Cardamom Live
Login
കാർഷിക സംരംഭങ്ങൾക്ക് കരുത്തേകാൻ അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട്; 2 കോടി രൂപ വരെ ഈടില്ലാതെ വായ്പയുമായി കേരള ഗ്രാമീൺ ബാങ്ക്
Back to News
Info 02 Mar 2026, 07:43 AM

കാർഷിക സംരംഭങ്ങൾക്ക് കരുത്തേകാൻ അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട്; 2 കോടി രൂപ വരെ ഈടില്ലാതെ വായ്പയുമായി കേരള ഗ്രാമീൺ ബാങ്ക്

ഡ്രോൺ സേവനങ്ങൾ, ഇൻഡോർ ഫാമുകൾ, റീഫർ വാനുകൾ, ഐഒടി സംവിധാനങ്ങൾ തുടങ്ങിയവയിലൂടെ മാറുന്ന കാലത്തിന് അനുസരിച്ച് കാർഷികസംരംഭം നടത്താൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? പലിശയിളവുള്ള വായ്പയാണോ വേണ്ടത്? ഇത്തരം ലക്ഷ്യങ്ങൾക്കായി കാർഷിക അടിസ്ഥാന സൗകര്യവികസന പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ കേരള ഗ്രാമീൺ ബാങ്കിലേക്കു കടന്നുചെല്ലാം.

അടുത്ത കാലത്ത് കേരളത്തിന്റെ കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനും വൻതോതിൽ നിക്ഷേപം കൊണ്ടുവരാനും ഉപകരിച്ച പദ്ധതിയാണ് കാർഷിക അടിസ്ഥാന സൗകര്യവികസന നിധി (അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട്). കാർഷികോൽപാദനത്തിനൊപ്പം സംസ്കരണം, മൂല്യവർധന, യന്ത്രവൽക്കരണം തുടങ്ങി അനുബന്ധ മേഖലകളിലും വലിയ കുതിപ്പ് കൈവരിക്കാൻ ഈ കേന്ദ്രപദ്ധതി സഹായകമാണ്. വിളവെടുപ്പിനുശേഷം കാർഷികോൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും കർഷകകൂട്ടായ്മകൾക്ക് പൊതു സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള പ്രായോഗികപദ്ധതികളിൽ മുതൽമുടക്കാൻ ഈ പദ്ധതിയിൽ ധനസഹായം ലഭിക്കും.

വായ്പ ലഭിക്കുന്ന പ്രധാന മേഖലകൾ:
കാർഷികമേഖലയ്ക്കാവശ്യമായ സംഭരണകേന്ദ്രങ്ങൾ, സംഭരണികൾ, പായ്ക്ക് ഹൗസുകൾ, തരം തിരിക്കൽ കേന്ദ്രങ്ങൾ, ശീതീകൃത സംഭരണശാലകൾ, റീഫർവാനുകൾ, പ്രാഥമിക സംസ്കരണ യൂണിറ്റുകൾ, സോളാർ പാനൽ നിർമാണം, കാർഷികയന്ത്രങ്ങൾ, ഡ്രോണുകൾ, കാർഷികാവശ്യത്തിനുള്ള സെൻസറുകൾ, നിർമിതബുദ്ധി- ഐഒടി സാങ്കേതികവിദ്യകളുടെ ഉപയോഗം, ബ്ലോക്ക് ചെയിൻ സംവിധാനങ്ങൾ, ജൈവ കാർഷികോപാധികളുടെ ഉൽപാദനയൂണിറ്റ്, തേൻ സംസ്കരണം, കൂൺകൃഷി, വെർട്ടിക്കൽ ഫാമിങ്, ഹൈഡ്രോപോണിക്സ്, പോളിഹൗസ് എന്നിങ്ങനെ ഒട്ടേറെ സംരംഭങ്ങൾക്ക് ഈ വായ്പ ലഭ്യമാണ്.

കൃഷിക്കാർക്കു മാത്രമല്ല മറ്റു കാർഷിക സംരംഭകർ, അഗ്രി സ്റ്റാർട്ടപ്പുകൾ, കർഷകോൽപാദക സംഘടനകൾ, കൃഷിക്കൂട്ടങ്ങൾ, ജെഎൽജികൾ, സ്വയംസഹായ സംഘങ്ങൾ എന്നിവർക്കൊക്കെ ഈ പദ്ധതിപ്രകാരമുള്ള വായ്പയ്ക്ക് അപേക്ഷിക്കാം.

