Cardamom Live
Login
ലോകത്തിലെ ഏറ്റവും വലിയ പത്ത് മഴക്കാടുകളും അവ നേരിടുന്ന വെല്ലുവിളികളും
Back to News
Info 04 Oct 2026, 02:26 PM

ലോകത്തിലെ ഏറ്റവും വലിയ പത്ത് മഴക്കാടുകളും അവ നേരിടുന്ന വെല്ലുവിളികളും

ഭൂമിയിലെ ഏറ്റവും വലിയ സസ്യ-ജന്തു വൈവിധ്യങ്ങളുടെ കലവറയാണ് മഴക്കാടുകൾ. നദികളുടെ പ്രധാന സ്രോതസ്സും തദ്ദേശീയരായ നിരവധി ഗോത്രവർഗക്കാരുടെ വാസസ്ഥലവുമാണിവ. എന്നാൽ ലോകത്താകമാനമുള്ള ഉഷ്ണമേഖലാ വനങ്ങളുടെ നാശം വലിയ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പത്ത് മഴക്കാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് എർത്ത് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ മഴക്കാടാണ് ആമസോൺ. മറ്റ് ഉഷ്ണമേഖലാ കാടുകളെ അപേക്ഷിച്ച് ഇവിടെ മരങ്ങളുടെ സാന്ദ്രത മൂന്നിരട്ടിയാണ്. വലുപ്പത്തിൽ മുന്നിലാണെങ്കിലും കാടുകൾ നശിക്കുന്നതിന്റെ കണക്കിലും ആമസോൺ തന്നെയാണ് ഒന്നാമത്. 2002 മുതൽ 2019 വരെയുള്ള കാലയളവിൽ മുപ്പത് ദശലക്ഷത്തിലധികം ഹെക്ടർ പ്രൈമറി വനങ്ങളാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്.

കോംഗോ നദീതടത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉഷ്ണമേഖലാ മഴക്കാടുകൾ ഉള്ളത്. മുമ്പ് ഇവിടെ വനനശീകരണം കുറവായിരുന്നെങ്കിലും അടുത്ത കാലത്തായി വലിയ തോതിൽ മരങ്ങൾ വെട്ടിനശിപ്പിക്കപ്പെടുന്നുണ്ട്. ന്യൂ ഗിനിയ, വടക്കുകിഴക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഓസ്‌ട്രേലേഷ്യൻ മഴക്കാടുകളാണ് പട്ടികയിലെ മൂന്നാമത്തേത്. മരംവെട്ടും പ്ലാന്റേഷനുകൾക്കായുള്ള വനനശീകരണവുമാണ് ഇവിടുത്തെ പ്രധാന ഭീഷണി. ബോർണിയോ, സുമാത്ര, ജാവ, പെനിൻസുലാർ മലേഷ്യ എന്നിവിടങ്ങളിലായുള്ള സുന്ദാലാൻഡ് ആണ് മറ്റൊരു പ്രധാന കാട്. പന, തടി എന്നിവയ്ക്കായുള്ള കൃഷിയും തീപിടുത്തങ്ങളുമാണ് ഇവിടെ വനനശീകരണത്തിന് കാരണമാകുന്നത്.

ഇന്തോ-ബർമ, മെസോഅമേരിക്ക, വാലേസിയ, പശ്ചിമാഫ്രിക്കയിലെ ഗിനിയൻ വനങ്ങൾ, അറ്റ്ലാന്റിക് ഫോറസ്റ്റ്, ചോക്കോ-ഡാരിയെൻ എന്നിവയാണ് ലോകത്തിലെ മറ്റ് പ്രധാന മഴക്കാടുകൾ. ഇതിൽ പലയിടത്തും കാട്ടുതീ, കാർഷികാവശ്യങ്ങൾക്കായുള്ള വനനശീകരണം, നഗരവൽക്കരണം എന്നിവ വനങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാർഷികാവശ്യങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമായി കാടുകൾ നശിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിനും ജൈവവൈവിധ്യ ശോഷണത്തിനും കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Published 1 day ago