Cardamom Live
Login
കിലോയ്ക്ക് 3000 രൂപ വരെ, തേൻ സീസൺ തുടങ്ങി; ഇനി വരുമാന മധുരം കുറയില്ല!
Back to News
Info 31 Mar 2026, 06:10 PM

കിലോയ്ക്ക് 3000 രൂപ വരെ, തേൻ സീസൺ തുടങ്ങി; ഇനി വരുമാന മധുരം കുറയില്ല!

സംസ്ഥാനത്ത് തേൻ സീസൺ തുടങ്ങിക്കഴിഞ്ഞു. കോവിഡ് കാലത്തിനുശേഷം ആവശ്യകതയേറിയ കാർഷികോൽപന്നങ്ങളിലൊന്നാണ് തേൻ. 4-5 വർഷത്തിനിടയിൽ തേൻവിൽപനയിൽ 50 ശതമാനത്തോളം വർധനയുണ്ടെന്ന് പ്രമുഖ തേനീച്ചക്കർഷകർ തന്നെ പറയുന്നു. കോവിഡിനു ശേഷം ആരോഗ്യകാര്യങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധ വച്ചതാണ് തേൻവിപണിക്കു ഗുണം ചെയ്‌തത്. തേനിൻ്റെ പോഷക - ഔഷധ മേന്മകളെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വർധിച്ചതും എല്ലാ പ്രായത്തിലുള്ളവരും തേനിനോടു താൽപര്യം കാണിച്ചു തുടങ്ങിയതും വിപണിയെ വളർത്തുന്നു. നിലവിൽ വൻതേനിൻ്റെ ചില്ലറ വിപണിവില കിലോയ്ക്ക് 350 - 400 രൂപയാണ്. ചെറു തേനിൻ്റേത് 2,500 - 3000 രൂപയും. കൃഷിക്ക് അനുബന്ധമായി ലഭിക്കുന്ന ചെറിയൊരു വരുമാനം എന്ന നിലയ്ക്കു മാത്രമാണ് മുൻപ് നമ്മുടെ കർഷകർ തേനീച്ചക്കൃഷിയെ കണ്ടിരുന്നത്. എന്നാൽ, വിപണി വളരുകയും തേൻവില സ്‌ഥിരത നേടുകയും ചെയ്തതോടെ പലരും തേനീച്ചക്കൃഷിയിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങി. ഇന്ന് അവരിൽ പലരും ആണ്ടിൽ നാലും അഞ്ചും ടൺ തേൻ ഉൽപാദിപ്പിക്കുന്നു.

വിശാലമാണ് വിപണി

അതേസമയം തേനിൻ്റെ വർധിച്ച ഡിമാൻഡ് സാധാരണക്കാരായ തേനീച്ചക്കർഷകർക്ക് വലിയ നേട്ടമുണ്ടാക്കിയിട്ടില്ല എന്നതാണു വസ്‌തുത. മറ്റെല്ലാ കാർഷികോൽപന്നങ്ങളിലുമെന്നപോലെ ഇടനിലക്കാരുടെ ചൂഷണം തന്നെയാണ് കാരണം. സീസണിൽ വിളവെടുക്കുന്ന തേൻ മൊത്തമായി വിൽക്കുമ്പോൾ കിലോയ്ക്ക് 100-110 രൂപയേ മിക്കവർക്കും കിട്ടാറുള്ളൂ. കച്ചവടക്കാർ ഇതേ തേൻ വാങ്ങി വിറ്റഴിക്കുന്നതാകട്ടെ, ശരാശരി 400 രൂപയ്ക്കും. എന്നാൽ, ഇടനിലക്കാർ മാത്രമല്ല, കർഷകരുടെ ദുരവസയ്ക്കു കാരണം; സമൂഹ മാധ്യമങ്ങളും ഓൺലൈൻ വിപണന സാധ്യതകളും പ്രാദേശിക വിപണിയുമെല്ലാം കണ്ടെത്തി തേനിന്റെ ചില്ലറ വിൽപന സാധ്യതകൾ പ്രയോജനപ്പെടുത്താൻ കർഷകരും തുനിയുന്നില്ല എന്നതാണു യാഥാർഥ്യം. അതിനു ശ്രമിക്കുന്നവർ മികച്ച നേട്ടമുണ്ടാക്കുന്നുമുണ്ട്. മുഴുവൻ തേനും മെച്ചപ്പെട്ട വിലയ്ക്കു വിൽക്കാൻ കഴിഞ്ഞില്ലെങ്കിലും ഉൽപാദിപ്പിക്കുന്നതിൽ 30 ശതമാനമെങ്കിലും നേരിട്ടു ചില്ലറ വിൽപന നടത്താൻ കഴിഞ്ഞാൽത്തന്നെ വരുമാനത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനാകും. അതിനു സാഹചര്യം ഇന്നുണ്ടുതാനും.

നാട്ടിലും മറുനാട്ടിലും

വിളവെടുപ്പു സീസൺ പൂർത്തിയായാലുടൻ, കിട്ടുന്ന തുകയ്ക്കു തേൻ വിറ്റു കയ്യൊഴിയുകയാണ് പലരുടെയും ശീലം. പഴവും പച്ചക്കറിയും പോലെ സൂക്ഷിപ്പുകാലം തീരെക്കുറഞ്ഞ ഉൽപന്നങ്ങളുടെ കാര്യത്തിൽ ഇതു വേണ്ടിവരാറുണ്ട്. എന്നാൽ, വിളവെടുത്ത് ഉടനടി വിറ്റഴിച്ചില്ലെങ്കിലും ചീത്തയാകുന്നതല്ലല്ലോ തേൻ. നാളുകളോളം സൂക്ഷിച്ചുവയ്ക്കാനും മൂല്യവർധന നടത്താനുമൊക്കെ അവസരമുണ്ട്. ചുറ്റുവട്ടം മുതൽ രാജ്യമൊട്ടാകെയും വിപണിയുള്ള ഉൽപന്നമാണ് തേൻ. ഈ സാധ്യതകൾ ഉപയോഗിച്ച് ഘട്ടം ഘട്ടമായി ചില്ലറവിൽപനയിലൂടെ മുന്നേറാൻ ഏറ്റവും സാധാരണ ക്കാരായ കർഷകർക്കുപോലും ഇന്നു സാധിക്കും. അതിനു തുനിയുന്നവർ മേൽപറഞ്ഞ 100 - 110 രൂപയുടെ സ്‌ഥാനത്ത് കിലോയ്ക്കു ശരാശരി 400 രൂപ വരെ നേടുന്നുമുണ്ട്. ഇങ്ങനെ മുന്നേറുന്ന ചിലരുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും കൂടുതൽ കർഷകർക്കു ഗുണകരമാകും.
Published 20 hours ago