കൃഷിമലയാളത്തിന്റെ സ്വന്തം ഗ്രാമീൺ ബാങ്ക് എന്ന നിലയിൽ ഇതുവരെ 68.74 കോടി രൂപയുടെ വായ്പ അടിസ്ഥാന സൗകര്യനിധി പദ്ധതിയിലൂടെ ബാങ്ക് നൽകിയിട്ടുണ്ട്. ഈ തുക 541 സംരംഭങ്ങൾക്ക് പ്രയോജനപ്പെട്ടു. ബാങ്കിന്റെ 635 ശാഖകളും എഐഎഫ് വായ്പകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ സമീപത്തെ കേരള ഗ്രാമീൺ ബാങ്ക് ശാഖയുമായി ബന്ധപ്പെടുകയോ http://agriinfra.dac.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഗ്രാമീൺ ബാങ്ക് ശാഖ തിരഞ്ഞെടുക്കുകയോ വേണം. ഫോൺ: 9400999964

• കൃഷിയിൽ കുതിക്കാൻ അടിസ്ഥാനസൗകര്യനിധി
പദ്ധതിച്ചെലവിന്റെ 90% വരെ വായ്പ ലഭിക്കുമെന്നത് അടിസ്ഥാന സൗകര്യവികസന നിധിയുടെ സവിശേഷതയാണ്. പലിശയോ, 9% മാത്രം. ഈടിന്മേലോ ക്രെഡിറ്റ് ഗ്യാരന്റി വഴിയോ ഈ വായ്പ നേടാം. ബാങ്ക് ഗ്യാരന്റി നേടാനായാൽ 2 കോടി രൂപ വരെ ഈടില്ലാതെ ലഭിക്കും. വായ്പ യഥാസമയം തിരിച്ചടച്ചാൽ 3% പലിശയിളവുമുണ്ട്. ഏഴു വർഷം വരെ ഈ രീതിയിൽ പലിശയിളവ് ലഭിക്കും. അതായത്, സംരംഭകർക്ക് വെറും 6% പലിശനിരക്കിൽ 2 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. ഒരു ഗുണഭോക്താവിന് ഒന്നോ അതിലധികമോ സ്ഥലങ്ങളിലായി 25 സംരംഭങ്ങൾ വരെ ആരംഭിക്കാം. മറ്റ് കേന്ദ്ര- സംസ്ഥാന പദ്ധതികളിലൂടെ ലഭിക്കുന്ന സബ്സിഡി എഐഎഫ് വായ്പയുമായി സംയോജിപ്പിക്കുന്നതിനും തടസ്സമില്ല.

സംസ്ഥാനത്ത് ആകെ 4036 സംരംഭങ്ങളാണ് ഇതുനനുസരിച്ച് വായ്പ നേടിയത്. കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യവർധന എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ഏറെയും. ഡ്രോൺ ഉൾപ്പെടെയുള്ള കാർഷികയന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന സംരംഭങ്ങളും ഈ ഫണ്ട് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയ ഒട്ടേറെ ചെറുപ്പക്കാർ പദ്ധതി പ്രയോജനപ്പെടുത്തി ഇൻഡോർ ഫാമുകളുടെ ഒരു നിര തന്നെ പൂർത്തിയാക്കി. മണ്ണില്ലാകൃഷി അഥവാ ഹൈഡ്രോപോണിക്സ്, മൈക്രോ ഗ്രീൻ കൃഷി, കൂൺകൃഷി തുടങ്ങിയ മേഖലകളിൽ അടുത്ത കാലത്തുണ്ടായ വളർച്ച ഈ പദ്ധതിയുടെ സ്വീകാര്യത വ്യക്തമാക്കുന്നു. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ള കൃഷിയിടലേക്ക് കടന്നുവരാൻ ഇത് യുവജനങ്ങൾക്കൊരു അവസരം നൽകുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും മുതൽമുടക്ക് കൂടുതൽ വേണ്ടതുമായ ഹൈടെക് സംരംഭങ്ങളിലൂടെ കാലാവസ്ഥാമാറ്റത്തെ മറികടക്കാനും അത് നവകർഷകരെ സഹായിക്കുന്നുണ്ട്.

പദ്ധതിയെക്കുറിച്ച് അറിയാൻ ഫോൺ: 9020060507
Published 4 days ago