Cardamom Live
Login
എൽ നിനോ പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്; കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനം നേരിടാൻ പദ്ധതി
Back to News
Info 27 Oct 2026, 09:36 PM

എൽ നിനോ പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്; കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനം നേരിടാൻ പദ്ധതി

എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ് രൂപീകരിക്കാൻ തീരുമാനമായി. വിവിധ സർക്കാർ വകുപ്പുകൾ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നബാർഡ് തുടങ്ങിയ ഏജൻസികളെ ഏകോപിപ്പിച്ചാണ് യൂണിറ്റ് പ്രവർത്തിക്കുക.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനും നിലവിലുള്ള ഫണ്ടുകൾ ഏകോപിപ്പിച്ച് വിനിയോഗിക്കാനും നിർദേശമുണ്ട്. തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഡ്രിപ്പ് ഇറിഗേഷൻ, മഴവെള്ള സംഭരണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. മണ്ണിലെ ഈർപ്പം നിലനിർത്താനും നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ ആഘാതം കുറയ്ക്കാനുമുള്ള കർമപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും.

സംസ്ഥാനത്ത് നിലവിൽ 28 ശതമാനം മഴക്കുറവുണ്ടായെന്നും താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൃഷിവകുപ്പ് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടാൻ കുട്ടനാടിന് പ്രത്യേക പരിഗണന നൽകും. കുട്ടനാട്ടിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ജലവിഭവ, റവന്യൂ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് പ്രത്യേക ദൗത്യം രൂപീകരിക്കും.

ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തിലും കാലാവസ്ഥാ വ്യതിയാനം വിലയിരുത്തി പ്രാദേശിക പദ്ധതികൾ തയ്യാറാക്കും. വിവിധ വകുപ്പുകൾ സംയുക്തമായി യോഗം ചേർന്ന് അടിയന്തര പ്രവർത്തനരൂപരേഖ ഉണ്ടാക്കാനും സംസ്ഥാനതലത്തിൽ ഇടവേളകളിൽ പുരോഗതി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്.
Published 8 hours ago