Cardamom Live
Login
75 ദിവസത്തിനുള്ളിൽ വിളവെടുപ്പ്; ഉഴുന്നുകൃഷിയിൽ പൊന്നുവിളയിച്ച് തൃശൂരിലെ കോൾക്കർഷകർ
Back to News
Info 17 Aug 2026, 12:02 PM

75 ദിവസത്തിനുള്ളിൽ വിളവെടുപ്പ്; ഉഴുന്നുകൃഷിയിൽ പൊന്നുവിളയിച്ച് തൃശൂരിലെ കോൾക്കർഷകർ

കുറഞ്ഞ അധ്വാനവും മികച്ച വരുമാനവും ഉറപ്പുനൽകി തൃശൂരിലെ കോൾപാടങ്ങളിൽ ഉഴുന്നുകൃഷിയിൽ വൻമുന്നേറ്റം. ഇസാഫ് കോ ഓപ്പറേറ്റീവിന്റെ പിന്തുണയോടെ തൃശൂർ ജില്ലയിലെ പേരാമംഗലം മുണ്ടൂർതാഴം, കറുക കോൾപടവുകളിലെ 115 കർഷകരാണ് 212 ഏക്കറിൽ വിജയകരമായി ഉഴുന്നുകൃഷി ചെയ്ത് മികച്ച വിളവ് നേടിയത്.

മാർച്ച് 30 ന് വിതച്ച ഉഴുന്നുകൃഷി വെറും 65-75 ദിവസങ്ങൾക്കുള്ളിൽ വിളവെടുപ്പിന് പാകമാവുകയും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിളവ് നൽകുകയും ചെയ്തു. സാധാരണയായി കോൾപാടങ്ങളിൽ ഒരു പൂവ് മാത്രമാണ് നെൽകൃഷി ചെയ്യാറുള്ളത്. തുടർന്ന് തരിശിടുന്ന പാടങ്ങൾക്ക് മികച്ചൊരു ബദൽ കൂടിയാണ് ഈ പയർ വർഗക്കൃഷിയെന്ന് കർഷകർ പറയുന്നു.

● ഉഴുന്നുകൃഷിയുടെ പ്രധാന നേട്ടങ്ങൾ:

- കുറഞ്ഞ ചെലവ്: നെൽകൃഷിയെ അപേക്ഷിച്ച് ജലലഭ്യത കുറവ് മതി. ഏക്കറിന് 8,000 മുതൽ 10,000 രൂപ വരെ മാത്രമാണ് ചെലവ് വരുന്നത്.

- മികച്ച വരുമാനം: ഒരു ഏക്കറിൽ നിന്ന് ഏകദേശം 300 കിലോ വിളവും അതുവഴി 21,000 രൂപയോളം വരുമാനവും ലഭിക്കും.

- മണ്ണിലെ ഗുണം: പയർവർഗക്കൃഷിയിലൂടെ മണ്ണിലെ നൈട്രജൻ അളവ് വർധിക്കുന്നത് അടുത്ത നെൽകൃഷിയിൽ രാസവളപ്രയോഗം കുറയ്ക്കാനും വിളവ് വർധിപ്പിക്കാനും സഹായിക്കും.

● വിപണി ഉറപ്പ് നൽകി ഇസാഫ്:
തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി സാക്ഷ്യപ്പെടുത്തിയ മികച്ചയിനം വിത്താണ് കോൾപാടങ്ങളിൽ ഉപയോഗിച്ചത്. കർഷകർക്ക് മികച്ച പിന്തുണ നൽകുന്നതിനായി വിളവെടുക്കുന്ന മുഴുവൻ ഉഴുന്നും തിരികെ വാങ്ങാനുള്ള ബൈ-ബാക്ക് പദ്ധതി (Buy-back scheme) ഇസാഫ് മുൻകൂട്ടി തന്നെ തയ്യാറാക്കിയിരുന്നു. അതിനാൽ വിപണി കണ്ടെത്തുക എന്നൊരു പ്രതിസന്ധി കർഷകർക്ക് നേരിടേണ്ടി വന്നില്ല.

സംസ്ഥാനത്തെ പയറുൽപ്പാദനം നിലവിൽ വളരെ കുറവാണെന്നും, ഇത് വർദ്ധിപ്പിക്കുന്നതിലൂടെ പ്രോട്ടീൻ കുറവ് പരിഹരിക്കാനും കർഷകർക്ക് മികച്ച വരുമാനം നൽകാനും സാധിക്കുമെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ് വ്യക്തമാക്കി. ഈ പരീക്ഷണം വൻവിജയമായതോടെ ഉഴുന്നുകൃഷി 3000 ഏക്കറിലേക്കു വ്യാപിപ്പിക്കാനാണ് കർഷക കൂട്ടായ്മയും ഇസാഫും ലക്ഷ്യമിടുന്നത്.
Published 3 days ago