Cardamom Live
Login
മണ്ണിന്റെ ഫലപുഷ്ടിയും വിളവും വർദ്ധിപ്പിക്കാൻ മൂന്ന് വളങ്ങളുടെ ശരിയായ സംയോജനം:
Back to News
Info 02 Nov 2026, 04:25 PM

മണ്ണിന്റെ ഫലപുഷ്ടിയും വിളവും വർദ്ധിപ്പിക്കാൻ മൂന്ന് വളങ്ങളുടെ ശരിയായ സംയോജനം:

കൃഷിയിടങ്ങളിൽ മികച്ച വിളവ് ലഭിക്കുന്നതിനും മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിനും രാസവളങ്ങൾ, ജൈവവളങ്ങൾ, ജൈവാണു വളങ്ങൾ (ബയോ ഫെർട്ടിലൈസറുകൾ) എന്നിവയുടെ ശരിയായ ഉപയോഗം അത്യന്താപേക്ഷിതമാണ് . ഒരു ഗ്രാം ഫലഭൂയിഷ്ഠമായ മണ്ണിൽ കുറഞ്ഞത് പത്ത് കോടിയോളം (100 മില്യൺ) ഉപകാരികളായ സൂക്ഷ്മാണുക്കൾ ഉണ്ടായിരിക്കണമെന്നതാണ് മണ്ണിന്റെ ആരോഗ്യത്തിന്റെ പ്രാഥമിക അളവുകോൽ.

രാസവളം (Chemical Fertilizer), ജൈവവളം (Organic Fertilizer), ജൈവാണു വളം (Bio-fertilizer) എന്നിവയ്ക്ക് മൂന്നിനും കൃഷിയിൽ വ്യത്യസ്തമായ ധർമ്മങ്ങളാണുള്ളത്. രാസവളം എന്നത് ചെടികൾക്ക് നേരിട്ട് ലഭിക്കുന്ന ഭക്ഷണമാണ്. എന്നാൽ മണ്ണിലെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ജൈവാണു വളങ്ങളാണ്. മണ്ണിലുള്ള ജൈവ ഘടകങ്ങളെയും രാസവളങ്ങളെയും ലളിതമായ രൂപത്തിലാക്കി ചെടികൾക്ക് ഉറിഞ്ചിയെടുക്കാൻ പാകത്തിലാക്കുന്നത് ഇത്തരം സൂക്ഷ്മാണുക്കളാണ്. രാസവളങ്ങളും ജൈവാണു വളങ്ങളും ഒന്നിച്ച് കലർത്തി പ്രയോഗിക്കുന്നത് അവയുടെ ഗുണം പൂർണ്ണമായും നഷ്ടപ്പെടുത്തും. പകരം, ആദ്യമേ തന്നെ ജൈവാണു വളങ്ങൾ മണ്ണിൽ നൽകി മിത്രജീവികളുടെ എണ്ണം വർദ്ധിപ്പിച്ച ശേഷം രാസവളങ്ങൾ കുറഞ്ഞ അളവിൽ നൽകിയാൽ മികച്ച ആഗിരണം (Highest Absorption) സാധ്യമാകും. ഇത് രാസവളങ്ങളുടെ ഉപയോഗം പകുതിയായി കുറയ്ക്കാൻ കർഷകരെ സഹായിക്കും.

അതുപോലെ തന്നെ, കനത്ത മഴയിലോ വേനലിലോ മണ്ണിലെ പോഷകങ്ങൾ നഷ്ടപ്പെടുമ്പോൾ പോഷക സന്തുലിതാവസ്ഥ (Nutrient Balancing) നിലനിർത്താൻ ജൈവവളങ്ങളും ജൈവാണു വളങ്ങളും സഹായിക്കുന്നു. രാസവളങ്ങൾ ലഭ്യമല്ലാത്ത ഘട്ടങ്ങളിൽ മണ്ണിലെ ജൈവവളങ്ങളെ വിഘടിപ്പിച്ച് ചെടികളുടെ ആരോഗ്യം തളരാതെ സൂക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. ചെടികളുടെ വളർച്ചയും കരുത്തും കൂട്ടാൻ രാസവളങ്ങളും ജൈവാണു വളങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ, എല്ലാ പ്രതികൂല കാലാവസ്ഥയിലും വിളവ് കുറയാതെ പരിപാലിക്കാൻ ഈ മൂന്ന് തരം വളങ്ങളുടെയും അനുയോജ്യമായ കൂടിച്ചേരൽ അനിവാര്യമാണ്.
Published 3 days ago