Cardamom Live
Login
Back to News
Info 26 Oct 2026, 07:20 AM

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കുറയും; ബംഗാൾ ഉൾക്കടലിൽ അർണബ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

പാലക്കാട് ജില്ലകൾക്ക് മുകളിലായി അന്തരീക്ഷത്തിൽ ഒന്നര കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന താരതമ്യേന ശക്തി കുറഞ്ഞ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് നിലവിൽ കേരളത്തിൽ മഴ ലഭിക്കുന്നത്. ഈ ന്യൂനമർദ്ദ കേന്ദ്രത്തിന് വടക്കോട്ടുള്ള പ്രദേശങ്ങളിൽ കിഴക്കൻ കാറ്റും, എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ പ്രദേശങ്ങളിൽ പടിഞ്ഞാറൻ കാറ്റും ശക്തമാണ്. പടിഞ്ഞാറൻ കാറ്റിന്റെ അടിയൊഴുക്ക് ശക്തമായതിനാൽ തെക്കൻ-മധ്യ ജില്ലകളിൽ പലയിടത്തും മഴ തുടരുകയാണ്. വടക്കൻ ജില്ലകളിൽ കിഴക്കൻ കാറ്റ് മൂലം ഉച്ചയ്ക്ക് മുൻപ് മഴ വിട്ടുനിൽക്കുമെങ്കിലും, ഉച്ചയ്ക്കു ശേഷവും രാത്രിയിലുമായി പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടിയോടു കൂടിയ മഴ ഉണ്ടാകും. ഇതിൽ പാലക്കാട്, മലപ്പുറം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം, കാസർഗോഡ് ജില്ലയിൽ പൊതുവേ മഴ കുറവായിരിക്കും.

തെക്കൻ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും കോട്ടയം, ആലപ്പുഴ ജില്ലകളുടെ തെക്കൻ ഭാഗങ്ങളിലും തിങ്കളാഴ്ച രാവിലെ വരെ വിവിധ സമയങ്ങളിലായി മഴ പ്രതീക്ഷിക്കാം. എന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലപ്പെട്ട് തെക്കൻ തമിഴ്നാട് വഴി ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കുന്നതോടെ തിങ്കളാഴ്ച മുതൽ കേരളത്തിൽ മഴയുടെ തീവ്രത ഗണ്യമായി കുറയും.

മറുവശത്ത്, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ 'അർണബ്' എന്ന ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഈ ചുഴലിക്കാറ്റ് ഒക്ടോബർ 28-ഓടെ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ കരതൊടാനാണ് സാധ്യത. ഇതിന്റെ ഭാഗമായി ഒഡീഷയിലും ആന്ധ്രാപ്രദേശിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും മുൻകരുതലായി ദേശീയ ദുരന്ത നിവാരണ സേനയെ (NDRF) വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രാദേശിക ന്യൂനമർദ്ദം ശമിക്കുമ്പോഴും കിഴക്കൻ തീരങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ട്.
Published 20 hours ago