Info
12 Jul 2026, 07:24 AM
വീടിനുള്ളിൽ ഉറുമ്പുശല്യമുണ്ടോ? കാരണം നിങ്ങളുടെ പ്രിയപ്പെട്ട ഇൻഡോർ ചെടികളാകാം!
വീടിനുള്ളിൽ പച്ചപ്പ് നിലനിർത്താനും പോസിറ്റീവ് എനർജി നിറയ്ക്കാനും നമ്മളിൽ പലരും ഇൻഡോർ ചെടികൾ വളർത്താറുണ്ട്. എന്നാൽ ഈ പ്രിയപ്പെട്ട ചെടികൾ ചിലപ്പോൾ വീടിനുള്ളിലേക്ക് ഉറുമ്പുകളെ ആകർഷിക്കാൻ കാരണമാകാറുണ്ട്. ചെടികളിലെ അമിതമായ ഈർപ്പം, അവ സ്രവിക്കുന്ന മധുരമുള്ള ദ്രാവകങ്ങൾ, ചെടികളെ ബാധിക്കുന്ന കീടങ്ങൾ എന്നിവയാണ് ഉറുമ്പുകളെ പ്രധാനമായും ആകർഷിക്കുന്നത്.
ഉറുമ്പുകളെ ആകർഷിക്കുന്ന 4 പ്രധാന ചെടികളും അവയെ നേരിടാനുള്ള സൂത്രവിദ്യകളും:
1. മണി പ്ലാന്റ് (Money Plant):
കൂടുതൽ പരിചരണം ആവശ്യമില്ലാത്തതിനാൽ പലരും ഇവ വീടിന്റെ മൂലകളിൽ വയ്ക്കാറുണ്ട്. എന്നാൽ ചട്ടിയിലെ മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കുന്നത് ഉറുമ്പുകൾക്ക് സുരക്ഷിതമായി കൂടുകൂട്ടാൻ ഇടമൊരുക്കുന്നു. കൂടാതെ, ഇവയിൽ കാണപ്പെടുന്ന 'ചെതുമ്പൽ പ്രാണികൾ' (Scale insects) പുറപ്പെടുവിക്കുന്ന മധുരമുള്ള 'ഹണിഡ്യൂ' ഉറുമ്പുകളെ വൻതോതിൽ ആകർഷിക്കും.
• പരിഹാരം: ചട്ടിയിലെ മുകളിലെ മണ്ണ് ഉണങ്ങിയതാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അടുത്ത തവണ നനയ്ക്കുക.
2. ചെമ്പരത്തി (Hibiscus):
ഇൻഡോർ ആയും ബാൽക്കണിയിലും വളർത്തുന്ന ചെമ്പരത്തി ഉറുമ്പുകൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇതിന്റെ ഇലകളിലും പൂവിന് പുറത്തുമായി കാണപ്പെടുന്ന 'എക്സ്ട്രാഫ്ലോറൽ നെക്ടറികൾ' എന്ന ഗ്രന്ഥികൾ മധുരമുള്ള ഒരു ദ്രാവകം സ്രവിക്കുന്നുണ്ട്. ഇതാണ് ഉറുമ്പുകളെ കൂട്ടത്തോടെ ആകർഷിക്കുന്നത്.
• പരിഹാരം: ചെടിയുടെ ഇലകൾ പതിവായി പരിശോധിക്കുകയും വൃത്തിയാക്കുകയും ചെയ്യുക.
3. ഫേണുകൾ (Ferns):
ഈർപ്പം ഇഷ്ടപ്പെടുന്ന ഫേണുകളുടെ നനവുള്ള മണ്ണ് ഉറുമ്പുകൾക്ക് താവളമൊരുക്കാൻ അനുയോജ്യമാണ്. ചിലയിനം ഫേൺ ഇലകളുടെ ചുവട്ടിലും മധുരദ്രാവകം ചുരത്തുന്ന ഗ്രന്ഥികളുണ്ട്.
• പരിഹാരം: ചട്ടിയുടെ ഡ്രെയിനേജ് ഹോൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ചട്ടിയ്ക്കടിയിലെ ട്രേയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക.
4. സക്കുലന്റുകൾ (Succulents):
വളരെ കുറഞ്ഞ വെള്ളം മാത്രം ആവശ്യമുള്ള സക്കുലന്റുകളുടെ ചട്ടിയിലെ വരണ്ടതും ഇളക്കമില്ലാത്തതുമായ മണ്ണ് ഉറുമ്പുകൾക്ക് കൂടുകൂട്ടാൻ മികച്ചതാണ്. ഇവയെ ബാധിക്കുന്ന 'മീലിബഗ്ഗുകൾ' എന്ന കീടങ്ങൾ ഉൽപാദിപ്പിക്കുന്ന ഹണിഡ്യൂവും ഉറുമ്പുകളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്.
• പരിഹാരം: സക്കുലന്റുകളുടെ മണ്ണും ഇലകളുടെ അടിഭാഗവും പതിവായി പരിശോധിച്ച് മീലിബഗ്ഗുകളെ തുരത്തുക.
ഇതിനുപുറമെ പീസ് ലില്ലി, റോസാച്ചെടി, കറിവേപ്പില എന്നിവയും വീടിനുള്ളിൽ ഉറുമ്പുകളെ ആകർഷിക്കാൻ കാരണമാകുന്ന മറ്റ് ചെടികളാണ്. കൃത്യമായ പരിചരണവും നിരീക്ഷണവും വഴി ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്.
Published 21 hours ago