Cardamom Live
Login
കതിർ പ്ലാറ്റ്‌ഫോം: കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഡിജിറ്റൽ കരുത്ത്
Back to News
Info 08 Nov 2026, 01:10 PM

കതിർ പ്ലാറ്റ്‌ഫോം: കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഡിജിറ്റൽ കരുത്ത്

കേരളത്തിലെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് കൃഷിവകുപ്പ് തയ്യാറാക്കിയ പുതിയ ഡിജിറ്റൽ സംരംഭമാണ് 'കതിർ' (Kerala Agriculture Technology Hub and Information Repository). കർഷകരെയും കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളെയും ഒറ്റ പ്ലാറ്റ്‌ഫോമിൽ കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അഗ്രി സ്റ്റാക്ക് മാതൃകയിൽ കേരളത്തിന്റെ സ്വന്തം അഗ്രി സ്റ്റാക്കായി പ്രവർത്തിക്കുന്ന കതിർ, കർഷകർക്ക് കൂടുതൽ എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുന്നു.

● സമഗ്ര വിവരശേഖരണവും ഏകീകൃത ഫാർമർ ഐഡിയും
കൃഷി, റവന്യൂ, ഇറിഗേഷൻ, മണ്ണ് സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി ചിതറിക്കിടക്കുന്ന വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയാണ് കതിർ ചെയ്യുന്നത്. ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ച് നൽകുന്ന ഡിജിറ്റൽ ഫാർമർ ഐഡിയും ക്യുആർ കോഡ് അടങ്ങിയ ഫാർമർ ഐഡി കാർഡും കർഷകർക്ക് നൽകുന്നു. ഈ കാർഡ് കൃഷി ഓഫീസുകളിലെ സേവനങ്ങൾക്കും ബാങ്ക് വായ്പകൾക്കും തങ്ങൾ കർഷകരാണെന്ന് തെളിയിക്കുന്ന ഒദ്യോഗിക രേഖയായി ഉപയോഗിക്കാം.

● നിർമ്മിത ബുദ്ധിയും ഉപഗ്രഹ സാങ്കേതികവിദ്യയും
കൃഷിയിടങ്ങളുടെ അതിരുകൾ നിർണ്ണയിക്കാനും തെങ്ങുകളുടെ എണ്ണം ക്ലിപ്തപ്പെടുത്താനും ഉപഗ്രഹ ചിത്രങ്ങളും നിർമ്മിത ബുദ്ധിയും (AI) പ്ലാറ്റ്‌ഫോമിൽ പ്രയോജനപ്പെടുത്തുന്നു. പാടശേഖരങ്ങളുടെയും കൃഷിയിടങ്ങളുടെയും സ്ഥാനം തിരിച്ചറിഞ്ഞ്, തത്സമയ കൃത്യതയോടെ പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വിളകളുടെ വിസ്തൃതിയും കണക്കുകളും കൃത്യമായി ലഭ്യമാകുന്നതോടെ സർക്കാരിന് കൂടുതൽ കാര്യക്ഷമമായ പദ്ധതികളും നയങ്ങളും ആസൂത്രണം ചെയ്യാൻ സാധിക്കും.

● തത്സമയ കൃഷി ഉപദേശങ്ങളും കാലാവസ്ഥാ മുന്നറിയിപ്പുകളും
കാലാവസ്ഥ വ്യതിയാനവും കീടബാധയും മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരമായി ഓട്ടോമാറ്റിക് അഗ്രോ-അഡ്വൈസറി സംവിധാനം കതിറിലുണ്ട്. ഇന്ത്യ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പുകൾ കർഷകന്റെ കൃഷിയിടത്തിനും വിളയ്ക്കും അനുയോജ്യമായ രീതിയിൽ വിശകലനം ചെയ്ത് ആപ്പിലൂടെ സന്ദേശങ്ങളായി നൽകുന്നു. വിളവെടുപ്പ് സമയം, കീടബാധ സാധ്യതകൾ എന്നിവ മുൻകൂട്ടി അറിയിച്ച് കർഷകരെ നഷ്ടങ്ങളിൽ നിന്ന് രക്ഷിക്കാൻ ഇതിലൂടെ സാധിക്കുന്നു.

● ഡിജിറ്റൽ പ്ലാന്റ് ഡോക്ടറും സോയിൽ ഹെൽത്ത് കാർഡും
ചെടികൾക്കുണ്ടാകുന്ന രോഗ കീടബാധകൾ ഉടനടി തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താൻ ചാറ്റ് രീതിയിലുള്ള 'പ്ലാന്റ് ഡോക്ടർ' സംവിധാനം സഹായിക്കുന്നു. രോഗബാധിത ഭാഗങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ ആപ്പിൽ പോസ്റ്റ് ചെയ്താൽ കൃഷി ഓഫീസർമാരും അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം പരിഹാരനിർദ്ദേശങ്ങൾ നൽകും. കൂടാതെ, മണ്ണ് പരിശോധന ലളിതമാക്കി ഓരോ ഭൂമിക്കും അനുയോജ്യമായ വിളകളും വളപ്രയോഗ രീതികളും നിർദ്ദേശിക്കുന്ന ഡിജിറ്റൽ സോയിൽ ഹെൽത്ത് കാർഡും ഈ ആപ്പിലൂടെ ലഭ്യമാണ്.

കൃഷിവകുപ്പിന്റെ പരമ്പരാഗത രീതികളിൽ നിന്ന് മാറി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കർഷകരെ കൂടുതൽ ശക്തരാക്കുന്ന സമഗ്ര പദ്ധതിയാണ് കതിർ.
Published 4 days ago