Cardamom Live
Login
ലോകത്തെ നദികളിൽ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നു; ഗംഗാ നദിയിൽ സ്ഥിതി ഗുരുതരം
Back to News
Info 28 May 2026, 12:49 PM

ലോകത്തെ നദികളിൽ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നു; ഗംഗാ നദിയിൽ സ്ഥിതി ഗുരുതരം

ലോകത്തെ നദികളിൽ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നു; ഗംഗാ നദിയിൽ സ്ഥിതി ഗുരുതരം


ഭൂമിയിലെ ജലസ്രോതസ്സുകളിലെ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നതായി പുതിയ പഠന റിപ്പോർട്ട്. ലോകത്തെ ഏകദേശം 80 ശതമാനം നദികളും നിലവിൽ ഗുരുതരമായ ഡീഓക്സിജനേഷൻ (ഓക്സിജൻ നഷ്ടപ്പെടൽ) നേരിടുകയാണെന്ന് ശാസ്ത്ര ജേണലായ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഗംഗാ നദിയെയും തെക്കേ അമേരിക്കയിലെ ആമസോൺ നദിയെയുമാണ് ഈ പ്രതിസന്ധി ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ക്വി ഗുവാന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഈ നദികളിൽ ഓരോ പതിറ്റാണ്ടിലും ശരാശരി 0.045 മില്ലിഗ്രാം എന്ന തോതിലാണ് ഓക്സിജൻ നഷ്ടപ്പെടുന്നത്. 1985 മുതൽ 2023 വരെയുള്ള നാല് പതിറ്റാണ്ടുകളിലെ 34 ലക്ഷത്തിലധികം സാറ്റലൈറ്റ് ചിത്രങ്ങളും കാലാവസ്ഥാ ഡാറ്റയും വിശകലനം ചെയ്താണ് ലോകമെമ്പാടുമുള്ള പതിനാറായിരത്തിലധികം നദികളെക്കുറിച്ചുള്ള ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ഗവേഷകർ കണ്ടെത്തിയത്.

• ഗംഗ നദി കടുത്ത ഭീഷണിയിൽ
ഇന്ത്യയുടെ ജീവനാഡിയായ ഗംഗാ നദിയിൽ ആഗോള ശരാശരിയേക്കാൾ 20 ഇരട്ടി വേഗത്തിലാണ് ഓക്സിജന്റെ അളവ് കുറയുന്നതെന്ന് പഠനത്തിൽ പറയുന്നു. ഉഷ്ണമേഖലാ നദികളിലെ വെള്ളത്തിന് സ്വാഭാവികമായിത്തന്നെ ചൂട് കൂടുതലായതിനാൽ അവയിൽ ലയിച്ചുചേർന്ന ഓക്സിജന്റെ അളവ് പൊതുവെ കുറവായിരിക്കും. ഇതിലേക്ക് ആഗോളതാപനം കൂടിയാകുമ്പോൾ ഈ നദികൾ ജലജീവികൾക്ക് ശ്വസിക്കാൻ സാധിക്കാത്ത വിധം ഹൈപ്പോക്സിയ എന്ന അവസ്ഥയിലേക്ക് അതിവേഗം എത്തുന്നു.

• ഓക്സിജൻ കുറയാനുള്ള കാരണങ്ങൾ
നദികളിലെ ഓക്സിജൻ കുറയുന്നതിന് പ്രധാന കാരണം മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വെള്ളത്തിന്റെ ചൂട് കൂടുമ്പോൾ ഓക്സിജൻ തന്മാത്രകളെ വെള്ളത്തിൽ നിലനിർത്തുന്ന ഘടകങ്ങൾ ദുർബലമാവുകയും ഓക്സിജൻ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്യുന്നു. മാത്രമല്ല ആഴം കുറഞ്ഞ ജലാശയങ്ങളിലെ വെള്ളത്തിന്റെ ഒഴുക്ക് കുറയുമ്പോൾ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ വെള്ളത്തിലേക്ക് കലരുന്നത് തടസ്സപ്പെടുന്നു. ഇതിനൊപ്പമുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ സ്ഥിതി സങ്കീർണമാക്കുന്നു. നദികളിലെ ജലത്തിന്റെ അളവ് കുറയുന്നതും മനുഷ്യർ തള്ളുന്ന ഉപ്പ്, രാസവളങ്ങൾ, ജൈവമാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നതും ഓക്സിജൻ്റെ അളവ് കുറയാൻ കാരണമാകുന്നു.

• പാരിസ്ഥിതിക ദുരന്തങ്ങൾ സംഭവിക്കാം
മത്സ്യങ്ങൾ, സസ്യങ്ങൾ, ബാക്ടീരിയകൾ തുടങ്ങി എല്ലാ ജലജീവികൾക്കും ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ കുറയുന്നത് വലിയൊരു പാരിസ്ഥിതിക തകർച്ചയ്ക്ക് വഴിവെക്കും. ഡീഓക്സിജനേഷൻ എന്നത് വളരെ പതുക്കെ നടക്കുന്ന പ്രക്രിയയാണ്. ഇത് ദീർഘകാലം തുടർന്നാൽ നദീ ആവാസവ്യവസ്ഥയെ പൂർണ്ണമായി തകർക്കും. ഓക്സിജന്റെ കുറവ് ജൈവവൈവിധ്യ നാശത്തിനും ജലത്തിന്റെ ഗുണനിലവാരം തകരുന്നതിനും കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനായ ക്വി ഗുവാൻ പറയുന്നു. ഓക്സിജന്റെ അളവിൽ നേരിയ കുറവുണ്ടായാൽപ്പോലും നദികളിൽ വലിയ തോതിൽ ജലജീവികൾ ചത്തുപൊങ്ങും.

ഇങ്ങനെ ചത്തുപൊങ്ങുന്ന മത്സ്യങ്ങളെയും പായലുകളെയും ജീർണ്ണിപ്പിക്കാൻ ബാക്ടീരിയകൾ അവശേഷിക്കുന്ന ഓക്സിജൻ കൂടി ഉപയോഗിക്കുന്നതോടെ നദികൾ പൂർണ്ണമായും ജീവനറ്റ ഡെഡ് സോണുകളായി മാറും. കാർബൺ പുറന്തള്ളൽ ശക്തമായി നിയന്ത്രിച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ, തെക്കേ അമേരിക്ക, ആർട്ടിക്, കിഴക്കൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ നദികൾക്ക് തങ്ങളുടെ ഓക്സിജന്റെ 10 ശതമാനത്തോളം നഷ്ടപ്പെടുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇത് നദികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ കുടിവെള്ള സ്രോതസ്സുകളെയും ജീവിതത്തെയും കടുത്ത പ്രതിസന്ധിയിലാക്കും. നദികളുടെ സുസ്ഥിരമായ നിലനിൽപ്പിനായി ആഗോളതലത്തിൽ ഉടനടി കൃത്യമായ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.
Published 1 day ago