Cardamom Live
Login
മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിലും തുള്ളിനന; വെള്ളം ടെറസിലേക്കു വീഴുമെന്ന പേടിവേണ്ട
Back to News
Info 22 Mar 2026, 08:15 AM

മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിലും തുള്ളിനന; വെള്ളം ടെറസിലേക്കു വീഴുമെന്ന പേടിവേണ്ട

തുള്ളിനന അടുക്കളത്തോട്ടത്തിലും കുറഞ്ഞ ചെലവിൽ സ്വയം തയാറാക്കാം കുറഞ്ഞ വെള്ളം കൊണ്ട് കൂടുതൽ ഉൽപാദനം എന്നതാണല്ലോ സൂക്ഷ്മനനയുടെ അടിസ്‌ഥാന തത്വം. ചെടിക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം തുള്ളിനനയായോ നൽകുന്ന രീതിയാണ് മൈക്രോ ഇറിഗേഷൻ അഥവാ സൂക്ഷ്മനന. വെള്ളം ലാഭിക്കാനും ഉൽപാദന ക്ഷമത കൂട്ടാനും വളം കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും കൂലിച്ചെലവു കുറയ്ക്കാനുമൊക്കെ സഹായകമാണ് സൂക്ഷ്‌മനനരീതി. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ മാത്രമല്ല, വീട്ടുവളപ്പിലും മട്ടുപ്പാവിലുമുള്ള അടുക്കളത്തോട്ടത്തിലും ഈ രീതി പ്രയോജനപ്പെടുത്താം.

മിനി ഡ്രിപ് / മൈക്രോ സ്പ്രിങ്ഗ്ലർ

ടെറസിൽ പച്ചക്കറിക്കൃഷി ചെയ്യുമ്പോഴുള്ള പ്രധാന പ്രശ്നം, നനയ്ക്കുമ്പോൾ വീഴുന്ന അധിക ജലം ഒലിച്ചിറങ്ങി ടെറസിനു കേടുപാടു വരുന്നതാണ്. വെള്ളത്തോടൊപ്പം വളം കൂടിയാകുമ്പോൾ പ്രശ്നം രൂക്ഷമാകും. തുറന്ന ടെറസിൽ കൃഷി ചെയ്യുമ്പോൾ ദിവസവും നനയ്ക്കാൻ കഴിഞ്ഞില്ലെങ്കിലോ, ചെടികൾ കരിഞ്ഞുണങ്ങുകയും ചെയ്യും. ഈ സാഹചര്യത്തിൽ മിനി ഡ്രിപ് സംവിധാനം ടെറസ് കൃഷിക്ക് ഏറെ പ്രയോജനപ്പെടും. ഓരോ ചട്ടിയിലേക്കും ഗ്രോബാഗിലേക്കും ചെറിയ പോളിട്യൂബുകൾ വഴി വെള്ളം എത്തിക്കുന്ന സംവിധാനമാണിത്. ഓരോ ചെടിക്കും ആവശ്യമായ അളവിൽ മാത്രമാകും വെള്ളം ലഭിക്കുക. അതുകൊണ്ടുതന്നെ വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യ തയും അധിക വെള്ളം ടെറസിലേക്കു വീഴാനുള്ള സാധ്യതയും ഇല്ലാതാകും. വാൽവ് തുറക്കുന്നതു മാത്രമാണ് ഏക മനുഷ്യാധ്വാനം.

