Cardamom Live
Login
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം; തേയില, ഏലം കർഷകർ ആശങ്കയി
Back to News
Info 23 Mar 2026, 08:20 AM

കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം; തേയില, ഏലം കർഷകർ ആശങ്കയി

കേരളത്തിലും തമിഴ്നാട്ടിലും പകൽ താപനില ഉയർന്നതോടെ തേയില തോട്ടങ്ങളിൽ കൊളുന്ത്‌ നുള്ള്‌ മന്ദഗതിയിലേക്ക്‌. രണ്ട്‌ സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതിനൊപ്പം ചൂടിന്റെ കാഠിന്യം വർധിച്ചത്‌ പുതിയ ഇലകൾ കിളിർക്കുന്നതിന്‌ കാലതാസം നേരിടുന്നുണ്ട്. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ മുന്നിലുള്ള രണ്ട്‌ മാസം തേയില ഉൽപാദനം ഗണ്യമായി കുറയാം. വൻകിട തോട്ടങ്ങൾ കരുതൽ ശേഖരം വിൽപന നിയന്ത്രിച്ചാൽ നിരക്ക്‌ ഉയരുമെന്ന പ്രതീക്ഷയിലാണ്‌ ചെറുകിട കർഷകർ. കൊച്ചി, കൂന്നുർ ലേല കേന്ദ്രങ്ങളിൽ ലീഫ്, ഡസ്‌റ്റ്‌ തേയിലകളുടെ വരവ്‌ ചുരുങ്ങിയതിനിടയിൽ പായ്ക്കറ്റ്‌ നിർമാതാക്കൾ ലേലത്തിൽ പിടിമുറുക്കിയതോടെ കയറ്റുമതിക്കാരും സജീവമായി. റമസാൻകാല ആവശ്യങ്ങൾ മുന്നിൽ കണ്ട്‌ അറബ്‌ രാജ്യങ്ങൾ ഇതിനകം തന്നെ തേയിലയ്‌ക്ക്‌ കച്ചവടങ്ങൾ ഉറപ്പിച്ചിട്ടുണ്ട്‌. മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്കുപുറമേ സിഐഎസും രംഗത്ത്‌ അണിനിരന്നതോടെ വിവിധയിനങ്ങളുടെ നിരക്ക്‌ കിലോ അഞ്ച്‌ മുതൽ പത്ത്‌ രൂപ വരെ കൊച്ചി ലേലത്തിൽ ഉയർന്നു. പ്രതികൂല കാലാവസ്ഥയിൽ ഒട്ടുമിക്ക ഏലതോട്ടങ്ങളും നിർജീവാവസ്ഥയിലേക്ക്‌. ചൂട്‌ മറികടക്കാൻ വൻകിടതോട്ടങ്ങൾ ജലസേചന മാർഗങ്ങൾ ആരാഞ്ഞ്‌ തുടങ്ങി. മഴയുടെ അഭാവം ശരങ്ങളെ തളർത്തുന്നത്‌ തടയാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്ന തിരക്കിലാണ്‌ കർഷകർ. ഇതിനിടയിൽ ഇന്നത്തെ ലേലത്തിന്‌ ഇറങ്ങിയത്‌ കേവലം 34,763 കിലോ ഏലക്ക മാത്രമാണ്‌, ഇതിൽ 33,799 കിലോയും ആഭ്യന്തര വിദേശ ഇടപാടുകാർ തിടുക്കത്തിൽ ശേഖരിച്ചു. ശരാശരി ഇനം ഏലക്ക കിലോ 2449 രൂപയിലും മികച്ചയിനങ്ങൾ 2924 രൂപയിലും ലേലം നടന്നു. സംസ്ഥാനത്ത്‌ വെളിച്ചെണ്ണ വില സ്‌റ്റെഡിയാണ്‌, അതേസമയം തമിഴ്‌നാട്ടിൽ നാളികേരോൽപന്നങ്ങൾ അൽപം സമ്മർദത്തിലും. കാങ്കയത്ത്‌ എണ്ണ വിലയിൽ മാറ്റമില്ലങ്കിലും മില്ലുകാരിൽ നിന്നുള്ള ഡിമാൻഡ് മങ്ങിയതോടെ കൊപ്രയ്‌ക്ക്‌ 100 രൂപ താഴ്‌ന്നു.
Published 21 hours ago