മൂന്ന് മുട്ട് വരുമ്പോൾ അവിടെ മണ്ണ് നിറച്ച കൂട വെച്ച് വേര് പടർത്തും. മൂന്ന് മാസമാകുമ്പോൾ ആദ്യഭാഗം മുറിച്ചെടുത്ത് തൈകളാക്കി മാറ്റുന്നു. നാഗം അഥവാ പാമ്പിനെപ്പോലെ വള്ളി പടർത്തി തൈകളുണ്ടാക്കുന്നതിനാലാണ് ഇതിന് 'നാഗപ്പതി' എന്ന പേര് വന്നത്. വളരെ ലളിതവും ചിലവ് കുറഞ്ഞതുമായ ഈ രീതി വഴി ആരോഗ്യമുളള തൈകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു.

ഇത്തവണ 20,000 തൈകളാണ് ഫാമിൽ തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് മാസം പ്രായമായ തൈകൾക്ക് 60 മുതൽ 100 രൂപ വരെയാണ് വില. തണലുള്ള സ്ഥലങ്ങളിൽ പന്നിയൂർ 2, പന്നിയൂർ 8, കൂർഗ് എക്സ്എൽ എന്നിവയും, വെയിലുള്ള സ്ഥലങ്ങളിൽ മറ്റു തൈകളും നടാം.

മറ്റ് കൃഷികൾ

വാഴയുടെ ഇടവിളയായി ചേന, ചേമ്പ്, പച്ചക്കറി, കപ്പ എന്നിവയും ജിനേഷ് കൃഷി ചെയ്യുന്നുണ്ട്. ഓണവിപണി മുന്നിൽ കണ്ടാണ് ഈ കൃഷികൾ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, പിതാവ് ജോർജ് കണ്ടെത്തിയ 'കെജി ഗോൾഡ്' (കാളിയാനി ജോർജ് ഗോൾഡ്) എന്ന പ്രത്യേക ഇനം കശുമാവും ഇവിടെയുണ്ട്. 65 കശുവണ്ടിയുണ്ടെങ്കിൽ ഒരു കിലോഗ്രാം തൂക്കം വരുമെന്നതാണ് ഇതിന്റെ പ്രത്യേകത.

നെല്ലിക്കുറ്റിയിൽ ദീർഘകാലത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്ത് ഒരു കാർഷിക വിജ്ഞാന വിപണന കേന്ദ്രവും ജിനേഷ് ഒരുക്കിയിട്ടുണ്ട്. കൃഷിയെക്കുറിച്ചുള്ള തന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുനൽകുക എന്ന ലക്ഷ്യവും ജിനേഷിനുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 8606392944
Published 2 days ago