Cardamom Live
Login
യുവകർഷകർക്ക് ആശ്വാസമായി പുതിയ കൃഷിരീതി
Back to News
Info 11 Mar 2026, 08:28 PM

യുവകർഷകർക്ക് ആശ്വാസമായി പുതിയ കൃഷിരീതി

വിലകൂടിയ സങ്കരവിത്തുകളായാലും പരമ്പരാഗതമായി കൈമാറുന്ന നാടൻവിത്തുകളായാലും നഷ്ടപ്പെടാതെ മുളപ്പിക്കുക എന്നതാണ് കർഷകർക്ക് പ്രധാനപ്പെട്ടത്. സങ്കരവിത്തുകൾക്ക് ഒരു പാക്കറ്റിന് നൂറ് രൂപ മുതൽ ആയിരം രൂപയോളം വിലയുണ്ടാകുന്നതിനാൽ വിത്തുസംരക്ഷണം ഏറെ പ്രധാനമാണ്.\

യുവകർഷകർക്ക് ആശ്വാസമായി പുതിയ കൃഷിരീതി

കൃഷിയിലേക്ക് പുതിയതായി എത്തുന്ന യുവതലമുറ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മികച്ച വിത്തുകളും തൈകളും എളുപ്പത്തിൽ ലഭിക്കാത്തത്. ലഭിക്കുന്ന വിത്തുകൾ എല്ലാം ശരിയായി മുളയ്ക്കുമോ എന്ന ആശങ്കയും കർഷകരെ അലട്ടാറുണ്ട്. വിത്ത് തന്നെ പരാജയപ്പെട്ടാൽ പിന്നീട് കൃഷിയോടുള്ള താല്പര്യം കുറയുന്ന സാഹചര്യമുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ശ്രദ്ധ നേടുകയാണ് വിത്തുണ്ടകൾ അഥവാ സീഡ് ബോൾസ്. വിത്തുകൾക്ക് ഒരു സംരക്ഷണ കവചം ഒരുക്കുന്നതുപോലെയാണ് വിത്തുണ്ടകളുടെ പ്രവർത്തനം. മണ്ണും ജൈവവളവും ചേർത്ത് ഉണ്ടാക്കുന്ന ചെറിയ ഉരുളകളുടെ ഉള്ളിൽ വിത്തുകൾ പൊതിഞ്ഞിരിക്കുന്നതിനാൽ അവ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുകയും മികച്ച രീതിയിൽ മുളയ്ക്കുകയും ചെയ്യും.

വിലകൂടിയ സങ്കരവിത്തുകളായാലും പരമ്പരാഗതമായി കൈമാറുന്ന നാടൻവിത്തുകളായാലും നഷ്ടപ്പെടാതെ മുളപ്പിക്കുക എന്നതാണ് കർഷകർക്ക് പ്രധാനപ്പെട്ടത്. സങ്കരവിത്തുകൾക്ക് ചിലപ്പോൾ ഒരു പാക്കറ്റിന് നൂറ് രൂപ മുതൽ ആയിരം രൂപയോളം വിലയുണ്ടാകുന്നതിനാൽ വിത്തുസംരക്ഷണം ഏറെ പ്രധാനമാണ്.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് കൃഷിഭവൻ പരിധിയിൽ വിത്തുണ്ട നിർമാണം വിജയകരമായി നടപ്പിലാക്കുന്നു. കൃഷി ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കർമ്മശ്രീ കൃഷിക്കൂട്ടത്തിന്റെ പ്രകൃതികൃഷി പ്രചാരണ സംഘമാണ് വിത്തുണ്ട നിർമാണവും പരിശീലനവും വിതരണവും നടത്തുന്നത്.

വിത്തുണ്ടകൾ തയ്യാറാക്കുന്ന വിധം

പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് വിത്തുണ്ടകൾ പല രീതിയിൽ തയ്യാറാക്കാം. സാധാരണയായി കമ്പോസ്റ്റ് അല്ലെങ്കിൽ ഉണങ്ങിയ ചാണകം, പശയുള്ള കളിമണ്ണ്, വിത്തുകൾ, ആവശ്യത്തിന് വെള്ളം എന്നിവയാണ് പ്രധാന ഘടകങ്ങൾ. കളിമണ്ണും കമ്പോസ്റ്റും നന്നായി കലർത്തിയ ശേഷം വിത്തുകൾ ചേർത്ത് അല്പം വെള്ളം ചേർത്ത് ചെറിയ ഉരുളകളാക്കി രൂപപ്പെടുത്തും. തുടർന്ന് ഇവ 24 മണിക്കൂർ തണലിൽ ഉണക്കിയെടുക്കുന്നു.

നന്നായി ഉണങ്ങിയ വിത്തുണ്ടകൾ കൃഷിയിടങ്ങളിലും തരിശുഭൂമികളിലും വിതറാം. വിത്തിന് പുറത്ത് സംരക്ഷണ കവചം ഉള്ളതിനാൽ പക്ഷികളും ഉറുമ്പുകളും അവയെ നശിപ്പിക്കില്ല. ആവശ്യമായ നനവ് ലഭിക്കുമ്പോൾ പുറംപൊളി പൊട്ടി വിത്തുകൾ മുളയ്ക്കും.

പ്രകൃതിസൗഹൃദ രീതിയിലാണ് ചിറയിൻകീഴിൽ വിത്തുണ്ടകൾ തയ്യാറാക്കുന്നത്. വിത്തുകൾ ആദ്യം നാടൻ പശുവിന്റെ ചാണകത്തിൽ തയ്യാറാക്കിയ ബീജാമൃത ലായനിയിൽ മുക്കുന്നു. ഇതിലൂടെ വിത്തുകൾക്ക് വേഗത്തിൽ മുളയ്ക്കാനും രോഗപ്രതിരോധശേഷി നേടാനും സഹായകമാണ്.

ആദ്യമായി ഈ രീതി പരീക്ഷിച്ചത് ചീര കൃഷിയിലായിരുന്നു. നേരിട്ട് വിതച്ച ചീരവിത്തുകൾ ഉറുമ്പുകൾ കൊണ്ടുപോകുന്ന പ്രശ്നം വിത്തുണ്ടകൾ ഉപയോഗിച്ച് പരിഹരിക്കുകയായിരുന്നു. പരീക്ഷണം വിജയകരമായതോടെ നല്ല വിളവുമെത്തി.

ചീര കൃഷി വിജയിച്ചതിനെ തുടർന്ന് വിഷുകൃഷിക്കായി 10,000 കണിവെള്ളരി വിത്തുണ്ടകൾ കർഷകർക്ക് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കൃഷിഭവനും കൃഷിക്കൂട്ടവും. വിത്തുണ്ട നിർമാണത്തിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകാനും വിത്തുണ്ടകൾ തയ്യാറാക്കി നൽകാനും കർമ്മശ്രീ കൃഷിക്കൂട്ടം തയ്യാറാണെന്ന് അധികൃതർ അറിയിച്ചു.
Published 4 days ago