Cardamom Live
Login
 കുരുമുളക് വള്ളികളെ ബാധിക്കുന്ന ദ്രുതവാട്ടം  എങ്ങനെ, എന്ത് പ്രതിവിധികൾ
Back to News
Info 05 Jul 2026, 10:19 AM

കുരുമുളക് വള്ളികളെ ബാധിക്കുന്ന ദ്രുതവാട്ടം എങ്ങനെ, എന്ത് പ്രതിവിധികൾ

മഴക്കാലത്ത് കുരുമുളക് വള്ളികളെ ബാധിക്കുന്ന ദ്രുതവാട്ടം എങ്ങനെ എന്ത് പ്രതിവിധികൾ , പരിശോധിക്കാം.

രോഗലക്ഷണങ്ങൾ

• ഈർപ്പമുള്ള അന്തരീക്ഷത്തിലാണ് രോഗസാധ്യത കൂടുതൽ.
• കുരുമുളകുവള്ളിയുടെ എല്ലാ ഭാഗങ്ങളെയും ഈ രോഗം ബാധിച്ചേക്കാം.
• ഇലകളുടെ അറ്റത്ത് കറുത്ത പുള്ളികൾ പ്രത്യക്ഷപ്പെടുകയും, അത് ഇലഞെട്ടുകളിലേക്ക് വ്യാപിച്ച് ഇല കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.
• കൊടിയുടെ ചുവട്ടിലെ പ്രധാന തണ്ടിലും രോഗലക്ഷണങ്ങൾ കാണാം. രോഗം ബാധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ചെടി ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്.
• വേരുകളിലാണ് രോഗബാധയെങ്കിൽ, മഴക്കാലം കഴിയുമ്പോൾ മഞ്ഞളിപ്പ്, വാട്ടം, ഇലകൊഴിച്ചിൽ എന്നിവ കാണാം. ക്രമേണ രോഗം പ്രധാന തണ്ടിലേക്ക് വ്യാപിച്ച് കൊടി പൂർണ്ണമായും ഉണങ്ങുന്നു.

പ്രതിവിധികൾ

• നടീൽ: നല്ല നീർവാർച്ചയുള്ള സ്ഥലത്ത് വേണം കുരുമുളക് തൈകൾ നടാൻ.
• സൂര്യപ്രകാശം: തോട്ടത്തിൽ നന്നായി സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ താങ്ങുമരത്തിന്റെ കൊമ്പുകൾ വെട്ടിയൊതുക്കി തണൽ ക്രമീകരിക്കണം.
• ജൈവവളപ്രയോഗം: മുൻകരുതലെന്ന നിലയിൽ, ജൈവനിയന്ത്രണ സഹായിയായ ട്രൈക്കോഡെർമ (Trichoderma) ചേർത്ത് സമ്പുഷ്ടീകരിച്ച വേപ്പിൻപിണ്ണാക്ക് - ചാണകപ്പൊടി മിശ്രിതം ഒരു കൊടിക്ക് 500 ഗ്രാം എന്ന തോതിൽ നൽകണം.
• സ്യൂഡോമോണാസ് (Pseudomonas): 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കണം.
• രാസപ്രയോഗങ്ങൾ: കാലവർഷം ശക്തമാകുന്നതിന് മുൻപായി 1% വീര്യമുള്ള ബോർഡോ മിശ്രിതം (Bordeaux mixture) തളിക്കുക. ഇതിന് പകരമായി 3 ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് (Copper oxychloride) ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതുമാണ്.
• രോഗം നിയന്ത്രണവിധേയമായാൽ ജൈവിക മാർഗ്ഗങ്ങൾ തുടരാവുന്നതാണ്. രോഗബാധയുള്ള തോട്ടങ്ങളിൽ കൊടികൾക്ക് വേപ്പിൻപിണ്ണാക്ക് മണ്ണിൽ ചേർത്ത് നൽകുന്നത് ഗുണം ചെയ്യും.

Published 3 weeks ago