Cardamom Live
Login
ഏലത്തിലെ ചൊറി (Thrips) നിയന്ത്രണത്തിന് ഫലപ്രദമായ മാർഗ്ഗങ്ങൾ
Back to News
Info 21 Nov 2026, 02:48 PM

ഏലത്തിലെ ചൊറി (Thrips) നിയന്ത്രണത്തിന് ഫലപ്രദമായ മാർഗ്ഗങ്ങൾ

മഴയ്ക്ക് ശേഷം വെയിൽ തെളിയുന്ന സാഹചര്യങ്ങളിൽ ഏലത്തോട്ടങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് കായ്കളിലെ ചൊറി അഥവാ ത്രിപ്‌സ് (Thrips) ആക്രമണം. ചൂട് കൂടുന്നതിനനുസരിച്ച് ത്രിപ്‌സുകളുടെ ജീവിതചക്രം വളരെ വേഗത്തിലാവുകയും അവ അതിവേഗം പെരുകുകയും ചെയ്യുന്നു. പുതിയ ശരങ്ങളിലും കായ്കളിലും ഇവയുടെ ആക്രമണം വേഗത്തിൽ പടരുന്നു. ചെടിയുടെ പോളകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഈ ചെറുപ്രാണികൾ ഇളം കായ്കളുടെ തൊലിയിൽ നിന്നും നീരൂറ്റി കുടിക്കുന്നതിലൂടെയാണ് കായ്കളിൽ വരട്ടുചൊറി രൂപപ്പെടുന്നത്.

സാധാരണയായി ഉപയോഗിച്ചുവരുന്ന തയാമെത്തോക്സാം , ഇമിഡാക്ലോപ്രിഡ് തുടങ്ങിയ കീടനാശിനികളുടെ അമിതവും ആവർത്തിച്ചുള്ളതുമായ ഉപയോഗം കാരണം ത്രിപ്‌സുകൾ ഇവയ്‌ക്കെതിരെ പ്രതിരോധശേഷി ആർജ്ജിച്ചിട്ടുണ്ട്. കൂടാതെ, ഇവയുടെ വീര്യം അഞ്ചോ ഏഴോ കഴിയുമ്പോൾ കുറയുന്നതിനാൽ കീടങ്ങൾ വീണ്ടും ആക്രമണം തുടങ്ങുന്നു. ഇത്തരം കീടനാശിനികൾ തളിക്കുമ്പോൾ പ്രാണികൾ തോട്ടത്തിലെ ഉണങ്ങിയ ഇലകളിലേക്കും പോളകളിലേക്കും മാറി ഒളിച്ചിരിക്കുകയും, മരുന്നിന്റെ വീര്യം കുറയുമ്പോൾ തിരികെ വന്ന് നീരൂറ്റി കുടിക്കുകയും ചെയ്യും.

ഈ പ്രശ്നത്തിന് പരിഹാരമായി തോട്ടങ്ങൾ കൃത്യസമയത്ത് വൃത്തിയാക്കി ഉണങ്ങിയ ഇലകളും പോളകളും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. സിസ്റ്റമിക് (Systemic) സ്വഭാവമുള്ള കീടനാശിനികൾ പച്ചയായ ഭാഗങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നതിനാൽ തോട്ടം വൃത്തിയായി സൂക്ഷിക്കുന്നത് പ്രാണികൾ ഒളിച്ചിരിക്കുന്നത് തടയാൻ സഹായിക്കും.

ത്രിപ്‌സുകളെ ദീർഘകാലത്തേക്ക് നിയന്ത്രിക്കുന്നതിനായി പുതിയ തലമുറയിൽപ്പെട്ട കീടനാശിനികൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇതിനായി ഫ്ലോണിക്കാമൈഡ് 50% (Flonicamid 50%) അടങ്ങിയ 'പനാമ' (Panama) എന്ന കീടനാശിനി ഉപയോഗിക്കാവുന്നതാണ്. 200 ലിറ്റർ വെള്ളത്തിൽ 30 ഗ്രാം എന്ന അളവിൽ കലക്കി ചെടികളിൽ നന്നായി തളിച്ചുകൊടുക്കണം. തണ്ടുതുരപ്പനുള്ള മരുന്നുകളുടെയോ കുമിൾനാശിനികളുടെയോ (Fungicides) കൂടെയും ഇത് ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

മറ്റു മരുന്നുകൾ പ്രായപൂർത്തിയായ പ്രാണികളെ മാത്രമാണ് നശിപ്പിക്കുന്നതെങ്കിൽ, ഫ്ലോണിക്കാമൈഡ് ത്രിപ്‌സുകളുടെ മുട്ട, നിംഫ് (Nymph) ഉൾപ്പെടെയുള്ള നാല് വളർച്ചാ ഘട്ടങ്ങളെയും ഒരുപോലെ നശിപ്പിക്കുന്നു. അതിനാൽ മുട്ട വിരിഞ്ഞ് വീണ്ടും പ്രാണികൾ പെരുകുന്ന സാഹചര്യം ഒഴിവാകുകയും ഏകദേശം 30 മുതൽ 40 വരെ കീടബാധയിൽ നിന്നും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. ഏലത്തിലെ പരാഗണത്തിന് അത്യന്താപേക്ഷിതമായ തേനീച്ചകൾക്ക് യാതൊരുവിധ ദോഷവും വരുത്തുന്നില്ല എന്നതും ഈ കീടനാശിനിയുടെ പ്രധാന സവിശേഷതയാണ്.
Published 2 days ago