മിനി ഡ്രിപ്പിലെ ചെലവു കുറഞ്ഞ സംവിധാനമാണ് ഗ്രാവിറ്റി പവർ മിനി ഡ്രിപ് ടെറസിൽ തന്നെ അൽപം ഉയരത്തിൽ ക്രമീകരിക്കുന്ന ടാങ്ക് ആണ് ജലസ്രോതസ്സ്. ഈ ടാങ്കിൽനിന്ന് സ്വാഭാവികമാ യി താഴേക്കൊഴുകുന്ന വെള്ളത്തിന്റെ മർദം ഉപയോഗിച്ചാണ് നന നടക്കുക. പമ്പ്സെറ്റോ വൈദ്യുതിയോ ഒന്നും ആവശ്യം വരുന്നില്ല. ഓരോ ചെടിക്കും പ്രത്യേകം പ്രത്യേകം വെള്ളം നൽകുന്നതിനാൽ കീട, രോഗബാധകൾ കുറയും. വളം വെള്ളത്തോടൊപ്പം ലയിപ്പിച്ച് വേരുപടലത്തിൽ നേരിട്ട് എത്തിക്കുകയും ചെയ്യാം. മഴത്തുള്ളിനന നൽകുന്ന മൈക്രോ സ്പ്രിങ്ഗ്ലറും അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കാം. വെള്ളം നേർത്ത തുള്ളികളായി വീഴുന്നതാണ് മൈക്രോ സ്പ്രിങ്ഗ്ലറിന്റെ രീതി. ചെടികളുടെ ചുറ്റും ചാറ്റൽമഴ പോലെ വെള്ളം വീഴുന്നതിനാൽ മണ്ണിൽ എപ്പോഴും നനവ് നിലനിൽക്കും. ചെടികൾ വാടിപ്പോകാനുള്ള സാധ്യത തീരെയില്ല. വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി മുതൽ പുഷ്പകൃഷി വരെ വിവിധ വിളകൾക്കു ഇത് ഏറെ പ്രയോജനപ്രദമാണ്.

എളുപ്പത്തിൽ തയാറാക്കാം

മിനി ഡ്രിപ് / മൈക്രോ സ്പ്രിങ്ഗ്ലർ സംവിധാനം ഘടിപ്പിക്കാനും എളുപ്പമാണ്. മുറ്റത്തോടു ചേർന്നാണ് കൃഷിയെങ്കിൽ വെള്ളമെടുക്കാൻ സ്‌ഥാപിച്ചിരിക്കുന്ന ടാപ്പിലേക്ക് മിനി ഡ്രിപ് നേരിട്ട് ഘടി പ്പിക്കാം. ടെറസിലാണ് കൃഷിയെങ്കിൽ 300 ലീറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് ടെറസിൽത്തന്നെ അൽപം ഉയരത്തിൽ സ്ഥാപിക്കുക (കൂടുതൽ കൃഷിയുണ്ടെങ്കിൽ 500 ലീറ്റർ ടാങ്ക് വരെയാകാം). ടാങ്കിന്റെ കീഴെ ഫിൽറ്ററും വാൽവും സ്ഥാപിക്കണം. അവിടെ പ്രധാന പൈപ്പ് ഘടിപ്പിക്കുന്നു. അതിൽ നിന്ന് ഓരോ ചട്ടിയിലേക്കും ഡ്രിപ്പർ ഘടിപ്പിച്ച ചെറുപൈപ്പുകൾ ക്രമീകരിക്കാം. ടാങ്കിൽനിന്നുള്ള വാൽവ് തുറന്നാൽ വെള്ളം ഗുരുത്വബലത്തിൽ ചെടികളുടെ ചുവട്ടിലെത്തും. കാര്യമായ സാങ്കേതി കജ്ഞാനമോ അധ്വാനമോ അതു തയാറാക്കാൻ ആവശ്യമില്ല. 20 സെന്റ് സ്ഥലത്തെ അടുക്കള ത്തോട്ടത്തിന് 12,000രൂപ വരെ ചെലവു വരാം. മട്ടുപ്പാവ് കൃഷിക്കെങ്കിൽ 2000 മുതൽ 4000 രൂപ വരെ ചെലവ് വരും. PDMC അഥവാ Per Drop More crop പദ്ധതിപ്രകാരം സൂക്ഷ്‌മനന സംവിധാനം സ്ഥാപിക്കുന്നതിന് നിലവിൽ ആനുകൂല്യം ലഭ്യമാണ്. അടുത്തുള്ള കൃഷിഭവനെ സമീപിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
Published 23 hours ago