Cardamom Live
Login
രാജ്യത്തെ ഏറ്റവും കൂടുതൽ മഴ പത്തനംതിട്ടയിൽ; വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത!
Back to News
Info 31 Mar 2026, 11:23 AM

രാജ്യത്തെ ഏറ്റവും കൂടുതൽ മഴ പത്തനംതിട്ടയിൽ; വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത!

മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ഒരുമാസത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. ഈ കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ 6 സെൻ്റീമീറ്റർ ആണെന്നിരിക്കെ ജില്ലയിൽ 11 സെന്റിമീറ്ററോളം മഴ ലഭിച്ചു - 93 % അധികമഴ. സംസ്‌ഥാന വ്യാപകമായി ഇന്നലെ ലഭിച്ച വേനൽമഴയിലും ജില്ലയ്ക്കാണ് റെക്കോർഡ്. രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ഇന്നലെ രേഖപ്പെടുത്തിയത് ജില്ലയിലെ കുന്നന്താനം സ്വയംനിയന്ത്രിത മഴമാപിനിയിലാണ്; 5 സെമീ. സംസ്‌ഥാനത്ത് ഏറ്റവുമധികം വേനൽമഴയും തുലാമഴയും ലഭിക്കുന്ന പ്രദേശമാണ് പത്തനംതിട്ട ജില്ലയുടെ മലയോരം.

കഴിഞ്ഞ ഒരാഴ്ച‌യായി 37- 38 ഡിഗ്രി സെൽഷ്യസിൽ തുടർന്ന പകൽത്താപനിലയിൽ നേരിയ ശമനമുണ്ട്. ഇന്നലെ 35- 36 ഡിഗ്രിയായിരുന്നു ചൂട്. രാത്രി താപം 22 ഡിഗ്രിയായി താണത് ആശ്വാസമായി.

വേനൽമഴയുടെ ഭാഗമായ മേഘപടലങ്ങൾ ഉച്ചകഴിഞ്ഞ കിഴക്കൻ ആകാശത്ത് നിറയുന്നതിനാൽ അൾട്രാവയലറ്റ് വികിരണ തോതും അൽപം കുറഞ്ഞു.

ഏതാനും ദിവസം കൂടി സംസ്‌ഥാനത്ത് മഴ തുടരുമെന്ന പ്രവചനവും ജലക്ഷാമത്തിന്റെ വക്കിലെത്തിയ വേളയിൽ ജില്ലയ്ക്ക് പ്രതീക്ഷ പകരുന്നതാണ്. കാർഷിക മേഖലയ്ക്കും മഴ വലിയ തോതിൽ അനുഗ്രഹമായി. ശബരിഗിരി പദ്ധതി പ്രദേശത്തും 2 സെൻ്റിമീറ്ററോളം മഴ ലഭിച്ചു. സംഭരണ ശേഷിയുടെ 41% ആണ് ജലനിരപ്പ്.

ചൂടിന് ആശ്വാസം; മഴയ്ക്ക് സാധ്യത

തിരുവനന്തപുരം കടുത്ത ചൂടിന് ആശ്വാസം പകർന്നു സംസ്‌ഥാനത്തു വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ 2 വരെയാണു വിവിധ ജില്ലകളിൽ മഴയ്ക്കു സാധ്യത. ഇന്നും നാളെയും എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒന്നിന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും 2ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും മഴ തുടരുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, അൾട്രാവയലറ്റ് വികിരണത്തിൻ്റെ അളവ് സംസ്‌ഥാനത്തിന്റെ പലയിടങ്ങളിലും ഉയർന്നനിലയിൽ തുടരുന്നു. ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിൽ യുവി സൂചിക 8 രേഖപ്പെടുത്തി ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അതീവജാഗ്രത പാലിക്കണം.
Published 20 hours ago