Cardamom Live
Login
വിള ഇൻഷുറൻസ്: 13 ഇനങ്ങൾക്കുകൂടി പരിരക്ഷ; ചേമ്പുമുതൽ തേനീച്ചക്കൃഷിക്കുവരെ ആനുകൂല്യം
Back to News
Info 19 Mar 2026, 06:47 AM

വിള ഇൻഷുറൻസ്: 13 ഇനങ്ങൾക്കുകൂടി പരിരക്ഷ; ചേമ്പുമുതൽ തേനീച്ചക്കൃഷിക്കുവരെ ആനുകൂല്യം

സംസ്ഥാന സർക്കാരിൻ്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ 13 വിളകൾക്കുകൂടി പരിരക്ഷ. കൂട്ടിലുള്ള തേനീച്ചക്കൃഷി, റംബുട്ടാൻ, പേരയ്ക്ക, പാഷൻഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ലിച്ചി, ഡ്രാഗൺഫ്രൂട്ട്, പപ്പായ, ചേമ്പ്, കാച്ചിൽ, ആന്തൂറിയം, ഓർക്കിഡ്, മുല്ല എന്നിവയ്ക്കും ഇനി വിള ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബർ, വാഴ തുടങ്ങി 27 വിളകൾക്കായിരുന്നു നിലവിൽ സംരക്ഷണം.

മഴയിലും വരൾച്ചയിലും നശിക്കുന്ന നെൽക്കൃഷിക്കുമാത്രമല്ല, ഉപ്പുവെള്ളം കയറിയുണ്ടാകുന്ന നാശത്തിനും പരിരക്ഷയേർപ്പെടുത്തി. മാവുകളിൽ കീടബാധമൂലമുണ്ടാകുന്ന നാശനഷ്‌ടത്തിനും ഇൻഷുറൻസ് ലഭിക്കും.

വാഴക്കൃഷിയിൽ ഒരുകുഴിയിൽ ഒന്നിലധികം വാഴക്കന്ന് നടുന്ന ഹൈഡെൻസിറ്റി കൃഷിരീതിക്കും ആനുകൂല്യം ലഭിക്കുന്നതിന് പദ്ധതിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

പ്രകൃതിക്ഷോഭംമൂലമുള്ള നാശനഷ്‌ടത്തിനുപുറമേ, വന്യമൃഗശല്യംമൂലമുള്ള നാശനഷ്ടത്തിനും വിള ഇൻഷുറൻസ് ഏർപ്പെടുത്തി. വനാതിർത്തിയിൽ വർഷങ്ങളായി തർക്കമില്ലാതെ കൃഷിചെയ്യുന്ന പട്ടയമില്ലാത്ത കൃഷിചെയ്യുന്ന ദീർഘകാലവിളകൾക്ക് നിലവിൽ വിള ഇൻഷുറൻസിന് അർഹതയുണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്തെ കൃഷിക്കും ആനുകൂല്യത്തിന് അർഹതയുണ്ട്.
Published 23 hours ago