Cardamom Live
Login
മഴക്കാലത്ത് കൃഷിയിടങ്ങളിലെ വില്ലനായി 'നീമാവിരകൾ'; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം
Back to News
Info 16 Jun 2026, 05:41 PM

മഴക്കാലത്ത് കൃഷിയിടങ്ങളിലെ വില്ലനായി 'നീമാവിരകൾ'; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

കാലവർഷം സജീവമായതോടെ സംസ്ഥാനത്തെ വിവിധ കൃഷിയിടങ്ങളിൽ നീമാവിര (Nematodes) ശല്യം രൂക്ഷമാകുന്നു. ചെടികളുടെ വേരുകളെ ബാധിക്കുന്ന ഈ അദൃശ്യ ശത്രുക്കൾ വിളവിനെയും ചെടിയുടെ വളർച്ചയെയും സാരമായി ബാധിക്കുന്നതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ നീമാവിരകളുടെ ആക്രമണം എങ്ങനെ തിരിച്ചറിയാമെന്നും അവയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട ശാസ്ത്രീയ മാർഗങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.

എന്താണ് നീമാവിരകൾ?

രണ്ടായിരത്തിലധികം ഇനം നീമാവിരകൾ ഉണ്ടെങ്കിലും, കൃഷിയിൽ പ്രധാനമായും വ്യാപക നാശം വിതയ്ക്കുന്നത് റൂട്ട് നോട്ട് നെമറ്റോഡുകൾ (Root-knot nematodes) ആണ്. ചെടികളുടെ വേരുകൾക്കുള്ളിൽ കടന്ന് വംശവർദ്ധനവ് നടത്തുന്ന ഇവ, ചെടികൾക്ക് ലഭിക്കേണ്ട മൂലകങ്ങളും ലവണങ്ങളും വലിച്ചെടുത്ത് ജീവിക്കുന്നു. വേരുകളിൽ ചെറിയ മുഴകൾ രൂപപ്പെടുത്തുന്ന ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.

എങ്ങനെ തിരിച്ചറിയാം? (പ്രധാന ലക്ഷണങ്ങൾ)

കണ്ണുകൊണ്ട് കാണാൻ സാധിക്കാത്തതിനാൽ ചെടികളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ നോക്കി വേണം രോഗബാധ സ്ഥിരീകരിക്കാൻ:
• ചരങ്ങൾ കുറുകിപ്പോവുക, കൊത്തുകൾ തമ്മിലുള്ള അകലം ഗണ്യമായി കുറയുക.
• പുതിയ ചിമ്പുകൾ (കൂമ്പുകൾ) വരാതിരിക്കുകയോ, വരുന്നവ വളർച്ചയില്ലാതെ നാക്കടഞ്ഞ അവസ്ഥയിൽ മുരടിച്ചു നിൽക്കുകയോ ചെയ്യുക.
• പൂക്കളും കായ്പിടുത്തവും കുറയുക, കായ്കൾക്ക് വലുപ്പം വെക്കാതിരിക്കുക.
• ചുവട്ടിൽ നൽകുന്ന വളങ്ങളോട് ചെടി യാതൊരുവിധ പ്രതികരണവും കാണിക്കാതിരിക്കുക.
• വളം വലിച്ചെടുക്കുന്ന പൊടിവേരുകൾ/ചളി വേരുകൾ പൂർണ്ണമായി ഉണങ്ങി നശിച്ച്, പുതിയ വേരുകൾ ഉണ്ടാകാതെ ഒടുവിൽ ചെടി തന്നെ ഉണങ്ങിപ്പോവുക.

