Cardamom Live
Login
കുരുമുളക്‌ വാരിക്കൂട്ടാൻ മത്സരിച്ച് അമേരിക്കയും ജർമനിയും, മാറ്റമില്ലാതെ എണ്ണവില.
Back to News
Info 25 Mar 2026, 02:29 PM

കുരുമുളക്‌ വാരിക്കൂട്ടാൻ മത്സരിച്ച് അമേരിക്കയും ജർമനിയും, മാറ്റമില്ലാതെ എണ്ണവില.

ആഗോള തലത്തിൽ കുരുമുളക് ലഭ്യത ചുരുങ്ങിയ വിവരം ഇറക്കുമതി രാജ്യങ്ങളെ അസ്വസ്‌ഥരാക്കുന്നു. ഉൽപാദന രാജ്യങ്ങളിൽ സ്റ്റോക്ക് നിലയിൽ ഏകദേശം 20 ശതമാനം ഇടിവ്. അമേരിക്കയും ജർമ്മനിയും തായ്ലാൻഡും ലഭ്യമാവുന്ന കുരുമുളക് വാരി കൂട്ടാൻ മത്സരിക്കുന്നു. മുൻനിര കയറ്റുമതി രാജ്യമായ വിയെറ്റ്നാമിലും ‌സ്റ്റോക്ക് കുറഞ്ഞു. നടപ്പ് വർഷം വിയെറ്റ്നാം ഇതിനകം ഏകദേശം 45,000 ടൺ കുരുമുളക് കയറ്റുമതി നടത്തി, മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനത്തിൽ അധികമാണിത്. ചൈനയിൽ കുരുമുളക് സ്‌റ്റോക്ക് ചുരുങ്ങിയതോടെ അവർ കയറ്റുമതി രാജ്യങ്ങളിൽ അന്വേഷണങ്ങൾ ആരംഭിച്ചു. വിയെറ്റ്നാമിൻ്റെ നിരക്ക് ടണ്ണിന് 6600 ഡോളറാണ്. ഇന്ത്യൻ നിരക്ക് 7800 ഡോളറും, ഇറ്റലി അടക്കമുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മലബാർ മുളകിന് ആവശ്യകാരുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് ക്വിൻറ്റലിന് 70,000 രൂപ.

ഉൽപാദന മേഖലയിൽ നടന്ന ഏലയ്ക്ക ലേലത്തിൽ വരവ് കുറഞ്ഞു. വരണ്ട കാലാവസ്ഥയും സീസൺ അവസാനഘട്ടത്തിൽ എത്തിയതും ഒട്ടുമിക്ക തോട്ടങ്ങളെയും നിർജീവമാക്കി. ചുരുക്കം തോട്ടങ്ങളിൽ പണികൾ നടക്കുന്നുണ്ടങ്കിലും വിളവ് ചുരുങ്ങിയെന്ന് കർഷകർ. ഇന്ന് ലേലത്തിന് എത്തിയ 18,288 കിലോ ഏലക്കയിൽ 17,929 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2255 രൂപയിലും മികച്ചയിനങ്ങൾ 2782 രൂപയിലും കൈമാറി.

വെളിച്ചെണ്ണ വ്യാപാര രംഗം ചൂടുപിടിപ്പിക്കുകയെന്ന ലക്ഷ്യതോടെ തമിഴ്‌നാട് ലോബി ശക്തമായ കരുനീക്കങ്ങൾ നടത്തി. പിന്നിട്ട പതിനാറ് ദിവസമായി കൊച്ചിയിൽ നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ ചലനമുളവാക്കാൻ കാങ്കയത്തെ മില്ലുകാർ വെളിച്ചെണ്ണ വില ക്വിൻറ്റലിന് 650 രൂപ ഇന്ന് ഉയർത്തിയെങ്കിലും വാങ്ങൽ താൽപര്യം ദൃശ്യമായില്ല, കൊച്ചിയിൽ എണ്ണ വില 26,900 രൂപയിൽ സ്‌റ്റെഡിയാണ്.
Published 1 day ago