Cardamom Live
Login
ശക്തി കുറയാതെ അതിതീവ്ര ന്യൂനമർദ്ദം: കേരളത്തിൽ മഴ കനക്കും
Back to News
Info 30 Jul 2026, 08:12 AM

ശക്തി കുറയാതെ അതിതീവ്ര ന്യൂനമർദ്ദം: കേരളത്തിൽ മഴ കനക്കും

കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദ്ദം നിലവിൽ ഛത്തീസ്ഗഡിന് മുകളിൽ അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression) തന്നെ തുടരുന്നു. സാധാരണ കരകയറി ഏതാനും മണിക്കൂറുകൾക്കകം ശക്തി കുറയാറുള്ള ന്യൂനമർദ്ദം, 24 മണിക്കൂർ പിന്നിട്ടിട്ടും ഒട്ടും ശക്തി കുറയാതെ കരഭാഗത്ത് നിലകൊള്ളുകയാണ്. ഇതുമൂലം മധ്യേന്ത്യയിലും ദക്ഷിണേന്ത്യയിലും വ്യാപക മഴ തുടരുകയാണ്.

കേരളത്തിൽ ഇന്നും നാളെയും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലർട്ട്: ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കേരളത്തിനൊപ്പം ദക്ഷിണ ഉൾനാടൻ കർണാടകയിലും ഓറഞ്ച് അലർട്ട് ഉണ്ട്.

രാവിലത്തെ ഉപഗ്രഹ നിരീക്ഷണ പ്രകാരം തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. വടക്കൻ ജില്ലകളിൽ രാവിലെ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഉച്ചയോടെ എല്ലാ ജില്ലകളിലും മഴയെത്തും.

അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 65 കിലോമീറ്റർ വരെ എത്തിയേക്കാം.
നിലവിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലുള്ള ശക്തമായ മഴ തിങ്കളാഴ്ചയ്ക്ക് ശേഷം കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
Published 23 hours ago