പ്രതിരോധവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് മുൻകരുതൽ എടുക്കുന്നതാണ്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ കൂടിയും ഓരോ ആറ് മാസം കൂടുമ്പോഴും മുൻകരുതലായി മരുന്നുകൾ നൽകുന്നത് വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കും.
• ശരിയായ മരുന്ന് ഉപയോഗിക്കുക: നീമാവിരകളെ നശിപ്പിക്കാൻ നെമറ്റിസൈഡ് (Nematicide) വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ തന്നെ ഉപയോഗിക്കണം. സാധാരണ കീടനാശിനികൾ (Pesticides/Insecticides) ഇതിന് യാതൊരു ഫലവും നൽകില്ല.
• മരുന്നുകൾ മാറ്റി ഉപയോഗിക്കുക: ഒരേ മരുന്ന് തന്നെ തുടർച്ചയായി ഉപയോഗിക്കരുത്. ഒരു മരുന്നിനെ അതിജീവിച്ചു വരുന്ന പുതിയ തലമുറയ്ക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. അതിനാൽ അടുത്ത തവണ മറ്റൊരു മരുന്ന് പ്രയോഗിക്കാൻ ശ്രദ്ധിക്കുക.

മരുന്ന് നൽകിയ ശേഷമുള്ള പരിചരണം

നീമാവിര ബാധിച്ച ചെടികളിൽ ഫംഗസ് രോഗങ്ങൾ (Clump root, fusarium, phoma) വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ നെമറ്റിസൈഡ് നൽകി 7 ദിവസത്തിന് ശേഷം ഒരു ഫംഗിസൈഡ് (Fungicide) സ്പ്രേ ചെയ്യുകയോ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ വേണം. ഇത് ഫംഗസ് ബാധകൾ മാറി പുതിയ വേരുകൾ വേഗത്തിൽ വരാൻ സഹായിക്കും.
വളപ്രയോഗം: നെമറ്റിസൈഡ് നൽകി 14 ദിവസത്തിന് ശേഷം മാത്രം വളപ്രയോഗം നടത്തുക. പുതിയ വേരുകൾ വരാൻ വളങ്ങൾ പുളിപ്പിച്ച്, നന്നായി നേർപ്പിച്ച് പല തവണകളായി ഒഴിച്ചുകൊടുക്കുന്നത് മികച്ച ഫലം നൽകും.

ഫലപ്രദമായ ചില മരുന്നുകളും ഉപയോഗക്രമവും

• Fipronil 0.6% GR: മണലിൽ കോട്ട് ചെയ്ത് വരുന്ന ഈ മരുന്ന് 200 ലിറ്റർ വെള്ളത്തിൽ 1 കിലോഗ്രാം എന്ന തോതിൽ തലേദിവസം കലക്കിവെച്ച ശേഷം ഒരു ചെടിക്ക് 10 ലിറ്റർ വീതം ഒഴിച്ചുകൊടുക്കാം. അല്ലെങ്കിൽ ഒരു ചെടിയുടെ നാലുവശത്തുമായി ചെറിയ കുഴികളെടുത്ത് 100 ഗ്രാം വീതം ഇട്ട് മണ്ണിട്ട് ഉറപ്പിച്ചും നൽകാം. (ശ്രദ്ധിക്കുക: Fipronil 0.3% ആണ് ഉപയോഗിക്കുന്നതെങ്കിൽ അളവ് ഇരട്ടിയാക്കണം).
• Velum Prime: 200 ലിറ്റർ വെള്ളത്തിൽ 50 മില്ലി എന്ന അളവിൽ കലക്കി ഒരു ചെടിക്ക് 10 ലിറ്റർ വീതം ഒഴിച്ചുകൊടുക്കാം. ഇതിന്റെ കൂടെ മറ്റ് മരുന്നുകൾ ചേർക്കേണ്ടതില്ല. ഇത് തുടർച്ചയായി ഉപയോഗിക്കുന്നത് ഫലം കുറയ്ക്കും.
• Nimitz: 500 ലിറ്റർ വെള്ളത്തിൽ 1 കിലോഗ്രാം എന്ന തോതിൽ കലക്കി ഉപയോഗിക്കുന്നത് മികച്ച ഫലം നൽകുന്നതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇതും അടുപ്പിച്ച് ഉപയോഗിക്കാൻ പാടില്ല.

Published 5 days ago