Cardamom Live
Login
അദ്ഭുതം, ഒരൊറ്റ മരത്തിൽ 350 ഇനം മാമ്പഴങ്ങൾ! 125 വയസ്സുള്ള മാവിൽ മോദി മുതൽ സച്ചിൻ വരെ
Back to News
Info 19 Mar 2026, 02:47 PM

അദ്ഭുതം, ഒരൊറ്റ മരത്തിൽ 350 ഇനം മാമ്പഴങ്ങൾ! 125 വയസ്സുള്ള മാവിൽ മോദി മുതൽ സച്ചിൻ വരെ

ഒരു മരത്തിൽ എത്ര മാമ്പഴങ്ങൾ ഉണ്ടാകും? പത്തോ നൂറോ എന്ന് ചോദിക്കാൻ വരട്ടെ, ഉത്തർപ്രദേശിലെ മലീഹാബാദിൽ ഒരൊറ്റ മാവിൽ വിരിയുന്നത് 350ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ്. 'ഇന്ത്യയുടെ മാംഗോ മാൻ' എന്നറിയപ്പെടുന്ന പത്മശ്രീ ജേതാവ് കലീമുള്ള ഖാന്റെ കരവിരുതിലാണ് ഈ അദ്ഭുത മരം ലോകശ്രദ്ധയാകർഷിക്കുന്നത്.

ഏഴാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച കലീമുള്ള ഖാൻ, തൻ്റെ മുത്തച്‌ഛന്റെ തോട്ടത്തിൽ ജോലി ചെയ്‌താണ് കൃഷിയിൽ പ്രാവീണ്യം നേടിയത്. 1957ൽ ഒരു മരത്തിൽ പലതരം ഗ്രാഫ്റ്റിങ്ങുകൾ നടത്തി അദ്ദേഹം പരീക്ഷണം തുടങ്ങിയെങ്കിലും പ്രളയത്തിൽ ആ മരം നശിച്ചുപോയി. എന്നാൽ പരാജയത്തിൽ തളരാതെ, ഏകദേശം 125 വർഷം പഴക്കമുള്ള ഒരു മാവിൽ അദ്ദേഹം വീണ്ടും തൻ്റെ പരീക്ഷണങ്ങൾ തുടർന്നു. ഒൻപത് മീറ്ററോളം ഉയരമുള്ള ഈ മരത്തിൽ ഇന്ന് മുന്നൂറിലധികം വൈവിധ്യ മാമ്പഴങ്ങളാണ് കായ്ക്കുന്നത്.

ലോകപ്രശസ്തമായ അൽഫോൺസോ, ലാംഗ്ര, കേസരി, ദസേരി തുടങ്ങി ഇനങ്ങൾക്ക് പുറമെ കലീമുള്ള ഖാൻ തന്നെ വികസിപ്പിച്ചെടുത്ത സങ്കരയിനം മാമ്പഴങ്ങളും ഈ മരത്തിലുണ്ട്. പ്രമുഖ വ്യക്‌തികളോടുള്ള ആദരസൂചകമായി നരേന്ദ്ര മോദി, സച്ചിൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് എന്നിങ്ങനെയാണ് ഈ മാമ്പഴങ്ങൾക്ക് അദ്ദേഹം പേരിട്ടിരിക്കുന്നത്.

വിവിധയിനം മാവുകളുടെ ആരോഗ്യകരമായ ചില്ലകൾ പ്രധാന മാവിന്റെ തായ്ത്തടിയിലോ ചില്ലകളിലോ ഗ്രാഫ്റ്റ് ചെയ്‌താണ് ഈ നേട്ടം കൈവരിക്കുന്നത്. ഓരോ ചില്ലയും വർഷങ്ങളോളം നിരീക്ഷിക്കുകയും പരിചരിക്കുകയും വേണം. ദുബായിൽ നിന്നും ഇറാനിൽ നിന്നും വരെ കർഷകർ ഈ വിദ്യ പഠിക്കാനായി കലീമുള്ള ഖാന്റെ തോട്ടത്തിൽ എത്താറുണ്ട്. മകൻ നസീമുള്ള ഖാനും പിതാവിനെ സഹായിക്കാൻ കൂടെയുണ്ട്.

ക്ഷമയും കൗതുകവുമാണ് മാമ്പഴ കൃഷിക്ക് വേണ്ടത്. കഠിനാധ്വാനമുണ്ടെങ്കിൽ മരുഭൂമിയിൽ പോലും മാവ് വളർത്താം എന്നാണ് കലീമുള്ള ഖാൻ പറയുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വൃക്ഷം ഇന്ന് കേവലം ഒരു മരം മാത്രമല്ല, മറിച്ച് ഒരു മനുഷ്യന്റെ അർപ്പണബോധത്തിൻ്റെയും പ്രകൃതിയോടുള്ള സ്നേഹത്തിന്റെയും പ്രതീകമാണ്.
Published 15 hours ago