Cardamom Live
Login
സംസ്ഥാനത്ത് കുരുമുളക് വില റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിക്കുന്നു.
Back to News
Info 17 Sep 2026, 02:37 PM

സംസ്ഥാനത്ത് കുരുമുളക് വില റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിക്കുന്നു.

സംസ്ഥാനത്ത് കുരുമുളക് വില റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ കിലോയ്ക്ക് 700 രൂപയ്ക്ക് മുകളിലാണ് കുരുമുളക് വില ഇപ്പോൾ എത്തിനിൽക്കുന്നത്. 2014-ന് ശേഷം ആദ്യമായാണ് കുരുമുളകിന് ഇത്രയും ഉയർന്ന വില ലഭിക്കുന്നത്. ഉത്തരേന്ത്യയിൽ നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവകാലം അടുത്തതോടെ വിപണിയിൽ ഡിമാൻഡ് വർധിച്ചതാണ് പെട്ടെന്നുള്ള ഈ വിലക്കുതിപ്പിന് പ്രധാന കാരണം.

സംസ്ഥാനത്തെ പ്രാദേശിക വിപണികളിൽ നിലവിൽ 700 മുതൽ 710 രൂപ വരെയാണ് ഒരു കിലോ കുരുമുളകിന്റെ വില. കൊച്ചി മട്ടാഞ്ചേരി മാർക്കറ്റിൽ അൺഗാർബിൾഡ് കുരുമുളകിന് 704 രൂപയും ഗാർബിൾഡ് കുരുമുളകിന് 724 രൂപയുമായി വില ഉയർന്നിട്ടുണ്ട്. 2014-15 കാലഘട്ടത്തിൽ രേഖപ്പെടുത്തിയ 730 രൂപയാണ് കുരുമുളകിന്റെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വില. അതിനുശേഷം കുരുമുളക് വിലയിൽ വൻ ഇടിവുണ്ടാവുകയും, വിദേശത്ത് നിന്നുള്ള ഇറക്കുമതി കൂടിയതോടെ 2019-ൽ വില കിലോയ്ക്ക് 342 രൂപയിലേക്ക് വരെ താഴുകയും ചെയ്തിരുന്നു. പിന്നീട് പടിപടിയായി ഉയർന്നാണ് ഇപ്പോൾ വീണ്ടും പഴയ റെക്കോർഡിലേക്ക് വില എത്തിയിരിക്കുന്നത്.

ആഭ്യന്തര ഉൽപാദനത്തിലുണ്ടായ വൻ ഇടിവും വിയറ്റ്നാമിൽ നിന്നടക്കമുള്ള ഇറക്കുമതി വലിയ തോതിൽ കുറഞ്ഞതുമാണ് നിലവിലെ വില വർധനയ്ക്ക് അനുകൂലമായത്. അന്താരാഷ്ട്ര വിപണിയിലും ഇന്ത്യൻ കുരുമുളകിന് മികച്ച വില ലഭിക്കുന്നുണ്ട്. എന്നാൽ വിപണിയിൽ കുരുമുളകിന് പൊന്നുംവില ലഭിക്കുന്നുണ്ടെങ്കിലും സാധാരണ കർഷകർക്ക് ഇതിന്റെ പ്രയോജനം പൂർണ്ണമായി ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

കാലാവസ്ഥാ വ്യതിയാനവും വിവിധതരം രോഗബാധകളും മൂലം സംസ്ഥാനത്തെ കുരുമുളക് ഉൽപാദനം മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെയായി ചുരുങ്ങിയിട്ടുണ്ട്. തുടർച്ചയായ നഷ്ടവും പ്രതിസന്ധികളും കാരണം മുൻപ് പല കർഷകരും കുരുമുളക് കൃഷി ഉപേക്ഷിച്ച് മറ്റ് വിളകളിലേക്ക് തിരിഞ്ഞതും നിലവിലെ ഉൽപാദനക്കുറവിന് കാരണമായിട്ടുണ്ട്. അതിനാൽത്തന്നെ ഉയർന്ന വില ലഭിക്കുമ്പോഴും വിൽക്കാൻ ആവശ്യത്തിന് കുരുമുളക് ഇല്ലാത്തതിനാൽ വില വർധനയുടെ യഥാർത്ഥ ഗുണഫലം കർഷകരിലേക്ക് എത്തുന്നില്ല.
Published 1 day ago