Cardamom Live
Login
ക്ഷീരകർഷകർക്ക് ആശ്വാസമായി 'പശു ഔഷധി' പദ്ധതി; മൃഗങ്ങൾക്കുള്ള മരുന്നുകൾ ഇനി കുറഞ്ഞ വിലയിൽ
Back to News
Info 13 Aug 2026, 12:22 PM

ക്ഷീരകർഷകർക്ക് ആശ്വാസമായി 'പശു ഔഷധി' പദ്ധതി; മൃഗങ്ങൾക്കുള്ള മരുന്നുകൾ ഇനി കുറഞ്ഞ വിലയിൽ

ക്ഷീരകർഷകർക്കും മൃഗപരിപാലകർക്കും വലിയ ആശ്വാസമാകുന്ന പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. മൃഗചികിത്സാ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ജനറിക് മരുന്നുകളും കാലിത്തീറ്റയും ലഭ്യമാക്കുന്ന 'പശു ഔഷധി' (Pashu Aushadhi) പദ്ധതിക്കാണ് സർക്കാർ തുടക്കം കുറിക്കുന്നത്. മനുഷ്യർക്ക് കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളുടെ മാതൃകയിലാണ് മൃഗങ്ങൾക്കായി പശു ഔഷധി കേന്ദ്രങ്ങൾ തുടങ്ങുന്നത്.

കാലിത്തീറ്റ വിലവർധനവും ഉയർന്ന ചികിത്സാച്ചെലവും മൂലം പ്രതിസന്ധിയിലായ ക്ഷീരമേഖലയ്ക്ക് കൈത്താങ്ങാവുകയാണ് കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി. ഗുണനിലവാരമുള്ള മൃഗചികിത്സാ മരുന്നുകൾ സാധാരണക്കാരായ കർഷകർക്ക് താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുക എന്നതാണ് 'പശു ഔഷധി' പദ്ധതിയുടെ പ്രധാന ലക്ഷ്യം.

● പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

- കുറഞ്ഞ വിലയിൽ മരുന്നുകൾ: അലോപ്പതി ജനറിക് മരുന്നുകൾക്കു പുറമെ ആയുർവേദ മരുന്നുകളും നാടൻ ചികിത്സാ മരുന്നുകളും ഗുണമേന്മയുള്ള കാലിത്തീറ്റയും പശു ഔഷധി കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ഏകദേശം 134 ജനറിക് മൃഗചികിത്സാ മരുന്നുകളാണ് വിതരണത്തിന് തയ്യാറാക്കുന്നത്.

- പ്രവർത്തനം ജൻഔഷധി മാതൃകയിൽ: പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (PMKSK), സഹകരണ സംഘങ്ങൾ എന്നിവ വഴിയാകും ഇതിന്റെ പ്രവർത്തനം. ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) ആയിരിക്കും മരുന്നുകൾ വിതരണം ചെയ്യുന്നത്.

- ഗുണഭോക്താക്കൾ: ഡയറി കർഷകർ, പൗൾട്രി കർഷകർ, പന്നി കർഷകർ, ഫാർമർ പ്രൊഡ്യുസേഴ്സ് ഓർഗനൈസേഷനുകൾ (FPO), ക്ഷീര സംഘങ്ങൾ തുടങ്ങിയവർക്കെല്ലാം ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രധാനമായും പിന്നോക്ക, മലയോര മേഖലകളിലാകും ഇത്തരം കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ തുടങ്ങുക.

● പശു ഔഷധി കേന്ദ്രം ആരംഭിക്കാൻ വേണ്ടത് എന്തൊക്കെ?

- സ്ഥലം: കുറഞ്ഞത് 120 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറി (സ്വന്തമായോ വാടകയ്‌ക്കോ ഉള്ളത്).

- ലൈസൻസും യോഗ്യതയും: സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിയുടെ ഡ്രഗ് സെയിൽ ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ ബി-ഫാം (B-Pharm) അല്ലെങ്കിൽ ഡി-ഫാം (D-Pharm) യോഗ്യതയുള്ള രജിസ്റ്റേർഡ് ഫാർമസിസ്റ്റിനെ നിയമിച്ചിരിക്കണം.

- ലാഭവിഹിതം: മരുന്നുകളുടെ വിൽപനവിലയുടെ 20 ശതമാനം ലാഭം കേന്ദ്രം നടത്തുന്നവർക്ക് ലഭിക്കുന്നതാണ്.

- അനുമതി: ഒരു ബ്ലോക്ക് പഞ്ചായത്തിൽ ഒരു കേന്ദ്രം എന്ന നിലയിലായിരിക്കും അനുമതി നൽകുക.

അപേക്ഷിക്കേണ്ട വിധം: 5,000 രൂപയാണ് അപേക്ഷാ ഫീസ്. താല്പര്യമുള്ളവർക്ക് https://pashuaushadhi.dahd.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Published 1 week ago