Cardamom Live
Login
റബ്ബർ വിലയിൽ വീണ്ടും ഇടിവ്; 18 ദിവസംകൊണ്ട് കുറഞ്ഞത് 50 രൂപ, കർഷകർ പ്രതിസന്ധിയിൽ
Back to News
Info 24 Nov 2026, 11:12 AM

റബ്ബർ വിലയിൽ വീണ്ടും ഇടിവ്; 18 ദിവസംകൊണ്ട് കുറഞ്ഞത് 50 രൂപ, കർഷകർ പ്രതിസന്ധിയിൽ

ഉയർന്ന വിലയുടെ പ്രതീക്ഷയിൽ റബ്ബർ തോട്ടങ്ങളിലേക്ക് വീണ്ടും സജീവമായെത്തിയ കർഷകർക്ക് കനത്ത തിരിച്ചടിയായി റബ്ബർ വിലയിൽ വീണ്ടും ഇടിവ്. കിലോയ്ക്ക് 300 രൂപയെന്ന റെക്കോഡ് നിരക്കിൽ നിന്നും വെറും 18 ദിവസംകൊണ്ട് 50 രൂപയാണ് കുറഞ്ഞത്. നവംബർ രണ്ടിന് 300 രൂപയിലെത്തിയ വില ഇപ്പോൾ ലോട്ട് റബ്ബറിന് 250 രൂപയായും ഗ്രേഡ് റബ്ബറിന് 260 രൂപയായും താഴ്ന്നിരിക്കുകയാണ്.

നേരത്തേ മഴയും ഉത്‌പാദനക്കുറവും കാരണം വിപണിയിൽ ഷീറ്റ് റബ്ബറിന് ക്ഷാമം നേരിട്ടിരുന്നതും ടയർ കമ്പനികളുടെ ആവശ്യകത വർധിച്ചതുമാണ് വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരാൻ കാരണമായത്. എന്നാൽ, വില ഉയർന്നതോടെ കൂടുതൽ കർഷകർ ടാപ്പിങ് പുനരാരംഭിക്കുകയും വിപണിയിലേക്ക് റബ്ബറിന്റെ വരവ് കൂടുകയും ചെയ്തതോടെ വില താഴാൻ തുടങ്ങി. ഇതിനുപുറമെ, വില ഇനിയും കുറഞ്ഞേക്കുമെന്ന കണക്കുകൂട്ടലിൽ പ്രമുഖ ടയർ കമ്പനികൾ ആഭ്യന്തരവിപണിയിൽനിന്ന് ആവശ്യത്തിന് റബ്ബർ വാങ്ങാൻ തയ്യാറാകാത്തതും വിലയിടിവിന് ആക്കം കൂട്ടി.

300 രൂപ വില ലഭിച്ചതോടെ പല ചെറുകിട കർഷകരും വായ്പയെടുത്തടക്കം തോട്ടം പരിപാലനത്തിനും തൊഴിലാളികളെ ഏർപ്പെടുത്തുന്നതിനുമായി കൂടുതൽ പണം ചെലവഴിച്ചിരുന്നു. ടാപ്പിങ് കൂലി, വളം, മരുന്ന് തുടങ്ങിയ ചെലവുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നതിന് മുൻപേ വില താഴ്ന്നത് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വില ഇനിയും ഇടിയുകയാണെങ്കിൽ വീണ്ടും ടാപ്പിങ് നിർത്തിവെക്കേണ്ടിവരുമെന്ന കടുത്ത ആശങ്കയിലാണ് കർഷകർ.
Published 19 hours ago