Cardamom Live
Login
13 വർഷത്തെ കാത്തിരിപ്പിന് വിരാമം; ലോകം കീഴടക്കി ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ സിക്സ് (GTA 6)
Back to News
Info 22 Nov 2026, 10:56 AM

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; ലോകം കീഴടക്കി ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ സിക്സ് (GTA 6)

ഗെയിമിംഗ് പ്രേമികളുടെ നീണ്ട പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റോക്സ്റ്റാർ ഗെയിംസിന്റെ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ സിക്സ്' (GTA 6) വിപണിയിലെത്തി. ദശലക്ഷക്കണക്കിന് ആരാധകർക്ക് വെറുമൊരു വീഡിയോ ഗെയിം ലോഞ്ച് എന്നതിലുപരി വലിയൊരു ആഘോഷമായി മാറിയിരിക്കുകയാണ് ജിടിഎ സിക്സിന്റെ വരവ്. ന്യൂസിലാൻഡിൽ ആദ്യം ലഭ്യമായ ഗെയിം പിന്നാലെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഗെയിമിംഗ് വിപണികളിലും തരംഗമായി മാറിക്കഴിഞ്ഞു.

ഈ ഗെയിം കളിക്കുന്നതിനായി അമേരിക്കയിലും യുകെയിലുമടക്കം ലക്ഷക്കണക്കിന് യുവാക്കൾ കൂട്ടത്തോടെ ജോലിയിൽ നിന്ന് അവധിയെടുത്തതോടെ പല കമ്പനികളിലും ലീവ് അപേക്ഷകൾ കുമിഞ്ഞുകൂടി. അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയിൽ പോലും ചെറുതല്ലാത്ത ആഘാതം സൃഷ്ടിക്കാൻ ഈ കൂട്ട അവധി കാരണമാകുമെന്നാണ് വിലയിരുത്തൽ. സാഹചര്യം മനസ്സിലാക്കി ലോജിടെക്, പോക്കറ്റ് പെയർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് പ്രത്യേക ജിടിഎ അവധി തന്നെ പ്രഖ്യാപിച്ചു.

1997-ൽ 'റേസ് ആൻഡ് ചേസ്' എന്ന പേരിൽ ആരംഭിച്ച ഈ ഗെയിം പരമ്പര, ലിബർട്ടി സിറ്റി, വൈസ് സിറ്റി, സാൻ ആൻഡ്രിയാസ് തുടങ്ങിയ സാങ്കൽപ്പിക നഗരങ്ങളിലൂടെയാണ് തൊണ്ണൂറുകളിലെ തലമുറയുടെ മനം കവർന്നത്. പിന്നീട് 2013-ൽ പുറത്തിറങ്ങിയ ജിടിഎ ഫൈവ് ആഗോളതലത്തിൽ വൻ വിജയമായതോടെയാണ് ആറാം പതിപ്പിനായുള്ള കാത്തിരിപ്പ് തുടങ്ങിയത്.

പതിനായിരം മുതൽ ഇരുപതിനായിരം കോടി രൂപ വരെ ചെലവഴിച്ചാണ് റോക്സ്റ്റാർ ഗെയിംസ് ജിടിഎ സിക്സ് നിർമ്മിച്ചിരിക്കുന്നത്. ഒരു കോപ്പിക്ക് 80 മുതൽ 100 ഡോളർ വരെ വിലയുള്ള ഗെയിമിന് പ്രീ-ഓർഡറിലൂടെ മാത്രം ഇതിനോടകം നൂറ് കോടി ഡോളർ വരുമാനം ലഭിച്ചുകഴിഞ്ഞു. വരും മാസങ്ങളിൽ മുടക്കുമുതലിന്റെ നാലുമടങ്ങെങ്കിലും കമ്പനി തിരിച്ചുപിടിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ സോണിയുടെ പ്ലേസ്റ്റേഷൻ ഫൈവ്, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് എന്നിവയിൽ മാത്രമാണ് ഗെയിം ലഭ്യമാകുന്നത്. ഇത് പ്ലേസ്റ്റേഷൻ ഫൈവിന്റെ വിൽപ്പനയിലും വലിയ കുതിച്ചുചാട്ടമുണ്ടാക്കിയിട്ടുണ്ട്.

തൊണ്ണൂറുകളിൽ ഈ ഗെയിം ആഗ്രഹിച്ച ബാല്യങ്ങൾ ഇന്ന് സ്വന്തമായി വരുമാനമുള്ളവരായതിനാൽ പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരിലാണ് കമ്പനി വലിയ വിപണി ലക്ഷ്യമിടുന്നത്. വിനോദത്തിനപ്പുറം മികച്ചൊരു തൊഴിൽ മാർഗ്ഗം കൂടിയായി ജിടിഎ സിക്സ് മാറുകയാണ്. ബെറ്റിംഗ് ആപ്പായ കാൽഷിക് പോലുള്ള സ്ഥാപനങ്ങൾ ഗെയിം കളിച്ച് ഗവേഷണം നടത്തുന്നതിനായി മാസം ഒൻപത് ലക്ഷത്തോളം രൂപ ശമ്പളത്തിൽ ആളുകളെ തേടുന്നുണ്ട്. ഇതിനുപുറമെ ഓൺലൈൻ ഗെയിമർമാർക്കും വലിയ വരുമാന സാധ്യതകളാണ് ജിടിഎ സിക്സ് തുറന്നുനൽകുന്നത്.
Published 20 hours ago