Cardamom Live
Login
വിലയിടിഞ്ഞ് വെളിച്ചെണ്ണ, കുതിച്ചുയർന്ന് കൃത്രിമ റബർ.
Back to News
Info 27 Mar 2026, 08:43 AM

വിലയിടിഞ്ഞ് വെളിച്ചെണ്ണ, കുതിച്ചുയർന്ന് കൃത്രിമ റബർ.

വെളിച്ചെണ്ണ വില ഉയർത്താൻ തമിഴ്‌നാട് ലോബി നടത്തിയ നീക്കങ്ങൾ ഫലം കാണാതെ വന്നതോടെ ഒരു വിഭാഗം വ്യവസായികൾ സ്‌റ്റോക്കുള്ള എണ്ണ വിറ്റുമാറാൻ നടത്തിയ ശ്രമം വില ഇടിവിന് കാരണമായി. 18 ദിവസമായി കൊച്ചിയിൽ വെളിച്ചെണ്ണ വില സ്‌റ്റെഡിയാണ്, അതേ സമയം ഈ കാലയളവിൽ കാങ്കയത്തെ നിരക്ക് പല ആവർത്തി ഉയർന്നു. ഈസ്റ്റ‌ർ അടുത്തതിനാൽ അയൽ സംസ്‌ഥാനത്തെ വിലക്കയറ്റം ഇവിടെ എണ്ണ വിലയിൽ പ്രതിഫലിക്കുമെന്ന നിഗനമത്തിലായിരുന്നു അവരെങ്കിലും കണക്ക് കൂട്ടലുകൾ തെറ്റിയതോടെ മില്ലുകാർ വിൽപ്പനയിലേയ്ക്ക് ചുവടു മാറ്റി കാങ്കയത്ത് എണ്ണ വില ക്വിൻറ്റലിന് 525 രൂപ ഒറ്റയടിക്ക് ഇടിഞ്ഞ് 22,475 രൂപയായി. കൊച്ചിയിൽ നിരക്ക് 26,900 രൂപയാണ്.

സ്വാഭാവിക റബർ വിലയെ മറികടന്ന് കൃത്രിമ റബർ മുന്നേറി. 2024 ഓഗസ്റ്റിന് ശേഷം ആദ്യമായി പ്രകൃതിദത്ത റബറിനെക്കാൾ ഉയർന്ന വില കൃത്രിമ റബറിന് രേഖപ്പെടുത്തുന്നത്. മദ്ധ്യപൂർവേഷ്യയിലെ യുദ്ധാന്തരീക്ഷത്തിൽ ഫെബ്രുവരിക്ക് ശേഷം കൃത്രിമ റബർ വില 40 ശതമാനം വർധിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം സിന്തറ്റിക് റബറിൽ ഇത്തരത്തിൽ കുതിച്ചു ചാട്ടം ആദ്യമാണ്. കേരളത്തിൽ ഷീറ്റ് വിലയിൽ മാറ്റമില്ല. നാലാം ഗ്രേഡ് കിലോ 220 രൂപയിലും അഞ്ചാം ഗ്രേഡ് 216 രൂപയിലും വ്യാപാരം നടന്നു. കനത്ത വേനൽ തുടരുന്നതിനാൽ ഉൽപാദകർ തോട്ടങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്.

കുരുമുളക് വിലയിൽ മാറ്റമില്ല, അന്തർസംസ്‌ഥാന വ്യാപാരികൾ ചരക്ക് സംഭരണത്തിൽ പുലർത്തിയ തണുപ്പൻ മനോഭാവം വിലക്കയറ്റത്തിന് തടസമായി. വിയെറ്റ്നാമിൽ മുളക് കയറ്റുമതി വർധിച്ചതോടെ കരുതൽ ശേഖരം ചുരുങ്ങിയത് ആഭ്യന്തര വാങ്ങലുകാരെ നിരക്ക് ഉയർത്താൻ പ്രേരിപ്പിച്ചു. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില കിലോ 709 രൂപ.
Published 23 hours ago