Cardamom Live
Login
കാട്ടാനയും കുരങ്ങും തിരിഞ്ഞുനോക്കില്ല; കൃഷി മാറ്റിപ്പിടിച്ച് കോടികളുടെ വരുമാനം നേടി സന്തോഷ് സാഹു
Back to News
Info 11 Nov 2026, 11:23 AM

കാട്ടാനയും കുരങ്ങും തിരിഞ്ഞുനോക്കില്ല; കൃഷി മാറ്റിപ്പിടിച്ച് കോടികളുടെ വരുമാനം നേടി സന്തോഷ് സാഹു

വന്യജീവികളുടെ നിരന്തരമായ ആക്രമണവും കൃഷിനാശവും മൂലം കടുത്ത പ്രതിസന്ധിയിലായ ഒഡീഷയിലെ കർഷകൻ സന്തോഷ് സാഹു നാരങ്ങ കൃഷിയിലൂടെ നേടുന്നത് കോടികളുടെ വരുമാനം. അംഗുൾ ജില്ലയിലെ ഓഗി ഗ്രാമത്തിലെ പരമ്പരാഗത കർഷക കുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. പിതാവ് കാർത്തിക ബാഹുവിന്റെ കാലത്ത് നെല്ലും നിലക്കടലയുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. എന്നാൽ കാട്ടാനകളും കുരങ്ങുകളും പന്നികളും നിരന്തരമായി വിളവുകൾ നശിപ്പിച്ചതോടെ കടുത്ത കടക്കെണിയിലായ കുടുംബം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി.

മൃഗങ്ങൾ എത്താതിരിക്കാൻ എന്തുചെയ്യണമെന്ന് ചിന്തിച്ച സന്തോഷ്, നാരകത്തിന്റെ ശക്തമായ ഗന്ധവും തണ്ടുകളിലെ മുള്ളുകളും വന്യജീവികളെ സ്വാഭാവികമായി അകറ്റിനിർത്തുമെന്ന തിരിച്ചറിവിലാണ് ഈ കൃഷിയിലേക്ക് തിരിയുന്നത്. ഹോർട്ടികൾച്ചർ വകുപ്പിൽ നിന്ന് രണ്ട് രൂപയ്ക്ക് 50 നാരകത്തൈകൾ വാങ്ങിയാണ് അദ്ദേഹം തുടക്കമിട്ടത്. പിതാവിന്റെ മരണശേഷം കൃഷി വ്യാപിപ്പിച്ച അദ്ദേഹം ഒരേക്കറിൽ 120 നാരകങ്ങൾ വരെ വെച്ചുപിടിപ്പിച്ചു.

സന്തോഷിന്റെ വിജയം കണ്ട് ഓഗി ഗ്രാമത്തിലെ അഞ്ഞൂറിലധികം കുടുംബങ്ങളാണ് പരമ്പരാഗത കൃഷി ഉപേക്ഷിച്ച് നാരങ്ങ കൃഷിയിലേക്ക് മാറിയത്. ഇന്ന് 150 ഏക്കറിലധികം സ്ഥലത്ത് കൃഷി നടത്തുന്ന ഈ ഗ്രാമം 'നാരക ഗ്രാമം' എന്ന പേരിൽ അറിയപ്പെടുന്നു. പ്രദേശത്തെ ഇരുന്നൂറിലധികം കർഷകരിൽ നിന്ന് നാരങ്ങ ശേഖരിച്ച് മൊത്തവ്യാപാരം നടത്തുന്ന സന്തോഷിന്റെ നേതൃത്വത്തിൽ ഇവിടെ നിന്നുള്ള നാരങ്ങകൾ രാജ്യത്തിനകത്തും യുകെ, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. വന്യജീവി ശല്യം കാരണം കൃഷി ഉപേക്ഷിക്കാൻ മടിക്കുന്ന കേരളത്തിലെ കർഷകർക്കും മാതൃകയാക്കാവുന്ന മികച്ചൊരു വഴിയാണ് സന്തോഷ് കാണിച്ചുതരുന്നത്.
Published 1 day ago