Cardamom Live
Login
പാൽ ലീറ്ററിന് 7000 രൂപ, 50 ലക്ഷം സർക്കാർ സബ്‌സിഡി! കഴുത വളർത്തൽ ലക്ഷങ്ങൾ കൊയ്യുന്ന ബിസിനസ്സോ?
Back to News
Info 20 Mar 2026, 10:04 AM

പാൽ ലീറ്ററിന് 7000 രൂപ, 50 ലക്ഷം സർക്കാർ സബ്‌സിഡി! കഴുത വളർത്തൽ ലക്ഷങ്ങൾ കൊയ്യുന്ന ബിസിനസ്സോ?

'ജോലി ഉപേക്ഷിക്കൂ, കഴുതകളെ വളർത്തു, കോടീശ്വരനാകൂ!', "കഴുതപ്പാലിന് ലീറ്ററിന് 7000 രൂപ', 'സർക്കാരിൽ നിന്ന് 50 ലക്ഷം സബ്‌സിഡി... കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന വാഗ്ദാനങ്ങളാണിവ. എന്നാൽ, ഈ തിളങ്ങുന്ന പരസ്യങ്ങൾക്കപ്പുറം കഴുത വളർത്തൽ എന്ന മേഖലയുടെ പച്ചയായ യാഥാർഥ്യം എന്താണ്? രാജസ്ഥാനിലെയും ഗുജറാത്തിലെയും ഫാമുകൾ കേന്ദ്രീകരിച്ച് ദേശീയ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവരുന്ന വസ്തുതകളെന്ത്? കഴുത വളർത്തലിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം കേന്ദ്ര സർക്കാരിൻ്റെ നാഷനൽ ലൈവ്സ്‌റ്റോക്ക് മിഷൻ (എൻഎൽഎം) പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡിയാണ്. എന്നാൽ ഇതിന്റെ നിബന്ധനകൾ പലരും കൃത്യമായി മനസ്സിലാക്കുന്നില്ല. 2024-25 ലെ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം കഴുത, കുതിര, ഒട്ടകം എന്നിവയെ 'എന്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് രാജസ്ഥ‌ഥാനിലെ സ്‌റ്റേറ്റ് നോഡൽ ഓഫിസർ ബ്രിജ് മോഹൻ ഗോയൽ പറഞ്ഞത്.

. സബ്‌സിഡി നിബന്ധനകൾ

പദ്ധതിയുടെ ആകെ ചെലവിൻ്റെ 50 ശതമാനമാണ് സർക്കാർ നൽകുന്നത്. ഒരാൾക്ക് ലഭിക്കാവുന്ന പരമാവധി സബ്‌സിഡി 50 ലക്ഷം രൂപയാണ്. അതായത്, 1 കോടി രൂപയുടെ പ്രോജക്‌ട് സമർപ്പിച്ചാൽ മാത്രമേ ഈ തുക ലഭിക്കു. അതിൽ കൂടുതൽ ചെലവാക്കിയാലും സബ്‌സിഡി 50 ലക്ഷത്തിൽ ഒതുങ്ങും. തദ്ദേശീയ ഇനങ്ങളായ ഹലാരി, മാർവാരി, സ്‌പിതി എന്നിവയെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തു. വിദേശ ഇനങ്ങൾക്ക് സബ്സിഡി ലഭിക്കില്ല. കുറഞ്ഞത് 50 പെൺ കഴുതകളും 5 ആൺ കഴുതകളും (50+5) ഒരു ഫാമിൽ ഉണ്ടായിരിക്കണം.

. പാലിൻ്റെ വില: ലീറ്ററിന് 7000, അതോ 1500 രൂപയോ?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു പ്രധാന കാര്യം കഴുതപ്പാലിന്റെ അമിത വിലയാണ്. ലീറ്ററിന് 5000 മുതൽ 7000 രൂപ വരെ ലഭിക്കുമെന്ന് പരസ്യങ്ങൾ അവകാശപ്പെടുമ്പോൾ റിയാലിറ്റി മറ്റൊന്നാണ്. അജ്‌മീറിലെ വിഐപി ഡോങ്കി ഫാം ഉടമ ശിവരാജ് രേഗർ പറയുന്നത് താൻ സ്വന്തമായി കഴുതകളെ വളർത്തുന്നില്ല എന്നാണ്. മഴക്കാലത്ത് നാടോടികളിൽ നിന്ന് കഴുതകളെ വാടകയ്‌ക്കെടുത്താണ് അദ്ദേഹം ഫാം നടത്തുന്നത്. 'പാലിന് 7000 രൂപ ലഭിക്കുമെന്നത് വെറും പ്രചാരണം മാത്രമാണ്. യഥാർഥത്തിൽ 1500 മുതൽ 2000 രൂപ വരെയാണ് പലപ്പോഴും ലഭിക്കുന്നത്. ഇതിന് കൃത്യമായ മാർക്കറ്റോ സ്ഥിരം ഉപഭോക്താക്കളോ ഇല്ല എന്നതാണ് മറ്റൊരു വെല്ലുവിളി, ' എന്നും അദ്ദേഹം പറയുന്നു. ജലോറിലെ ബാബുലാൽ എന്ന കർഷകൻ തന്റെ ഫാം പൂട്ടാൻ കാരണമായി പറയുന്നത് ആവശ്യക്കാരുടെ കുറവാണ്. അതേസമയം, ഗുജറാത്തിലെ ധീരൻ സോളങ്കിയെപ്പോലെയുള്ള ചിലർ ഓൺലൈൻ വഴി ലീറ്ററിന് 5000 രൂപയ്ക്ക് പാല് വിൽക്കുന്നുണ്ടെങ്കിലും അതൊരു വലിയ വിപണിയുടെ ഭാഗമല്ല, മറിച്ച് വ്യക്‌തിപരമായ ബിസിനസ് മിടുക്ക് മാത്രമാണെന്നും പറയുന്നു.

