Cardamom Live
Login
രാസവളങ്ങളോട് വിട, ഏലക്കൃഷിയിൽ മികച്ച വരുമാനം സ്വന്തമാക്കി ജെ.ബി മുരുകേശൻ
Back to News
Info 01 Jul 2026, 10:20 AM

രാസവളങ്ങളോട് വിട, ഏലക്കൃഷിയിൽ മികച്ച വരുമാനം സ്വന്തമാക്കി ജെ.ബി മുരുകേശൻ

ഏലക്കൃഷിയിലെ അമിതമായ രാസവള, കീടനാശിനി പ്രയോഗങ്ങൾക്കെതിരെ മാതൃകയാവുകയാണ് തമിഴ്നാട് തേനി ഗൂഡല്ലൂർ സ്വദേശിയായ ജെ.ബി മുരുകേശൻ. കട്ടപ്പനയ്ക്കടുത്തുള്ള നരിയംപാറയിലെ തന്റെ ആറര ഏക്കർ തോട്ടത്തിൽ അദ്ദേഹം വിജയകരമായി ജൈവ ഏലക്കൃഷി നടത്തുന്നു. കഴിഞ്ഞ 10 വർഷമായി അദ്ദേഹം രാസവളങ്ങളും കീടനാശിനികളും പൂർണ്ണമായും ഒഴിവാക്കിയാണ് കൃഷി ചെയ്യുന്നത്.

തുടക്കത്തിൽ ജൈവക്കൃഷിയിലേക്കുള്ള മാറ്റം വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് മുരുകേശൻ ഓർക്കുന്നു. രാസവളങ്ങൾ ഉപയോഗിക്കുന്ന ഏലക്കൃഷിക്ക് ഒരു ഏക്കറിന് ലക്ഷങ്ങൾ ചിലവ് വരുമ്പോൾ, ആറര ഏക്കർ കൃഷിയിടം ജൈവരീതിയിൽ പരിപാലിക്കാൻ പ്രതിവർഷം ഒന്നര ലക്ഷം രൂപ മാത്രമാണ് മുരുകേശന് ചെലവാകുന്നത്. ചിലവ് കുറയ്ക്കുന്നതിനോടൊപ്പം രാസക്കൃഷിയോളം തന്നെ മികച്ച വിളവ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

● ജൈവവളക്കൂട്ടുകളുടെ മാന്ത്രികത

മഴക്കാലത്ത് ഏലച്ചെടികളിൽ കൂടുതലായി കാണുന്ന തട്ട അഴുകൽ രോഗമാണ് രാസക്കൃഷിയിൽ നിന്ന് മാറിചിന്തിക്കാൻ മുരുകേശനെ പ്രേരിപ്പിച്ചത്. തമിഴ്നാട്ടിലെ പ്രശസ്ത ജൈവക്കൃഷി വിദഗ്ദ്ധനായ നമ്മാൾവാരുടെ രീതികളാണ് അദ്ദേഹം പിന്തുടരുന്നത്. ജീവാമൃതം, പഞ്ചഗവ്യം എന്നിവയാണ് അദ്ദേഹം പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങൾ.

നാടൻപശുവിന്റെ ചാണകം, മൂത്രം, ശർക്കര, പയറുപൊടി, മണ്ണ്, വെള്ളം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ജീവാമൃതം രണ്ടു മാസത്തിലൊരിക്കലാണ് ചെടികൾക്ക് നൽകുന്നത്. ഇത് മണ്ണിലെ സൂക്ഷ്മാണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും മൂലകങ്ങൾ ചെടികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു. ഏലക്കായുടെ ഗുണമേന്മ വർദ്ധിപ്പിക്കാൻ പഞ്ചഗവ്യം സഹായകമാകുമ്പോൾ, ചെടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് മത്സ്യവും ശർക്കരയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഫിഷ് അമിനോ ആസിഡും മുരുകേശൻ നൽകുന്നു.

കൂടാതെ അസോസ്പൈറില്ലം, ഫോസ്ബോ ബാക്ടീരിയ തുടങ്ങിയ ജീവാണുവളങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുക്കാൻ സഹായിക്കുന്നതിനൊപ്പം വേരുകളുടെ വളർച്ചയും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നു.
കൂടുതൽ കൃഷിക്കാർ ഈ സുസ്ഥിര കൃഷിരീതികൾ പിന്തുടരുകയാണെങ്കിൽ മണ്ണിന്റെയും പ്രകൃതിയുടെയും ആരോഗ്യം വീണ്ടെടുക്കുന്നതിനൊപ്പം ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും മികച്ച വരുമാനം കണ്ടെത്താനും സാധിക്കുമെന്നാണ് ഈ കർഷകൻ സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുന്നത്.

Published 22 hours ago