Cardamom Live
Login
തുടക്കക്കാർക്കും എളുപ്പത്തിൽ ചെയ്യാം ഗ്രോബാഗിലെ പച്ചക്കറി കൃഷി
Back to News
Info 07 Aug 2026, 01:18 PM

തുടക്കക്കാർക്കും എളുപ്പത്തിൽ ചെയ്യാം ഗ്രോബാഗിലെ പച്ചക്കറി കൃഷി

മലയാളികൾക്കിടയിൽ വിഷരഹിത പച്ചക്കറികളോടുള്ള താല്പര്യം ദിനംപ്രതി വർധിച്ചുവരികയാണ്. എന്നാൽ, കൃഷി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി പലർക്കും ഒരു വലിയ വെല്ലുവിളിയാണ്. ഇതിനൊരു മികച്ച പരിഹാരമാണ് ഗ്രോബാഗ് കൃഷി. ടെറസിലും, വീട്ടുമുറ്റത്തും എന്തിന് മതിലിനു മുകളിൽ പോലും ഗ്രോബാഗുകൾ ഉപയോഗിച്ച് വിജയകരമായി കൃഷി ചെയ്യാം.

● ഗ്രോബാഗ് തിരഞ്ഞെടുക്കുമ്പോൾ
പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായത് 40 സെ.മീ നീളവും 24 സെ.മീ വീതിയും 24 സെ.മീ ഉയരവുമുള്ള ഗ്രോബാഗുകളാണ്. പുറത്ത് വെളുത്ത നിറവും ഉള്ളിൽ കറുത്ത നിറവുമുള്ള ഗ്രോബാഗുകൾ ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തെ ശരിയായി ആഗിരണം ചെയ്യാനും വേരോട്ടം സുഗമമാക്കാനും സഹായിക്കും.

● നടീൽ മിശ്രിതം തയ്യാറാക്കുന്ന രീതി
- വളക്കൂറുള്ള ചുവന്ന മണ്ണ്, മണൽ അല്ലെങ്കിൽ ഉമിക്കരി, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കാം.
- മണ്ണിന്റെ പുളിരസം മാറ്റാൻ ഇതിലേക്ക് 100 ഗ്രാം കുമ്മായം ചേർത്ത് ഇളക്കുക.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി 50 ഗ്രാം ട്രൈക്കോഡെർമ കൂടി ചേർക്കുന്നത് നല്ലതാണ്.
- ഈ മിശ്രിതം രണ്ടാഴ്ചയോളം തണലിൽ സൂക്ഷിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. ഒരു ഗ്രോബാഗിന്റെ മുക്കാൽ ഭാഗം മാത്രമേ നടീൽ മിശ്രിതം നിറയ്ക്കാവൂ.

● വിത്ത് നടീലും നനയ്ക്കലും
പച്ചക്കറി വിത്തുകൾ കുറഞ്ഞത് ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തതിന് ശേഷമേ നടാവൂ. ഒരു ഗ്രോബാഗിൽ മൂന്ന് വിത്തുകൾ വരെ നടാം. വിത്തുകൾ അധികം ആഴത്തിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

- വെള്ളം ഒഴിക്കുമ്പോൾ: അധികം വെള്ളം ആവശ്യമില്ല എന്നതാണ് ഗ്രോബാഗ് കൃഷിയുടെ പ്രധാന സവിശേഷത. ആദ്യത്തെ രണ്ടാഴ്ച തണലിൽ വെച്ച് ചെറിയ തോതിൽ രണ്ടു നേരം നനച്ചുകൊടുക്കാം.
- നീർവാർച്ച: ഗ്രോബാഗുകൾ തറനിരപ്പിൽ നിന്നും അല്പം ഉയർത്തി വെക്കുന്നത് അധികമുള്ള വെള്ളം ഒഴുകിപ്പോകാൻ സഹായിക്കും.
- പുതയിടൽ: കരിയിലയോ ചകിരിയോ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും ചൂടിനെ പ്രതിരോധിക്കാനും നല്ലതാണ്.

● വളപ്രയോഗവും കീടനിയന്ത്രണവും
ചെടികൾ വളരുന്നതനുസരിച്ച് കമ്പുകൾ നാട്ടി താങ്ങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. നല്ല വിളവ് ലഭിക്കാൻ കൃത്യമായ വളപ്രയോഗവും കീടനിയന്ത്രണവും ആവശ്യമാണ്:

1. വളർച്ചയ്ക്ക്: ഒരു കിലോ പച്ചച്ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കി, അതിന്റെ തെളി ആഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കുന്നത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തും.
2. കീടങ്ങളെ അകറ്റാൻ: കാന്താരി മുളകും ഗോമൂത്രവും ചേർത്ത മിശ്രിതം നേർപ്പിച്ച് ആഴ്ചയിലൊരിക്കൽ തളിക്കുക.
3.കുമിൾ രോഗങ്ങൾക്ക്: രണ്ടാഴ്ച കൂടുമ്പോൾ സ്യൂഡോമോണസ് ലായനി ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് കുമിൾ രോഗങ്ങളെ തടയും. തൈകൾ പറിച്ച് നടുകയാണെങ്കിൽ അവ ഈ ലായനിയിൽ മുക്കിയ ശേഷം നടുന്നത് വളരെ നല്ലതാണ്.
Published 1 week ago