Cardamom Live
Login
കേരളത്തിൽ മഴ ദുർബലമാകുന്നു; ഓഗസ്റ്റ് 29 മുതൽ മഴ കുറയും
Back to News
Info 26 Aug 2026, 07:02 AM

കേരളത്തിൽ മഴ ദുർബലമാകുന്നു; ഓഗസ്റ്റ് 29 മുതൽ മഴ കുറയും

കേരള തീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അറബിക്കടലിൽ കാറ്റ് ദുർബലമായതും അന്തരീക്ഷത്തിന്റെ ഉയർന്ന തട്ടുകളിൽ അനുകൂല സാഹചര്യങ്ങളില്ലാത്തതും കാരണം തീരദേശങ്ങളിൽ മേഘരൂപീകരണം കുറവാണ്. ഇന്ന് (ഓഗസ്റ്റ് 26) രാത്രിയോടെ മഴ നേരിയ തോതിൽ ശക്തിപ്പെട്ടേക്കാമെങ്കിലും ഓഗസ്റ്റ് 29 മുതൽ സംസ്ഥാനത്തുടനീളം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

● നിലവിലെ മഴ സാഹചര്യം (ഇന്ന് - ഓഗസ്റ്റ് 26)
ഇടത്തരം/ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങൾ: പത്തനംതിട്ടയുടെ കിഴക്കൻ മേഖലകൾ, കൊല്ലം, കോട്ടയം ജില്ലകളുടെ പടിഞ്ഞാറൻ ഭാഗങ്ങൾ.

കഴിഞ്ഞ മണിക്കൂറുകളിലെ വിവരങ്ങൾ: എറണാകുളം, ഇടുക്കി ജില്ലകളിൽ പലയിടത്തും ശക്തമായ മഴ രേഖപ്പെടുത്തി.

പൊതു അവസ്ഥ: സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും മേഘസാന്നിധ്യം കുറവാണ്. ചിലയിടങ്ങളിൽ ഇടവിട്ട് വെയിൽ അനുഭവപ്പെടുന്നുണ്ട്.

● ആഗോള വെതർ സിസ്റ്റങ്ങളുടെ സ്വാധീനം
കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് സ്വാധീനിച്ചിരുന്ന 3 പ്രധാന അന്താരാഷ്ട്ര കാലാവസ്ഥാ സിസ്റ്റങ്ങളുടെയും ശക്തി കുറഞ്ഞുതുടങ്ങിയിട്ടുണ്ട്:

- ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം: കേരളത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഈ സിസ്റ്റം ശക്തി കുറഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്.

- 'നാറ' (NARRA) ചുഴലിക്കാറ്റ്: വിയറ്റ്‌നാമിന് സമീപമുണ്ടായിരുന്ന നാറ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറിക്കഴിഞ്ഞു.

- 'സൗഡൽ' (Saudel) ചുഴലിക്കാറ്റ്: ജപ്പാൻ ദ്വീപുകൾ പിന്നിട്ട് ചൈനയിലെ വെൻസൗ (Wenzhou) തീരം ലക്ഷ്യമാക്കി നീങ്ങുന്ന സൗഡൽ അതിതീവ്ര ചുഴലിക്കാറ്റും ശക്തി കുറയുകയാണ്. നിലവിൽ മണിക്കൂറിൽ 160 കി.മീ വേഗതയുണ്ടെങ്കിലും ചൈനീസ് തീരത്തോടടുക്കുമ്പോൾ വീണ്ടും ദുർബലമാകും.

● വരും ദിവസങ്ങളിലെ പ്രവചനം (ഓഗസ്റ്റ് 27 – 29)


ഇന്ന് (ആഗസ്റ്റ് 26) രാത്രി / നാളെ പുലർച്ചെ പടിഞ്ഞാറൻ കാറ്റ് അല്പം ശക്തി പ്രാപിക്കുന്നതോടെ രാത്രി വൈകിയോ നാളെ പുലർച്ചെയോ മഴ വീണ്ടും അൽപ്പം ശക്തമായേക്കാം.

- നാളെ (ഓഗസ്റ്റ് 27) മിക്ക ജില്ലകളിലും ഇടവേളകളോടെ ഇടത്തരം അല്ലെങ്കിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ചില പ്രദേശങ്ങളിൽ ഇടവിട്ട് വെയിൽ ലഭിക്കും. രാത്രിയോടെ തുടർച്ചയായ ശക്തമായ മഴ പൂർണ്ണമായും ഒഴിയും.

- ഓഗസ്റ്റ് 28 (വ്യാഴം) കൂടുതൽ പ്രദേശങ്ങളിൽ രാവിലെ മുതൽ വെയിൽ തെളിയും. പെട്ടെന്ന് പെയ്തു പോകുന്ന ചെറു മഴകൾ മാത്രമുണ്ടാകും. ഉച്ചകഴിഞ്ഞ് ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

- ഓഗസ്റ്റ് 29 മുതൽ മഴ സാധ്യതകൾ തീർത്തും ദുർബലമാകും. ദിവസം മുഴുവൻ ശക്തമായ വെയിൽ തെളിയും. കുറഞ്ഞത് ഒരാഴ്ചയെങ്കിലും തെളിഞ്ഞ കാലാവസ്ഥ തുടരും.
Published 22 hours ago