Cardamom Live
Login
ഏലം കൃഷിയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ശാസ്ത്രീയ പരിപാലന രീതികൾ
Back to News
Info 27 Oct 2026, 11:39 AM

ഏലം കൃഷിയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ശാസ്ത്രീയ പരിപാലന രീതികൾ

പാരമ്പര്യമായി തുടർന്നുപോരുന്ന അശാസ്ത്രീയമായ വളപ്രയോഗങ്ങളും പരിപാലന രീതികളും മൂലം ഉൽപ്പാദനച്ചെലവ് കൂടുകയും തോട്ടങ്ങളുടെ ആയുസ്സ് കുറയുകയും ചെയ്യുന്ന പ്രതിസന്ധിയിലാണ് പല ഏലം കർഷകരും. എന്നാൽ, മണ്ണിന്റെ സ്വാഭാവിക ഗുണനിലവാരം സംരക്ഷിച്ചുകൊണ്ട് കുറഞ്ഞ ചെലവിൽ മികച്ച വിളവ് നേടാനുള്ള ശാസ്ത്രീയ കൃഷിരീതികൾ ഏലം കൃഷിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നുണ്ട്.

▪ കാലാവസ്ഥയും മണ്ണിന്റെ ജീവസ്സും
ഏലം കൃഷിയുടെ വിജയത്തിൽ 55 ശതമാനത്തോളം പങ്കുവഹിക്കുന്നത് കാലാവസ്ഥയാണ്. 41 ശതമാനം പങ്കുവഹിക്കുന്നത് മണ്ണിന്റെ ഗുണനിലവാരവും ജീവസ്സുമാണ്. അതുകൊണ്ടുതന്നെ ബാക്കി 4 ശതമാനം മാത്രമാണ് കർഷകന് ബാഹ്യമായ ഇടപെടലുകളിലൂടെ മാറ്റാൻ കഴിയുന്നത്. മണ്ണിലെ ഓർഗാനിക് കാർബൺ സംരക്ഷിക്കുകയും മിത്ര സൂക്ഷ്മജീവികളെ (ബയോസ്) നിലനിർത്തുകയും ചെയ്യുക എന്നതാണ് ഉൽപ്പാദനക്ഷമത കൂട്ടാനുള്ള പ്രധാന വഴി. രാസവളങ്ങളുടെയും അനിയന്ത്രിതമായ ഫംഗിസൈഡുകളുടെയും പ്രയോഗം മണ്ണിന്റെ ജൈവഘടനയെ പൂർണമായി നശിപ്പിക്കാൻ ഇടയാക്കും.

▪ രാസവസ്തുക്കളുടെ അശാസ്ത്രീയ ഉപയോഗം ഒഴിവാക്കാം
രാസവസ്തുക്കളുടെ പേര് മാത്രം നോക്കി അനാവശ്യമായി മരുന്നുകൾ മാറിമാറി ഉപയോഗിക്കുന്നതിന് പകരം അവയിലെ മൂലകങ്ങളും കണ്ടെത്തുകളും കൃത്യമായി മനസ്സിലാക്കി വേണം ലായനികൾ പ്രയോഗിക്കാൻ. ഏത് സമയത്ത് ഏത് തരം മരുന്നുകളാണ് നൽകേണ്ടതെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയമായ ചാർട്ടുകൾ പിന്തുടരുന്നത് രാസവസ്തുക്കളുടെ അളവും ചെലവും കുറയ്ക്കാൻ സഹായിക്കും. അനാവശ്യമായി ഫംഗിസൈഡുകൾ മണ്ണിലേക്ക് ഒഴിച്ചു കൊടുക്കുന്നത് മണ്ണിലെ നന്മചെയ്യുന്ന സൂക്ഷ്മജീവികളെ നശിപ്പിക്കും. കൂടാതെ, മണ്ണിൽ കൊടുക്കേണ്ട വളങ്ങളും ഇലകളിൽ തളിക്കേണ്ട ഫോളിയാറുകളും വേർതിരിച്ചു തന്നെ തിരിച്ചറിഞ്ഞ് പ്രയോഗിക്കേണ്ടതുണ്ട്. താൽക്കാലിക വിളവിനായി നൽകുന്ന അമിത ഹോർമോൺ പ്രയോഗങ്ങൾ ഒഴിവാക്കണം. ഇവ ചെടിയുടെ ആയുസ്സ് കുറയ്ക്കുകയും വരുംവർഷങ്ങളിൽ ചെടി ഒടിഞ്ഞു വീഴുന്നതിനും കാരണമാകുകയും ചെയ്യും.

▪ വേനലിനെ പ്രതിരോധിക്കാൻ ബയോപിറ്റ് മാതൃക
വേനൽക്കാലത്ത് ഏലം ചെടികൾ വാടിപ്പോകുന്നത് തടയാനും ഈർപ്പം നിലനിർത്താനും തോട്ടങ്ങളിൽ ബയോപിറ്റുകൾ നിർമ്മിക്കുന്നത് ഏറെ ഫലപ്രദമാണ്. തോട്ടങ്ങളിൽ നിശ്ചിത അകലത്തിൽ കുഴികളെടുത്ത് അതിൽ ചാണകപ്പൊടി, എല്ലുപൊടി, കമ്പോസ്റ്റ് എന്നിവയോടൊപ്പം ടൈക്കോഡർമ, സൂഡോമോണസ് തുടങ്ങിയ മിത്ര സൂക്ഷ്മജീവികളെ ചേർത്തുകൊടുക്കുന്ന രീതിയാണിത്. ഇതുവഴി ചെടിയുടെ വേരുകൾ ആഴത്തിലേക്ക് ഇറങ്ങുകയും വേനലിലും ചെടികൾക്ക് ആവശ്യമായ വെള്ളവും പോഷകങ്ങളും ലഭിക്കുകയും ചെയ്യും. അനാവശ്യമായി കെമിക്കൽ ഡ്രഞ്ചിങ് നടത്താത്ത തോട്ടങ്ങളിൽ ഈ മിത്ര സൂക്ഷ്മജീവികൾ എളുപ്പത്തിൽ പെരുകുകയും തോട്ടത്തിന് സ്വാഭാവിക പ്രതിരോധശേഷി നൽകുകയും ചെയ്യും.

▪ മൂലകങ്ങളുടെ സമീകൃത അനുപാതം (Balance & Ratio)
ചെടികൾക്ക് ആവശ്യമായ എൻ.പി.കെ (Nitrogen, Phosphorus, Potassium), കാൽസ്യം, സൾഫർ തുടങ്ങിയ പ്രധാന മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും അനുയോജ്യമായ സമയത്ത് കൃത്യമായ അനുപാതത്തിൽ നൽകേണ്ടതുണ്ട്. വിപണിയിലെ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് പിന്നാലെ പോകാതെ, കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഉന്നത നിലവാരമുള്ള വാട്ടർ സൊല്യൂബിൾ വളങ്ങളും സൾഫർ അല്ലെങ്കില്‍ കാൽസ്യം സപ്ലിമെന്റുകളും കർഷകർക്ക് പ്രയോജനപ്പെടുത്താം. സമീകൃതമായ ആഹാരവും അനുകൂലമായ അന്തരീക്ഷവും ഉറപ്പാക്കിയാൽ ഏലം കൃഷി എന്നും ചെലവ് കുറഞ്ഞതും ആദായകരവുമാക്കി മാറ്റാൻ സാധിക്കും.
Published 18 hours ago