Cardamom Live
Login
ചതിച്ചത് പസിഫിക്കിലെ എൽനിനോ! പൂവ് പിടിച്ചില്ല, കായ്ച്ചതുമില്ല; അൽഫോൻസോ മാമ്പഴ വിളവെടുപ്പിൽ വൻ തകർച്ച
Back to News
Info 28 May 2026, 08:49 AM

ചതിച്ചത് പസിഫിക്കിലെ എൽനിനോ! പൂവ് പിടിച്ചില്ല, കായ്ച്ചതുമില്ല; അൽഫോൻസോ മാമ്പഴ വിളവെടുപ്പിൽ വൻ തകർച്ച

ചതിച്ചത് പസിഫിക്കിലെ എൽനിനോ! പൂവ് പിടിച്ചില്ല, കായ്ച്ചതുമില്ല; അൽഫോൻസോ മാമ്പഴ വിളവെടുപ്പിൽ വൻ തകർച്ച

ഇന്ത്യയുടെ അഭിമാനവും മാമ്പഴങ്ങളുടെ രാജാവുമെന്നറിയപ്പെടുന്ന അൽഫോൻസോ മാമ്പഴത്തിന്റെ വിളവെടുപ്പിൽ ഈ വർഷം വൻ ഇടിവ്. പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ പ്രധാന മാമ്പഴ ഉത്പാദന മേഖലകളിൽ കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും കാരണം 85% മുതൽ 90% വരെ വിളനാശമുണ്ടായതായാണ് റിപ്പോർട്ടുകൾ.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ക്രിസിൽ റേറ്റിങ് ഏജൻസിയുടെ കണക്കനുസരിച്ച് 2024-2025 വർഷത്തിൽ 28 ദശലക്ഷം മെട്രിക് ടൺ മാമ്പഴമാണ് രാജ്യം ഉല്‍പാദിപ്പിച്ചത്. എന്നാൽ ഇത്തവണ പസിഫിക് സമുദ്രത്തിലെ 'എൽ നിനോ' പ്രതിഭാസം മൂലമുണ്ടായ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു.

ഡിസംബർ, ജനുവരി മാസങ്ങളിൽ പകലിലെയും രാത്രിയിലെയും താപനിലയിലുണ്ടായ വലിയ വ്യത്യാസം മാവുകൾ പൂക്കുന്നതിനെയും കായ്പിടിക്കുന്നതിനെയും സാരമായി ബാധിച്ചു. പിന്നാലെ ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ കടുത്ത ഉഷ്ണതരംഗം ബാക്കിയുണ്ടായിരുന്ന പഴങ്ങളെക്കൂടി നശിപ്പിച്ചതായി ദേവ്ഗഢിലെ കൃഷി ഓഫിസറായ ബാപ്പുസാഹേബ് മണിക്റാവു ലംബാഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രമുഖ മാമ്പഴ ഉൽപാദന കേന്ദ്രമായ ദേവ്ഗഢിൽ മാത്രം 90 ശതമാനത്തോളം വിളനാശമുണ്ടായെന്നാണ് ഔദ്യോഗിക സർവേകൾ ചൂണ്ടിക്കാണിക്കുന്നത്.

--- പ്രതിസന്ധിയിലായി കർഷകരും ചെറുകിട വ്യാപാരികളും
വിളനാശം കർഷകരെയും ഓൺലൈൻ ഗ്രോസറി വിതരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദേവ്ഗഢിലെ യുവ ഹോർട്ടികൾച്ചറിസ്റ്റായ കോമൾ വാൽക്കെയുടെ മൂന്ന് ഏക്കർ തോട്ടത്തിൽ ഇത്തവണ പേരിനുപോലും അൽഫോൻസോ മാമ്പഴം ഉണ്ടായിട്ടില്ല. മുൻകൂട്ടി ലഭിച്ച ഓൺലൈൻ ഓർഡറുകൾ കൃത്യസമയത്ത് എത്തിക്കാൻ വലിയ തോട്ടങ്ങളിൽ നിന്ന് കൂടുതൽ വിലയ്ക്ക് മാമ്പഴം വാങ്ങി നൽകേണ്ട അവസ്ഥയിലാണ് ഇവർ.

മാമ്പഴ വിപണിയെ ആശ്രയിച്ച് കഴിയുന്ന അനുബന്ധ വ്യവസായങ്ങളെയും ഇത് ബാധിച്ചു. മാമ്പഴ പാക്കിങ്ങിനായി ബോക്സുകൾ നിർമിക്കുന്ന മൽവനിലെ സഞ്ജയ് നാരെയുടെ ഫാക്ടറിയിൽ ഒരു ലക്ഷത്തോളം കാർട്ടണുകളാണ് വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത്.

-- കയറ്റുമതി മേഖലയ്ക്ക് ഇരട്ടപ്രഹരം
കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും മാമ്പഴ വിപണിക്ക് തിരിച്ചടിയായി. ഇന്ത്യയിൽ നിന്നുള്ള മാമ്പഴ കയറ്റുമതിയിൽ വലിയൊരു പങ്കും യുഎഇ, യുഎസ്, യുകെ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിലേക്കാണ് പോകുന്നത്. എന്നാൽ യുദ്ധം കാരണം ചരക്കുകൂലി ഇരട്ടിയിലധികമായി വർധിച്ചതായി കയറ്റുമതിക്കാരായ ശ്രീവാലി അഗ്രോയുടെ സഹസ്ഥാപകൻ ശ്രീധർ പഥക് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കലും വൈകലും കാരണം ഇത്തവണത്തെ കയറ്റുമതിയിൽ 40 ശതമാനത്തോളം ഇടിവുണ്ടായി.

കയറ്റുമതി ചെയ്യാൻ മാറ്റിവെച്ച മാമ്പഴങ്ങൾ ആഭ്യന്തര വിപണിയിലേക്ക് കൂട്ടത്തോടെ എത്തിയതോടെ, വിപണിയിൽ വൻ തോതിൽ വിലയിടിവും സംഭവിച്ചു. ഉൽപാദനക്കുറവ് ഉണ്ടായെങ്കിലും വിലയിടിവ് കാരണം കർഷകർക്ക് അർഹമായ ലാഭം ലഭിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോള പ്രതിസന്ധികളും ഈ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Published 23 hours ago