Cardamom Live
Login
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Back to News
Info 12 Sep 2026, 07:58 AM

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന പ്രദേശങ്ങളിലുമായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നു. ന്യൂനമർദ്ദം കരകയറി പടിഞ്ഞാറേയ്ക്ക് സഞ്ചരിക്കുന്നതിനാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബർ 11: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം.
സെപ്റ്റംബർ 12: പത്തനംതിട്ട, ഇടുക്കി, പാലക്കാട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

ചൂടിന് ആശ്വാസം, തീരദേശങ്ങളിൽ തണുത്ത കാറ്റ്:
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ അനുഭവപ്പെട്ടിരുന്ന കനത്ത ചൂടിനും ഉയർന്ന അന്തരീക്ഷ ഈർപ്പത്തിനും (Hot and Humid weather) ഇതോടെ നേരിയ ശമനമുണ്ടാകും. തീരദേശങ്ങളിൽ തണുത്ത കാറ്റ് വീശാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലെ ഇടനാട് പ്രദേശങ്ങളിലും മലയോര മേഖലകളിലും വൈകിട്ടും രാത്രിയുമായി ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. എന്നാൽ സംസ്ഥാനത്ത് അതിശക്തമായതോ തുടർച്ചയായതോ ആയ മഴ നിലവിൽ പ്രതീക്ഷിക്കുന്നില്ല
Published 1 day ago