. നിക്ഷേപവും അടിസ്‌ഥാന സൗകര്യങ്ങളും

ഒരു കഴുത ഫാം തുടങ്ങുക എന്നത് പശുവിനെയോ ആടിനെയോ വളർത്തുന്നതുപോലെ ലളിതമല്ല. ഇതിന് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ഏകദേശം 800 ചതുരശ്ര അടി വിസ്തീർണമുള്ള ഷെഡുകൾ, മിൽക്ക് പ്രോസസ്സിങ് യൂണിറ്റ് തുടങ്ങി സംവിധാനങ്ങൾ വേണം. തീറ്റ ഒരുക്കാനായി മെഷീനുകൾ, പാൽ സംഭരണത്തിനുള്ള ചില്ലിങ് പ്ലാൻ്റുകളും ആവശ്യമാണ്. കുറഞ്ഞത് അഞ്ച് ഏക്കർ മേച്ചിൽപ്പുറം വികസിപ്പിച്ചെടുക്കണം. തദ്ദേശീയ ഇനങ്ങളുടെ വംശനാശം മറ്റൊരു വലിയ ഭീഷണിയാണ്. ഗുജറാത്തിലെ 'ഹലാരി' കഴുതകൾ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമാണ് അവശേഷിക്കുന്നത്.

. സബ്‌സിഡി ലഭിക്കാനുള്ള നടപടിക്രമങ്ങൾ

എൻഎൽഎം പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കണം. തുടർന്ന് സ്ഥലത്തിന്റെ വിവരങ്ങൾ, ഷെൽട്ടർ സൗകര്യം, പ്രജനന സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണം. ബാങ്ക് ലോൺ അനുവദിച്ച ശേഷം മാത്രമേ സബ്‌സിഡിയുടെ ആദ്യ ഗഡു ലഭിക്കൂ. ഫാം പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ മൃഗസംരക്ഷണ വകുപ്പിന്റെ നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ രണ്ടാം ഗഡു അനുവദിക്കൂ.

. സൂക്ഷിക്കുക, ചതിക്കുഴികൾ

ഈ മേഖലയിൽ ഒട്ടേറെ ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്. പശുവിൻ പാലോ ആട്ടിൻ പാലോ പോലെ എല്ലാ ദിവസവും വിറ്റഴിക്കാൻ കഴിയുന്ന ഒരു ഉൽപന്നമല്ല കഴുതപ്പാൽ. ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും വിപണി വളരെ പരിമിതമാണ്. സബ്‌സിഡി ലഭിക്കാൻ 55 കഴുതകളെ വളർത്തണം. ഇവയുടെ തീറ്റ, മരുന്ന്, ഇൻഷുറൻസ് എന്നിവയ്ക്കായി വലിയൊരു തുക മാസംതോറും കണ്ടെത്തേണ്ടി വരും. ആകെ നിക്ഷേപത്തിൻ്റെ 50 ശതമാനത്തിൽ കൂടുതൽ ഷെഡ് നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ല എന്ന കർശന നിയമം പലപ്പോഴും കർഷകർക്ക് തിരിച്ചടിയാകുന്നു.

കഴുതപ്പാലിന്റെ ഗുണങ്ങൾ

ഫാർമ ഫുഡ് എന്നാണ് കഴുതപ്പാലിനെ വിശേഷിപ്പിക്കുന്നത്. മുലപ്പാലിനു സമമായതുകൊണ്ടു നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ കുട്ടികൾക്കു കഴുതപ്പാൽ നൽകിയിരുന്നു. ലാക്ടോസ് ഇൻടോളറൻസ് (പശുവിൻപാലിനോടുള്ള അലർജി) പ്രശ്നവും കഴുതപ്പാലിനില്ല. രോഗപ്രതിരോധശേഷി നൽകാനുള്ള കഴിവ്, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവയെല്ലാം കഴുതപ്പാലിനു പെരുമയേറ്റുന്നു. സൗന്ദര്യവർധകോൽപന്നങ്ങളിലെ പ്രധാന ചേരുവയത്രെ കഴുതപ്പാൽ. ഇതോടൊപ്പം തന്നെ കഴുതയുടെ ചാണകം കൃഷിക്കു മികച്ച വളമാണ്. കഴുതച്ചാണകം ചേർക്കുന്നതുവഴി മണ്ണിലെ അമ്ലത കുറയ്ക്കാം. കാരണം, കഴുതച്ചാണകത്തിൻ്റെ പിഎച്ച് 7-8 ആണ്. ലാബിൽ പരിശോധിച്ച് ഉറപ്പിച്ചതാണ്. പച്ചക്കറി, വാഴ എന്നിവയ്ക്കാണ് പ്രധാനമായും കഴുതച്ചാണകം നൽകുന്നത്. കഴുത വളർത്തൽ എന്നത് ലാഭകരമായ ഒരു ബിസിനസ്സ് ആകാനുള്ള സാധ്യതയുണ്ട്, പക്ഷേ അത് സോഷ്യൽ മീഡിയയിൽ കാണുന്നത്ര എളുപ്പമല്ല. വലിയ മൂലധന നിക്ഷേപവും വിപണിയെക്കുറിച്ചുള്ള കൃത്യമായ ധാരണയും തദ്ദേശീയ ഇനങ്ങളെ പരിപാലിക്കാനുള്ള ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ഈ രംഗത്ത് വിജയിക്കാൻ കഴിയൂ. വെറും 'സബ്‌സിഡി' മോഹിച്ച് ഈ രംഗത്തേക്ക് എടുത്തുചാടുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ചുരുക്കം.
Published 19 hours ago