Cardamom Live
Login
ഏലകൃഷിയെ തകർക്കുന്ന വേരുപുഴു: ലക്ഷണങ്ങളും ശാസ്ത്രീയ നിയന്ത്രണ മാർഗ്ഗങ്ങളും
Back to News
Info 30 Oct 2026, 01:24 PM

ഏലകൃഷിയെ തകർക്കുന്ന വേരുപുഴു: ലക്ഷണങ്ങളും ശാസ്ത്രീയ നിയന്ത്രണ മാർഗ്ഗങ്ങളും

ഏലച്ചെടികളുടെ വേരുകൾ തിന്നുതീർക്കുന്ന വേരുപുഴുക്കൾ (White Grub) തോട്ടങ്ങളിൽ ഇലകൾ മഞ്ഞളിച്ചുണങ്ങാനും ചെടി കടയോടെ ഇളകിപ്പോകാനും കാരണമാകുന്നു. 'C' ആകൃതിയിൽ വളഞ്ഞുകിടക്കുന്ന വെളുത്ത പുഴുക്കളാണിവ.

കടുത്ത വേനലിൽ ചെടികൾ ഉണങ്ങുന്നതിന്റെ പ്രധാന കാരണം ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലത്ത് വേരുപുഴുക്കൾ വേരുകൾ നശിപ്പിക്കുന്നതാണ്. അതിനാൽ ലക്ഷണങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ അതായത് ജൂലൈ - സെപ്റ്റംബർ കാലയളവിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

പ്രധാന നിയന്ത്രണ മാർഗ്ഗങ്ങൾ:

മെയ് - ജൂൺ മാസങ്ങളിൽ ആദ്യ വേനൽമഴയ്ക്ക് ശേഷം രാത്രികാലങ്ങളിൽ പ്രകാശക്കെണികൾ (Light Traps) വെച്ച് വണ്ടുകളെ ആകർഷിച്ച് നശിപ്പിക്കുക.

ജൈവരീതിയായി 'ഇ.പി.എൻ കാഡവർ' (EPN Cadaver) കാപ്സ്യൂളുകൾ ഈർപ്പമുള്ള തടത്തിൽ 2–3 ഇഞ്ച് താഴ്ത്തി മൂടിവെക്കുക. ഇവയിലുള്ള മിത്രവിരകൾ പുഴുക്കളെ കണ്ടെത്തി നശിപ്പിക്കും. ഇത് ചാണകപ്പൊടിയിൽ കൾച്ചർ ചെയ്യരുത്. കൂടാതെ മെറ്റാറൈസിയം അല്ലെങ്കിൽ ബ്യൂവേറിയ എന്നീ മിത്രകുമിളുകൾ ചാണകപ്പൊടിയിലോ വേപ്പിൻപിണ്ണാക്കിലോ കൾച്ചർ ചെയ്തും ഉപയോഗിക്കാം.

രാസകീടനാശിനി പ്രയോഗത്തിന് ക്ലോർപൈറിഫോസ് (Chlorpyrifos 20% EC - 3-4 ml/L) അല്ലെങ്കിൽ ഇമിഡാക്ലോപ്രിഡ് (Imidacloprid 17.8% SL - 1 ml/L) ചേർത്ത് തടം നന്നായി കുതിർക്കുക (Drenching). കനത്ത മഴയുള്ളപ്പോൾ ഫിപ്രോനിൽ (Fipronil 0.3% GR) തരികൾ ചെടിയൊന്നിന് 15-20 ഗ്രാം വീതം മണ്ണിൽ ഇളക്കിച്ചേർക്കാം.

മരുന്നോ ഇ.പി.എൻ കാപ്സ്യൂളോ പ്രയോഗിക്കുമ്പോൾ മണ്ണിൽ നല്ല ഈർപ്പമുണ്ടായിരിക്കണം. സ്പ്രേ ചെയ്യുന്നതിന് പകരം തടം കുതിർത്തു കൊടുക്കുക. ഒരേ മരുന്ന് തുടർച്ചയായി ഉപയോഗിക്കരുത്. ജൈവവസ്തുക്കൾ ഉപയോഗിക്കുമ്പോൾ രാസകീടനാശിനികൾ തടത്തിൽ ഒഴിക്കരുത്.
Published 6 days ago