Cardamom Live
Login
സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു; വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
Back to News
Info 01 Aug 2026, 08:07 AM

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു; വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം പരക്കെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണ് ഐഎംഡി പുറത്തിറക്കിയ റിപ്പോർട്ട്

● മഴ ശക്തമാകാൻ കാരണം:
മധ്യ ഇന്ത്യയിലുണ്ടായ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് കേരളത്തിൽ കാലവർഷം വീണ്ടും സജീവമാക്കാൻ ഇടയാക്കിയത്. ഛത്തീസ്ഗഡിന്റെ മധ്യഭാഗത്തും ഒഡീഷയിലുമായി രൂപപ്പെട്ട 'തീവ്ര ന്യൂനമർദത്തെ' തുട‍ർന്ന് കേരളത്തിലേക്ക് മൺസൂൺ കാറ്റ് ശക്തമാവുകയായിരുന്നു.

● മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം:
ഈ ന്യൂനമർദത്തിന്റെ ഫലമായി മധ്യ, പടിഞ്ഞാറൻ ഇന്ത്യയിലും കനത്ത മഴ തുടരുകയാണ്. ഗുജറാത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. വൽസാദിലെ ഉംബർഗാവിൽ 24 മണിക്കൂറിനുള്ളിൽ 1,000 മില്ലിമീറ്ററിലധികം മഴ പെയ്തു. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

⁃ ഓറഞ്ച് അലർട്ട് (ജൂലൈ 30): വടക്കൻ കേരളത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലും, തെക്കൻ-മധ്യ കേരളത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

⁃ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ ചില ഭാഗങ്ങൾ ഒഴികെ, സംസ്ഥാനത്തിന്റെ ബാക്കി മിക്ക പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്.

⁃ അടുത്ത ദിവസങ്ങളിലെ മുന്നറിയിപ്പ്: വെള്ളിയാഴ്ച (ജൂലൈ 31) കണ്ണൂർ, കാസർകോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും. ശനിയാഴ്ചയോടെ തെക്കൻ കേരളത്തിൽ മഴയുടെ തീവ്രത കുറയുമെങ്കിലും വടക്കൻ-മധ്യ ജില്ലകളിൽ മഴ തുടർന്നേക്കാം.

⁃ ജാഗ്രതാ നിർദേശം: തുടർച്ചയായ മഴ മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമായേക്കാം. നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവരും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Published 1 day ago