Cardamom Live
Login
'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ; കുട്ടികളെ മണ്ണിലേക്ക് ക്ഷണിച്ച് താരം
Back to News
Info 09 Nov 2026, 08:17 AM

'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ; കുട്ടികളെ മണ്ണിലേക്ക് ക്ഷണിച്ച് താരം

സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിദ്യാർഥികൾക്കായുള്ള 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാലിനെ പ്രഖ്യാപിച്ചു. കുട്ടികളിൽ കാർഷിക സംസ്കാരവും പരിസ്ഥിതി ബോധവും വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 സ്കൂളുകളിലാണ് കതിർ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്നത്. അടുത്ത അധ്യയനവർഷത്തോടെ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ കൃഷിവകുപ്പ് ലക്ഷ്യമിടുന്നു.

കുട്ടികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഒരു പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കി. കൃഷിയിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് വെയിറ്റേജ്/ഗ്രേസ് മാർക്ക് നൽകാനുള്ള സർക്കാരിന്റെ തീരുമാനം വലിയ പ്രോത്സാഹനമാണ്. ഡിജിറ്റൽ ലോകത്തെ സ്‌ക്രീനുകളിൽ മാത്രം ഒതുങ്ങാതെ കുട്ടികൾ മണ്ണിലേക്കിറങ്ങി കൃഷി ചെയ്യണമെന്നും "കൃഷിയാകണം കുട്ടികളുടെ ലഹരി" എന്നും താരം ആഹ്വാനം ചെയ്തു. ഓരോ കുട്ടിയും ഇന്ന് തന്നെ ഒരു വിത്തെങ്കിലും നട്ടുകൊണ്ട് മാറ്റത്തിന് തുടക്കമിടണമെന്ന് അദ്ദേഹം ആശംസിച്ചു. മാതാപിതാക്കളുടെ സ്മരണാർഥമുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് നൽകുമെന്നും മോഹൻലാൽ വാഗ്ദാനം ചെയ്തു

സ്കൂളുകൾക്ക് പുറമെ വിദ്യാർഥികളുടെ വീടുകളിലും കൃഷി പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സ്കൂളിനും ഇതിനായി 10,000 രൂപ വീതം അനുവദിക്കുമെന്നും പദ്ധതിയുടെ ഭാഗമായി 'കതിർ സഞ്ചാരം', 'കതിർ മാർക്കറ്റ്' എന്നിവയും നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.



Published 3 days ago