Cardamom Live
Login
ഭാവിയിൽ ഭൂമിയിൽ ജീവൻ അപകടത്തിലാകും; ആദ്യം ഓക്സിജൻ കുറയും, പിന്നാലെ വെള്ളവും വറ്റും: ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്
Back to News
Info 18 Oct 2026, 08:13 AM

ഭാവിയിൽ ഭൂമിയിൽ ജീവൻ അപകടത്തിലാകും; ആദ്യം ഓക്സിജൻ കുറയും, പിന്നാലെ വെള്ളവും വറ്റും: ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്

ഭൂമിയിൽ ജീവൻ നിലനിൽക്കാൻ അത്യാവശ്യമായ ഓക്സിജനും വെള്ളവും വിദൂര ഭാവിയിൽ പൂർണ്ണമായും ഇല്ലാതാകാമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. സൂര്യന്റെ താപം ക്രമേണ വർധിക്കുന്നതാണ് ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും വൻ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നത്. കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷം സംഭവിക്കാവുന്ന ഈ പ്രതിഭാസത്തിൽ, ഉപരിതല ജലം വറ്റിവരളുന്നതിന് മുൻപ് തന്നെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഓക്സിജൻ സമ്പുഷ്ടമായ ഭൂമിയുടെ ഇന്നത്തെ അന്തരീക്ഷത്തിന് ഇനിയും ശരാശരി 108 കോടി വർഷത്തോളം മാത്രമാണ് നിലനിൽപ്പുള്ളത്. തോഹോ സർവകലാശാലയിലെ ഗവേഷകരായ കസുമി ഒസാകിയും ക്രിസ്റ്റഫർ ടി. റെയ്ൻഹാർഡും സൂപ്പർ കമ്പ്യൂട്ടർ മാതൃകകൾ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ചൂട് വർധിക്കുമ്പോൾ കാർബൺ ഡൈഓക്സൈഡിന്റെ ലഭ്യത കുറയുകയും ഇത് സസ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യും. സസ്യങ്ങൾ നശിക്കുന്നതോടെ അന്തരീക്ഷത്തിലേക്ക് ഓക്സിജൻ എത്തുന്നത് നിലയ്ക്കുകയും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുകയും ചെയ്യും.

മറ്റൊരു പഠനത്തിൽ, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഭൂഖണ്ഡങ്ങൾ ഒന്നിച്ചുചേർന്ന് 'പാംഗിയ അൾട്ടിമ' എന്ന സൂപ്പർഭൂഖണ്ഡം രൂപപ്പെടുമെന്ന് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തും. അമിതമായ ചൂടും ഈർപ്പവും സസ്തനികൾക്ക് ശരീരത്തിലെ താപനില ക്രമീകരിക്കുന്നത് അസാധ്യമാക്കും. ഭാവിയിലെ ഈ പ്രതിഭാസങ്ങൾ അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം തിരയുന്ന ഗവേഷണങ്ങൾക്കും പുതിയ ദിശാബോധം നൽകുന്നുണ്ട്.
Published 20 hours ago